
ടോക്കിയോ: ജപ്പാനിലെ ക്യൂഷൂ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ മരണം 18 ആയി. 62 പേർക്ക് പരിക്കേറ്റു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 4.27ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.57) കുമാമോട്ടോ പ്രവിശ്യയിലാണ് റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭാഗികമായി തകർന്ന കഷിമ പട്ടണത്തിലെ ഇയോൺ ഷോപ്പിംഗ് മാളിലും യാറ്റ്‌സുഷിറോയിലെ പേപ്പർ ഫാക്ടറിയിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, കൊടും ചൂട് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ്. നാലായിരത്തിലധികം വോളന്റിയർമാർ രക്ഷാപ്രവർത്തനത്തിനുണ്ട്. ഭൂകമ്പം സാരമായി ബാധിച്ച ക്യൂഷുവിലേക്കുള്ള ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു. നാലടിയോളം ഉയരത്തിലെ സുനാമിത്തിരകളുണ്ടാകാമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. 1,50,000 ത്തിലേറെ പേരെ ഒഴിപ്പിച്ചു. ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാണ്. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജപ്പാനിൽ ഭൂചലനമുണ്ടാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |