
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽമഴയിൽ വ്യാപക നാശനഷ്ടം. മേയ് എട്ട് മുതലുള്ള കണക്കുകൾ പ്രകാരം വേനൽമഴയിൽ 1,828.63 ഹെക്ടർ കൃഷിഭൂമിയെ ബാധിച്ചു. എറണാകുളത്ത് 287.85 ഹെക്ടറിലെ കൃഷി നശിച്ചു.
ഏഴുപേർക്ക് ജീവൻ നഷ്ടമായി. ഇടിമിന്നലേറ്റ് നാലും ജലാശയങ്ങളിൽ വീണ് രണ്ടും ഭിത്തി തകർന്നുവീണ് ഒരാളും മരണപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു.
കൂടുതൽ കൃഷിനാശം ആലപ്പുഴയിലാണ് (543.04 ഹെക്ടർ). കൊല്ലം (229.43 ഹെക്ടർ), കോഴിക്കോട് (224.29 ഹെക്ടർ) ജില്ലകളിലും വലിയ തോതിൽ കൃഷി നശിച്ചു. തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ്. സംസ്ഥാനത്ത് 323 വീടുകൾക്ക് ഭാഗികമായും ഏഴ് വീടുകൾക്ക് 75 ശതമാനത്തിലധികവും തകരാർ സംഭവിച്ചു.
നഷ്‌ടം കുറവ്
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7,603.48 ഹെക്ടർ കൃഷിഭൂമിയെയാണ് വേനൽമഴ ബാധിച്ചത്. 2025ൽ വേനൽമഴയ്‌ക്കൊപ്പം തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) നേരത്തെ (മേയ് 24ഓടെ) എത്തി. ഇക്കുറി വേനൽമഴയിൽ നാശനഷ്ടം കുറവാണ്.
മുൻകരുതൽ
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് ദുരന്തനിവാരണ അതോറിട്ടി സ്വീകരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളും സുരക്ഷാനിർദ്ദേശങ്ങളും വാട്‌സ്ആപ്പ്, ഇ-മെയിൽ, സോഷ്യൽ മീഡിയ വഴി കൈമാറുന്നുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലുമുള്ള സമയങ്ങളിൽ 'കവചം' ആപ്പ് വഴിയും ഓറഞ്ച് അലർട്ടുള്ള ദിവസങ്ങളിൽ സൈറൺ മുഴക്കിയും ജാഗ്രതാ നിർദ്ദേശം നൽകുന്നു. എമർജൻസി റെസ്പോൺസ് ടീം, ആപദ് മിത്ര സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ലഭ്യത ഉറപ്പാക്കി.
നാശനഷ്ടം (ഹെക്ടറിൽ) (മേയ് എട്ടുമുതൽ)
ജില്ല, കൃഷിസ്ഥലം (ഹെക്ടറിൽ)
ആലപ്പുഴ 543.04
എറണാകുളം 287.85
കൊല്ലം 229.43
കോഴിക്കോട് 224.29
കാസർഗോഡ് 98.61
കണ്ണൂർ 95.60
തിരുവനന്തപുരം 87.91
പത്തനംതിട്ട 74.91
വയനാട് 63.76
കോട്ടയം 50.53
മലപ്പുറം 47.96
ഇടുക്കി 3.3
തൃശൂർ 2.28
ആകെ 1828.63
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |