
കോട്ടയം : വീണ്ടുകീറിയ ഭിത്തികൾ, ചോർന്നൊലിക്കുന്ന മേൽക്കൂര, കോൺക്രീറ്റ് കമ്പികൾ പുറത്തേയ്ക്ക് തള്ളി നിൽക്കുന്നു...കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫീസ് കെട്ടിടം ജനങ്ങളുടെ ജീവന് ഭീഷണിയാകുകയാണ്. ഇന്നലെ കോൺക്രീറ്റ് പാളി അടർന്നു വീണു. വൻഅപകടം ഭാഗ്യത്തിനാണ് ഒഴിവായത്. ഓഫീസിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടമുറികളുടെ മുൻഭാഗത്താണ് പാളി വീണത്. കടകളിലേക്ക് എപ്പോഴും ജനങ്ങൾ കടന്നുപോകുന്നയിടമാണിത്. താത്കാലിക ജീവനക്കാർ ഉൾപ്പെടെ മുപ്പതോളം പേർ സോണൽ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഓഫീസ് സമയത്ത് വിവിധ ആവശ്യങ്ങൾക്കായി നിരവധിയാളുകളും വന്നു പോകുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കഴിഞ്ഞവർഷം സൂപ്രണ്ടിന് പരിക്കേറ്റു
കഴിഞ്ഞ വർഷം ഓഫീസിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു വീണ് ഓഫീസ് സൂപ്രണ്ടിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷവും ചെറിയ തോതിൽ നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. ഇന്നലെ കോൺക്രീറ്റ് അടർന്നു വീണതിനു സമീപമുള്ള സ്ഥലങ്ങൾ വിള്ളൽ വീണ് തകർന്നിരിക്കുകയാണ്. ഏതു നിമിഷവും ഇവ അടർന്നു വീഴാമെന്ന് പ്രദേശവാസികൾ പറയുന്നു.
നഗരസഭയുടെ പ്രധാന ഓഫീസിലും നാട്ടകം സോണൽ ഓഫീസിന്റെ പിൻഭാഗത്തും കെട്ടിടം ശോച്യാവസ്ഥയിലാണ്. അടിയന്തര നടപടികൾ ഉണ്ടാകണം.
(ഷീജ അനിൽ, നഗരസഭാ പ്രതിപക്ഷ അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |