SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.02 AM IST

കൗമാരക്കാരന് ക്രൂരപീഡനം, കേസെടുത്തിട്ടും അദ്ധ്യാപകനെ പിടികൂടാതെ പൊലീസ്

kobsarasammkr

പാലാ: പാലാ നഗരത്തിലെ ഒരു ട്യൂഷൻ സെന്ററിൽ കൗമാരക്കാരന് നേർക്ക് ക്രൂരപീഡനം നടന്ന സംഭവത്തിൽ അദ്ധ്യാപകനായ പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥിയുടെ മൊഴി പ്രകാരം പോക്‌സോ കേസ് എടുത്ത പൊലീസ് പക്ഷെ ട്യൂഷൻ അദ്ധ്യാപകനെ പിടികൂടുന്നതിൽ അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം. മാത്രമല്ല മൂന്ന് കുട്ടികൾകൂടി ഇയാളുടെ പീഡനത്തിന് ഇരയായതായി സൂചനയുണ്ട്.

ഒരാഴ്ച മുമ്പാണ് പതിനാലുകാരനായ വിദ്യാർത്ഥി നഗരത്തിലെ ട്യൂഷൻ സെന്ററിലെത്തിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ മറ്റുകുട്ടികളെ ഒഴിവാക്കി ട്യൂഷൻ അദ്ധ്യാപകൻ കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് വിഷാദത്തിലായ വിദ്യാർത്ഥിയോട് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുണ്ടായതായും പറയപ്പെടുന്നു.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാലാ പൊലീസ് കുട്ടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തുടർന്നാണ് പോക്‌സോ കേസ് ചുമത്തിയത്. ഇതിനിടെ അദ്ധ്യാപകൻ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് കുട്ടി ട്യൂഷനെത്തുന്നില്ലല്ലോ എന്തെങ്കിലും അസുഖമാണോയെന്ന് തിരക്കുകയും ചെയ്തു. പിന്നീട് പൊലീസ് ട്യൂഷൻ സെന്ററിലെത്തിയും തെളിവുകൾ ശേഖരിച്ചു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതല്ലാതെ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടുന്നതിന് തയ്യാറായില്ല. മറ്റ് കുട്ടികളും പീഡനത്തിനിരയായി എന്ന സൂചന ലഭിച്ചിട്ടും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ദുരൂഹമാണ്. പാലാ നഗരത്തിനടുത്തു തന്നെയുള്ള അദ്ധ്യാപകൻ ഇന്നലെയും സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL