SignIn
Kerala Kaumudi Online
Thursday, 11 June 2026 4.40 AM IST

ആയിരങ്ങളുടെ വിനോദ സഞ്ചാര കേന്ദ്രം പയ്യാമ്പലം കൂരിരുട്ടിലാണ്...

payyambalam

കണ്ണൂർ: കണ്ണൂരിലെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം തീരം ഇരുട്ടിലായിട്ട് ആഴ്ച്ചകൾ പിന്നിടുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ഈ ബീച്ചിലെ നടപ്പാതകളിൽ സ്ഥാപിച്ച ലൈറ്റുകൾ കൂട്ടത്തോടെ കണ്ണടച്ചു. സന്ധ്യ മയങ്ങിയാൽ തീരം പൂർണമായും ഇരുട്ടിലാണിപ്പോൾ. സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും വാഹനങ്ങൾ കടന്നുപോവുമ്പോഴുണ്ടാകുന്ന വെളിച്ചമാണ് സഞ്ചാരികൾക്ക് ആശ്രയമാകുന്നത്.

ഡി.ടി.പി.സി മുൻകൈയെടുത്ത് 2019ലാണ് പയ്യാമ്പലത്തെ നടപ്പാതകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്. ഉപ്പുകാറ്റടിച്ച് 2022 ഓടെ ഇവ അപകടാവസ്ഥയിലായി. അഞ്ച് വർഷത്തേക്ക് ഡി.ടി.പി.സി സ്വകാര്യവ്യക്തിയുമായി കരാറിലേർപ്പെട്ട് തുരുമ്പെടുത്ത് നശിച്ച സോളാർ ലൈറ്റുകൾ മുഴുവനും മാറ്റി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് മാറി. തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും കരാറിൽ അനുമതി നൽകിയിരുന്നു. കരാർ കാലാവധിക്ക് മുന്നേ തന്നെ ഇവയിൽ മിക്കവയും പൊട്ടി വീണതോടെ പ്രദേശം ഇരുട്ടിലായി. തൂണുകൾ അപകടാവസ്ഥയിലായതോടെ കെ.എസ്.ഇ.ബി കണക്ഷൻ വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ ദിവസം കണക്ഷൻ പുന:സ്ഥാപിച്ചെങ്കിലും തീരം ഇരുട്ടിൽ തുടരുകയാണ്.

മുന്നിലുള്ളത് വൻ ദുരന്തം

കൊട്ടിയൂർ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പയ്യാമ്പലം ബീച്ചിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നത്. പരസ്പരം കാണാനാവാത്തവിധം ചില ഭാഗങ്ങളിൽ കൂരിരുട്ടാണ്. ഇതിന്റെ മറവിൽ നടക്കുന്ന ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും പതിവാണ്.റോഡിന്റെ ഒരു ഭാഗത്ത് തൊട്ട് തൊട്ട് കിടക്കുന്ന തെരുവോര കച്ചവടക്കാരും മറുഭാഗത്ത് നിരവധി സ്ഥാപനങ്ങളും വ്യാപിച്ചു കിടക്കുന്ന തീരദേശ റോഡിൽ വെളിച്ചം ഇല്ലാത്തത് അപകട സാദ്ധ്യത വർധിപ്പിക്കുകയാണ്. വാഹനങ്ങളുടെ അമിത വേഗം കാരണം തീരത്തെ റോഡുകളിൽ അപകടങ്ങളും വർദ്ധിക്കുകയാണ്. വിളക്കുകൾ കത്താത്ത വിഷയം കരാറുകാരനെ അറിയിച്ചിട്ടുണ്ടെന്ന ഒഴുക്കൻ മറുപടിയാണ് ഡി.ടി.പി.സി അധികാരികളിൽ നിന്നും ഉണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL