
കോട്ടയം : വില കൂടിയപ്പോൾ ഇത്തവണ വിളവില്ല. പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് ഏത്തവാഴ കർഷകർ.
പ്രതികൂല കാലാവസ്ഥയും ഇന്ധന വില വർദ്ധനയുമാണ് ഏത്തക്കായ വില ഉയരാൻ ഇടയാക്കിയത്. മൊത്തവില 70 രൂപയും, ചില്ലറവില 80 രൂപയുമാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് വരെ ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപയായിരുന്നു വില. ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയവ തയ്യാറാക്കാൻ നാടൻ കായ്കൾക്ക് ആവശ്യക്കാർ ഏറെയാണ്. വരും ദിവസങ്ങളിൽ വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ജില്ലയിലെ നിരവധി മേഖലകളിലാണ് ഏത്തവാഴ കൃഷിയുണ്ടായിരുന്നത്. മുൻവർഷങ്ങളിലെ വിലയിടിവ് മൂലം ഇത്തവണ പലരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു. ഇറക്കിയവർക്കാകട്ടെ കൈപൊള്ളി.
വേനലും, ഇന്ധനവില വർദ്ധനയും തിരിച്ചടി
കടുത്ത വേനലിനെ തുടർന്ന് കൃഷിനാശം ഉണ്ടായതാണ് വിപണിയെ ബാധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. കോട്ടയം ഉൾപ്പെടെയുള്ള മാർക്കറ്റുകളിലേക്ക് പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നാണ് ഏത്തക്കായ എത്തുന്നത്. ഇടയ്ക്കിടെ മലബാർ മേഖലയിൽ നിന്നുമുള്ള നാടൻ കുലകളെത്താറുണ്ടെങ്കിലും ഇപ്പോൾ അവയുടെ വരവും ഗണ്യമായി കുറഞ്ഞു. ഇന്ധനവില വർദ്ധനയും വിലക്കയറ്റത്തിന് കാരണമായി. ചരക്കുകൾ എത്തിക്കുന്നതിന് മുമ്പത്തെക്കാൾ ഇരട്ടിയോളം ഗതാഗതച്ചെലവ് വഹിക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.
''വേനൽച്ചൂടിൽ വാഴകളുടെ ഇലയും കൂമ്പും കരിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു. ഇതിനിടെയെത്തിയ മഴയും നാശത്തിന് ഇടയാക്കി. നിരവധി കർഷകരുടെ വാഴക്കൃഷി നശിച്ചു. ഓണവിപണി മുന്നിൽക്കണ്ടുള്ള കൃഷിയിലാണ് ഇനി പ്രതീക്ഷ.
(ഉണ്ണിക്കൃഷ്ണൻ, കർഷകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |