SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.59 AM IST

കെ.എസ്.ആർ.ടി.സി സ്ത്രീ സൗജന്യയാത്ര പ്രിയദർശിനിക്ക് ആവേശത്തുടക്കം

f

കൊച്ചി: ചേർത്തലയിൽ നിന്ന് തോപ്പുംപടി വരെയുള്ള വേണാട് ഓർഡിനറി ബസിൽ കണ്ടക്ടർ ഷീബയുടെ കൈയിൽ നിന്ന് '0' എന്ന് രേഖപ്പെടുത്തിയ സൗജന്യ യാത്രാ ടിക്കറ്റ് വാങ്ങുമ്പോൾ ഇടക്കൊച്ചി സ്വദേശിനി ഫിലോമിനയുടെ മുഖത്തൊരു അത്ഭുതച്ചിരി. ഭർത്താവ് വർക്കിയുടെ മുഖത്തും സന്തോഷം.

"ഒരാളുടെ യാത്രാക്കൂലി കുറഞ്ഞു കിട്ടിയല്ലോ, ഇക്കാലത്ത് അത് ചെറിയൊരു കാര്യമാണോ.." വർക്കി തിരിഞ്ഞുനിന്ന് പറയുമ്പോൾ ബസിലെ ഭൂരിഭാഗം സ്ത്രീകളുടെയും മനസിൽ അതു തന്നെയായിരുന്നു. ഇരുവരും കച്ചേരിപ്പടി സ‌ർക്കാ‌ർ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു.

സംസ്ഥാനത്തെ വനിതകൾക്ക് സൗജന്യയാത്ര ഉറപ്പുനൽകുന്ന കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസിന്റെ കൊച്ചിയിലേക്കുള്ള യാത്രയിൽ ഒരുകൂട്ടം സാധാരണക്കാരായ സ്ത്രീകളുടെ ആഹ്ലാദപ്രകടനമായിരുന്നു.

വഴിനീളെ മധുരവിതരണം

പ്രിയദർശിനി ബസ് ചേർത്തലയിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ മുതൽ ഉത്സവപ്രതീതിയുണ്ടായിരുന്നു. പുതിയ സർവീസിനെ വരവേൽക്കാൻ വിവിധ സ്റ്റോപ്പുകളിൽ കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണവുമായി കാത്തുനിന്നു. മധുരം നുണഞ്ഞ് ബസിലേക്ക് കയറിയ യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. കണ്ടക്ടറെയും ഡ്രൈവറെയും ഷാൾ അണിയിച്ച് ആഹ്ലാദം പങ്കിട്ടശേഷമാണ് പ്രവർത്തകർ മടങ്ങിയത്.

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യദിനമായതിനാൽ മക്കളെയും ചേർത്തുപിടിച്ച് സ്കൂളുകളിലേക്ക് പോകുന്ന അമ്മമാരായിരുന്നു ബസിലുടനീളം.

സ്ഥിരംയാത്രക്കാരെ കൂടാതെ ആശുപത്രി ആവശ്യങ്ങൾക്കായി നഗരത്തിലേക്ക് തിരികെ പോകുന്നവരും ആദ്യദിനസർവീസിന്റെ ഭാഗമായി. യാത്രക്കാരിൽ ആകെ പത്തിൽ താഴെ മാത്രമായിരുന്നു പുരുഷന്മാർ. ബാക്കി സീറ്റുകളിലെല്ലാം സ്ത്രീകളും വിദ്യാർത്ഥികളുമായിരുന്നു.

സ്റ്റോപ്പില്ലാവാശികളും ചിരിക്കുന്ന കണ്ടക്ടറും

പലർക്കും ആദ്യമായി കെ.എസ്.ആർ.ടി.സി ബസിൽ കയറുന്ന പ്രതീതിയായിരുന്നു. ഓർഡിനറി ബസുകൾക്ക് സാധാരണ സ്റ്റോപ്പുകൾ എവിടെയൊക്കെയാണെന്ന് ധാരണയില്ലാത്തതിനാൽ, തങ്ങൾക്ക് ഇറങ്ങേണ്ട കൃത്യംസ്ഥലത്ത് തന്നെ വണ്ടി നിറുത്തണമെന്ന് ചിലയാത്രക്കാർ വാശിപിടിച്ചു. എന്നാൽ കൗതുകകരമായ ബഹളങ്ങളെയെല്ലാം തികഞ്ഞ സംയമനത്തോടെയും പുഞ്ചിരിയോടെയുമാണ് കണ്ടക്ടർ ഷീബ കൈകാര്യം ചെയ്തത്. കെ.എസ്.ആർ.ടി.സിയുടെ നിയമങ്ങളും സ്റ്റോപ്പുകളും അവർ യാത്രക്കാർക്ക് സ്നേഹത്തോടെ പറഞ്ഞുമനസിലാക്കി.

അത്ഭുതമായി സീറോ ടിക്കറ്റ്

ഇതെല്ലാ ദിവസവുമുണ്ടോ സാറേ? എന്നായിരുന്നു ടിക്കറ്റ് വാങ്ങിയ ചില അമ്മമാരുടെ സംശയം. യാത്രാക്കൂലിയുടെ സ്ഥാനത്ത് പൂജ്യമെന്ന് പതിച്ച ഫ്രീടിക്കറ്റ് ആദ്യമായി കണ്ടപ്പോൾ പലർക്കും അത്ഭുതം. ടിക്കറ്റ് വാങ്ങി സൂക്ഷിച്ചുവയ്ക്കുന്നവരും മൊബൈലിൽ പടമെടുക്കുന്നവരുടെയും തിരക്ക്.

നിത്യേനയുള്ള യാത്രാച്ചെലവിൽ നിന്ന് ചെറിയൊരു തുകയെങ്കിലും മിച്ചംപിടിക്കാൻ കഴിയുന്നതിന്റെ ആശ്വാസത്തിലായിരുന്നു സ്ത്രീകൾ.

ആലപ്പുഴ-എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിവിധ ഓർഡിനറി സർവീസുകളാണ് തോപ്പുംപടിയിലേക്കുള്ളത്. ഇരുപത് മിനിറ്റ് ഇടവിട്ട് ബസുകളുണ്ടെങ്കിലും പലപ്പോഴും ബസുകളെല്ലാം കൂട്ടത്തോടെ എത്തുന്ന സാഹചര്യമുണ്ട്. ബസുകളുടെ സമയക്രമം ജോലിക്ക് പോകുന്ന സ്ത്രീകളുടെ സൗകര്യമനുസരിച്ച് ക്രമീകരിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യമേറെയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL