SignIn
Kerala Kaumudi Online
Monday, 18 May 2026 3.03 AM IST

ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയുടെ മരണം കൊലപാതകം; ബന്ധു അറസ്റ്റിൽ

accused-ramakrishnan

ശാന്തമ്പാറ (ഇടുക്കി): ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ശാന്തിയുടെ (36) ഭർത്താവ് ജഗൻമോഹന്റെ സഹോദരീ ഭർത്താവ് രാമകൃഷ്ണനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ നാലിനാണ് ശാന്തിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഈ സമയം പ്രതി രാമകൃഷ്ണൻ വീട്ടിലുണ്ടായിരുന്നു. ആണി വാങ്ങാനായാണ് രാമകൃഷ്ണൻ ഇവിടെയെത്തിയത്. ഇയാൾ വീട്ടിലെത്തിയ വിവരം ശാന്തി ഭർത്താവിനെ ഫോണിൽ വിളിച്ചറിക്കുകയും ചെയ്തു. ആണി താൻ വരുമ്പോൾ എടുത്ത് നൽകാമെന്ന് ജഗൻമോഹൻ അറിയിക്കുകയായിരുന്നു. എന്നാൽ തുടർന്ന് ഇയാൾ വീട്ടിൽ വന്നപ്പോൾ മുറിയിൽ അബോധാവസ്ഥയിൽ ശാന്തി കിടക്കുന്നതാണ് കണ്ടത്. ശാന്തി തനിക്ക് ചായ നൽകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണതാണെന്നാണ് രാമകൃഷ്ണൻ ജഗൻമോഹനോട് പറഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് ശാന്തിയെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശാന്തിക്ക് ജീവിതശൈലി രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വാഭാവിക മരണമാണെന്ന് ബന്ധുക്കൾ കരുതിയെങ്കിലും ഇൻക്വസ്റ്റ് നടപടികൾക്കിടെ പൊലീസിന് ചില സംശയങ്ങൾ തോന്നി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം ശ്വാസംമുട്ടിച്ചതാണെന്ന് വ്യക്തമായത്. കഴുത്തിലെ അസ്വാഭാവിക പാടുകൾ കൊലപാതകത്തിലേക്ക് വിരൽചൂണ്ടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവ ദിവസം വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാമകൃഷ്ണന്റെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടു. സി.ഐ എസ്. ശരത് ലാലിന്റെ നേതൃത്വത്തിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോർത്ത് പൊലീസ് കണ്ടെടുത്തു. കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY