SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

ഒരുപാടുണ്ട് പ്രതീക്ഷകൾ കോടി പ്രതീക്ഷ

കോട്ടയം: ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് അവതരിപ്പിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലേക്ക് വലിയ പ്രതീക്ഷയോടെ കണ്ണുംനട്ട് കോട്ടയം ജില്ല. സാമ്പത്തിക പ്രതിസന്ധിയും ധനകമ്മിയും നിലനിൽക്കുന്ന സാഹചര്യത്തിലാണെങ്കിലും കാർഷികം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം തുടങ്ങിയ മേഖലകളിൽ ജില്ലയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് പ്രകടന പത്രകയിൽ റബർ താങ്ങുവില 300 രൂപയാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഏറെ പ്രതീക്ഷയാണ് കർഷകർക്കുള്ളത്.

നെല്ലുസംഭരണ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ റിവോൾവിംഗ് ഫണ്ടും ഏറ്റുമാനൂരിൽ നിർമ്മാണം പുരോഗമിക്കുന്ന കാപ്‌കോസ് റൈസ് മിൽ പദ്ധതിക്കുള്ള ധനസഹായവും പ്രതീക്ഷിക്കുന്നുണ്ട്.

മലയോര മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രത്യേക പദ്ധതികളും ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ബഡ്ജറ്റിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്. യുവാക്കളുടെ വിദേശ കുടിയേറ്റം കുറയ്ക്കാൻ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, കാർഷിക അധിഷ്ഠിത സംരംഭങ്ങൾ എന്നിവയ്ക്കുള്ള പ്രോത്സാഹന പദ്ധതികളും പ്രഖ്യാപിക്കുമോയെന്നതും ശ്രദ്ധേയമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് എം.ജി സർവകലാശാലയ്ക്കും കോഴയിലെ സയൻസ് സിറ്റി പദ്ധതിക്കും കൂടുതൽ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.


കോട്ടയം മെഡിക്കൽ കോളേജിന്റെ ആധുനികവത്കരണം, കാൻസർ ചികിത്സാ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള പദ്ധതികളും ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു. എം.സി. റോഡ് നവീകരണം, കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആകാശപ്പാത പദ്ധതി പുനരുജ്ജീവിപ്പിക്കൽ, മലയോര റോഡുകളുടെ വികസനം,കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണം, നഗര റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവയും ജില്ലയുടെ പ്രധാന ആവശ്യങ്ങളാണ്. ശബരി റെയിൽപാത, എരുമേലി വിമാനത്താവളം, ഹെലിപ്പാഡ് അടക്കം കുമരകം ടൂറിസം വികസനം, മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ നദീ സംയോജന പദ്ധതി, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, വാഗമൺ, വൈക്കം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം എന്നിവയ്ക്കും ബഡ്ജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നാണ് കാത്തിരിപ്പ്.


പ്രതീക്ഷിക്കുന്ന പ്രധാന പദ്ധതികൾ
നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയം നവീകരണവും ചിങ്ങവനം സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് വികസനവും.
പാമ്പടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന സൗകര്യവികസനം.
വെച്ചൂർ -വൈക്കം റോഡ് വികസനം
കയറും അനുബന്ധ മേഖലകളും സംരക്ഷിക്കാനുള്ള പ്രഖ്യാപനം
ഏറ്റുമാനൂർ ഫ്ലൈഓവർ, ബൈപ്പാസ് പേരൂർ കവല, ഏറ്റൂമാനൂർ, സംക്രാന്തി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം.
ഈരാറ്റുപേട്ട പീരുമേട് റോഡ് വികസനം
ഉഴവൂർ ബൈപ്പാസ് നിർമാണം
ചങ്ങനാശേരി റവന്യൂ ടവർ നിർമാണം
കാഞ്ഞിരപ്പള്ളി ബൈപാസ്
മുത്തോലി ഭരണങ്ങാനം റോഡ് നവീകരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL