SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.10 AM IST

കായംകുളം - പത്തനാപുരം റോഡ് അപകടക്കെണി

kpr

ആലപ്പുഴ: നിർദ്ദിഷ്ട കായംകുളം- തൂത്തുക്കുടി ദേശീയ പാത നിർമ്മാണത്തിന്റെ കാര്യത്തിൽ തീരുമാനം വൈകുമ്പോൾ,​ അപകടക്കെണിയായി മാറുകയാണ് കായംകുളം- പത്തനാപുരം റോഡ്. വാഹനങ്ങളുടെ അമിതവേഗത്തിനും അശ്രദ്ധയ്ക്കുമൊപ്പം റോഡ് കൈയേറ്റം, വെള്ളക്കെട്ട്, ഗട്ടറുകൾ, വഴിവിളക്കുകൾ പ്രകാശിക്കാത്തത് ഉൾപ്പടെ നിരവധി കാരണങ്ങളാണ് റോഡിനെ ചോരപ്പുഴയാക്കുന്നത്.

കൊപ്രാപ്പുര മുക്കിന് സമീപം ഫെ‌ഡറൽ ബാങ്ക് ജീവനക്കാരൻ ഷാബു(41) മീൻ വണ്ടിയിടിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ടിപ്പറുകളുൾപ്പെടെ ഭാരവണ്ടികളുടെയും സ്വകാര്യ ബസുകളുടെയും മരണപ്പാച്ചിൽ പതിവായ റോഡിൽ ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ പരിശോധന കാര്യക്ഷമമല്ലാത്തതും നിയമ ലംഘനങ്ങളും അപകടങ്ങളും വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നും ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും ഗ്രാവൽ, പാറ, ക്വാറി ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഏറ്റവുമധികം കൊണ്ടുപോകുന്നത് ഇതുവഴിയാണ്. ഭാരവാഹനങ്ങൾക്ക് പുറമേ മത്സ്യ വണ്ടികളുടെ മരണപ്പാച്ചിലും പതിവാണ്. കായംകുളം മുരുക്കുംമൂട്, കറ്റാനം എന്നിവിടങ്ങളിൽ ക്യാമറകളുണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ല.

യാത്ര സുരക്ഷിതമാക്കാനുള്ള റോഡിലെ വരകളും റിഫ്ലക്ടറുകളുമെല്ലാം നശിച്ചുപോയതും മഴക്കാലത്ത് അപകടങ്ങൾ പെരുകാൻ കാരണമാണ്.

രാവിലെയും വൈകുന്നേരവും സ്കൂൾ വാഹനങ്ങൾ ഏറ്റവുമധികം സർവീസ് നടത്തുന്ന റോഡിൽ മോട്ടോർ വാഹന വകുപ്പും പൊലീസും വാഹന പരിശോധന ശക്തമാക്കുകയും കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയുമാണ് യാത്ര സുരക്ഷിതമാക്കാനുള്ളമാർഗം.

കൈയേറ്റവും കച്ചവടവും തകൃതി

1. കായംകുളത്ത് നിന്ന് പത്തനാപുരം വരെ 42.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ കായംകുളം പൊലീസ് സ്റ്റേഷൻ പിന്നിട്ടാൽ അടൂർ വരെ ഇരുവശങ്ങളിലെയും കൈയേറ്റങ്ങളും അനധികൃത കച്ചവടസ്ഥാപനങ്ങളും സുഗമമായ ഗതാഗതത്തിന് തടസമാണ്

2. പച്ചക്കറിത്തട്ടുകൾ, മത്സ്യവണ്ടികൾ, ലോട്ടറിക്കച്ചവടക്കാർ, ബിരിയാണി സ്റ്റാളുകൾ, ആക്രിവ്യാപാരികൾ, വർക്ക് ഷോപ്പുകൾ, തട്ടുകടകൾ എന്നിവ റോഡിന്റെ ഇരുവശങ്ങളും കൈയേറിയിട്ട് കാലങ്ങളായെങ്കിലും ഒഴിപ്പിക്കാൻ ആരും തയ്യാറല്ല

3. അനധികൃത പാർക്കിംഗാണ് മറ്റൊരുപ്രശ്നം. റോഡരികിലെ അനധികൃത കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതോടെ ഇതുവഴിയുള്ള സുഗമ യാത്ര അസാദ്ധ്യമാകും

4. നിരത്തുവക്കുകൾ കാട് മൂടിയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയതും കാരണം തെരുവുനായ് ശല്യവും രൂക്ഷമാണ്. തട്ടുകടകളിലെ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതാണ് തെരുവുനായ് ശല്യം രൂക്ഷമാകാൻ കാരണം

5. കായംകുളം റെയിൽവേ അടിപ്പാത മുതൽ കറ്റാനം വരെ റോഡിന്റെ ഇരുവശങ്ങളും പല സ്ഥലങ്ങളിലായി വെള്ളക്കെട്ടാണ്. അടിപ്പാതയിൽ കുഴികൾ രൂപപ്പെട്ടതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL