
കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തെ ആരാധനാ പൂജയായ രേവതി ആരാധന ഇന്നലെ അക്കരെ സന്നിധാനത്ത് നടന്നു. രേവതി നാൾ ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലിയും പാലമൃത് അഭിഷേകവും നടത്തി. ഇന്നലെ ശ്രീകോവിലിൽ സ്വർണക്കൂടം, വെള്ളിക്കുടം സമർപ്പണം കഴിഞ്ഞാണ് പന്തീരടി കാമ്പ്രം സ്ഥാനികന്റെ കാർമ്മികത്വത്തിൽ രേവതി നാളിലെ ആരാധനാപൂജ നടത്തിയത്.
രേവതി ആരാധനയുടെ ഭാഗമായി നടന്ന പൊന്നിൻ ശീവേലിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും നെറ്റിപ്പട്ട മണിഞ്ഞാണ് ദേവിയുടെയും ദേവന്റെയും തിടമ്പേറ്റുന്ന ഗജവീരന്മാർ തിരുവഞ്ചിറയിൽ ഇറങ്ങിയത്.
മണിത്തറയിലെ സ്വർണം വെള്ളി പാത്രങ്ങളും വിളക്കുകളും പിടിച്ച് വിശേഷവാദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പൊന്നിൻ ശീവേലി നടത്തിയത്. തുടർന്ന് ആരാധനാ സദ്യയും നടത്തി.
സന്ധ്യയ്ക്ക് മണിത്തറയിൽ പെരുമാൾക്ക് നവകത്തോടൊപ്പം പാലമൃത് അഭിഷേകം ചെയ്തു. ഇതിനുള്ള പഞ്ചഗവ്യം മണിത്തറയിൽ സമർപ്പിച്ചിരുന്നു. അവസാനത്തെ ആരാധനയായ രോഹിണി ആരാധന 14 ന് നടക്കും. സവിശേഷമായ ആലിംഗന പുഷ്പാഞ്ജലിയും അന്ന് നടക്കും.രേവതി ആരാധനാ നാളിൽ കൊട്ടിയൂരിൽ രാവിലെ മുതൽ തന്നെ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ഇന്നത്തെ പൂജകൾ
രാവിലെ നിർമ്മാല്യം മാറ്റി 36 കുടം അഭിഷേകം. ഉഷ പൂജ ,സ്വർണക്കുടം - വെള്ളിക്കുടം സമർപ്പണം , പന്തീരടി പൂജ, ഉച്ചശീവേലി ആയിരം കുടം അഭിഷേകം, അത്താഴപൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.
പടം:രേവതി ആരാധനയുടെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ നടന്ന പൊന്നിൻ ശീവേലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |