
ആലപ്പുഴ: 2018ലെ പ്രളയത്തിൽ കെട്ടിടത്തിന്റെ വലിയൊരുഭാഗം തകർന്നിട്ടും സർക്കാർ നഷ്‌ടപരിഹാരം ലഭിക്കാതിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തിരുമല കൊമ്പൻകുഴി പാടശേഖരത്തിന്റെ തെക്കേ ബണ്ടിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ കുഞ്ഞുമോൾക്കാണ് (68) പരിക്കേറ്റത്. തലയിൽ ഓട് തുളച്ചുകയറി. ഭിത്തിയുടെ ഒരു ഭാഗം അടർന്നു വലത് കാലിൽ വീണു അസ്‌ഥിക്ക് പൊട്ടലുണ്ടായി. തലയിൽ ആറ് സ്റ്റിച്ചുണ്ട്. കുഞ്ഞുമോളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. കുഞ്ഞുമോൾ വീടിനകത്തായിരുന്നു. ഭർത്താവ് ജോസ് ആന്റണി (70) മുറ്റത്തുണ്ടായിരുന്നു. കർഷകനായ ജോസ് ആന്റണിയുടെ കുടുംബ വീടാണ്. കെട്ടിടത്തിന് 70 വർഷത്തിലേറെ പഴക്കമുണ്ട്. പ്രളയ നഷ്ടപരിപാഹത്തിനായി അധികൃതരെ കാണാൻ കയറിയിറങ്ങി മടുത്തതോടെ പിന്നെ ശ്രമിച്ചില്ലെന്ന് ജോസ് ആന്റണി പറഞ്ഞു.
മേൽക്കൂര ദ്രവിച്ചതിനെ തുടർന്നു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിരിക്കുകയാണ്. താങ്ങുകുറ്റികളുടെ ബലത്തിലാണ് ഭിത്തി. നെൽകൃഷി മാത്രമാണ് ഇവരുടെ വരുമാനം. ഏകമകൻ ചെന്നൈയിൽ എം.ബി.എ വിദ്യാർത്ഥിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |