വടകര: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ കോർപ്പറേറ്റുകളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ വിവിധ മേഖലകളിൽ നടക്കുകയാണെന്ന് കേരള ബാങ്ക് പ്രസിഡന്റ് പി.മോഹനൻ . നാല് ലക്ഷത്തോളം വരുന്ന സ്ഥാപനങ്ങളിൽ ചിലത് തെറ്റായ വഴി സ്വീകരിച്ചത് ഏറ്റുപിടിച്ച് എല്ലാ സ്ഥാപനങ്ങളും ഇത്തരത്തിലാണെന്ന് വരുത്തുകയാണ്. 'കേരളം നേരിടുന്ന സഹകരണ വെല്ലുവിളികൾ' എന്ന വിഷയത്തിൽ കേരളകൗമുദി വടകരയിൽ നടത്തിയ സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ രൂപീകൃതമായ കേരള ബാങ്ക് ഇന്ന് ഇന്ത്യയിലെ മറ്റ് സഹകരണ ബാങ്കിനെക്കാളും നിക്ഷേപ സമാഹരണത്തിലും വായ്പ വിതരണത്തിലും മുന്നിലാണ്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിൽ ഏഴാമത്തെ സഹകരണ സംഘമായും മുന്നിട്ട് നിൽക്കുന്ന ആറ് സ്ഥാപനങ്ങളിൽ ഒന്ന് കേരള ബാങ്കും രണ്ടാമത് യു.എൽ.സി.സിയുമാണ്. പുതിയ സാഹചര്യത്തിൽ കുടുംബശ്രീയെ കൂടി ഉൾപ്പെടുത്തിയുള്ള സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ആരോഗ്യമേഖലയിലും സഹകരണ സംഘങ്ങൾക്ക് സാദ്ധ്യതകളേറെയുണ്ടെന്നും മോഹനൻ പറഞ്ഞു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സഹകാരി മനയത്ത് ചന്ദ്രൻ, സഹകരണ സംഘം റിട്ട. അസി: രജിസ്ട്രാർ എ കെ അഗസ്റ്റി, സി.ഡി.എസ് ചെയർപേഴ്സൺമാരായ സിന്ധു, റീന വി കെ , അനിത എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി വടകര ലേഖകൻ ബാലകൃഷ്ണൻ വെള്ളികുളങ്ങര സ്വാഗതവും മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് മോഹൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |