പൊന്നാനി : തിരക്കുള്ള സമയങ്ങളിൽ മതിയായ സർവീസുകളുടെ അഭാവം കുറ്റിപ്പുറം സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാരെ വലയ്ക്കുന്നു. തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകളിൽ കയറാൻപോലും കഴിയാത്ത വിധത്തിലാണ് തിരക്ക് .
രാവിലെ നേരങ്ങളിൽ വിദ്യാർത്ഥികളും വിവിധ ജോലികൾക്കായി പോകുന്നവരുമാണ് വലിയ പ്രതിസന്ധി നേരിടുന്നത്.നിരവധി എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതും പ്രതിഷേധത്തിന് കാരണമാണ്.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് ട്രെയിനില്ലാത്ത അവസ്ഥയാണ്.വളാഞ്ചേരി, പൊന്നാനി, എടപ്പാൾ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ഒട്ടേറെ പേരാണ് ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. രാവിലെ 8:10ന്റെ തൃശൂർ കണ്ണൂർ പാസഞ്ചറും 8:45ന്റെ എറണാകുളം കണ്ണൂർ ഇന്റർസിറ്റിയും കഴിഞ്ഞാൽ പിന്നീട് രാവിലെ 11:20ന്റെ ഏറനാട് എക്സ്പ്രസും ഒപ്പം 11:30ന്റെ മംഗലാപുരം കോയമ്പത്തൂർ ലോക്കൽ ട്രെയിനുമാണുള്ളത്. 10 മിനിറ്റ് ഇടവേളയിലുള്ള ഈ ട്രെയിനുകൾകൊണ്ട് വലിയ ഉപയോഗമില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. തിരക്കേറിയ വൈകുന്നേങ്ങളിൽ ഷൊർണൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പുതിയ ട്രെയിൻ അനുവദിച്ചത് പ്രയോജനപ്രദമാണെങ്കിലും ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരേയേ സർവീസുന്നുള്ളൂ.ഇത് എല്ലാ ദിവസവും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വൈകിട്ട് കുറ്റിപ്പുറത്ത് നിന്നുള്ള കണ്ണൂർ എക്സ്പ്രസിൽ വലിയ തിരക്കാണ് . ശേഷം രാത്രി എട്ട് കഴിഞ്ഞേ കോഴിക്കോട്ടേക്ക് ട്രെയിനുള്ളൂ. ആലപ്പുഴ നിന്നും കണ്ണൂരിലേക്ക് പോകുന്ന ഈ എക്സിക്യൂട്ടീവ് ട്രെയിനിൽ എന്നും വലിയ തിരക്കാണ്. റിസർവേഷൻ കോച്ചിൽ പോലും കാലുകുത്താൻ ഇടമില്ല. വൈകിട്ട് മുൻപ് ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന പാസ്സഞ്ചർ ട്രെയിൻ ഇപ്പോൾ രാത്രി 9:28നാണ് ഷൊർണൂരിൽ നിന്നും യാത്ര തുടങ്ങുന്നത്. രാത്രി 11:30ന് ശേഷം കോഴിക്കോടെത്തും. ഈ ട്രെയിനിൽ തിരക്കുണ്ടാവാറില്ല. ഇത് ഷൊർണ്ണൂരിൽ നിന്ന് വൈകിട്ട് ആറിന് സർവീസ് തുടങ്ങിയാൽ വൈകിട്ടത്തെ തിരക്ക് പരിഹരിക്കാനാവും.
വേണം പരിഹാരം
കുറ്റിപ്പുറത്ത് നിന്നും തൃശൂരിലേക്കുള്ള ട്രെയിൻ സർവീസിന്റെ അവസ്ഥയും സമാനമാണ്.
ഉച്ചയ്ക്ക് 12ന് ശേഷമുള്ള ഏറനാട് എക്സ്പ്രസ് കഴിഞ്ഞാൽ പിന്നീട് വൈകിട്ട് അഞ്ചിനേ ട്രെയിനുള്ളൂ. കണ്ണൂർ എറണാകുളം ഇന്റർസിറ്റി.
ഇന്റർസിറ്റിയിൽ വലിയ തിരക്കുമാണ്. പിന്നീട് രാത്രി 7:30കഴിഞ്ഞ് മംഗലാപുരത്ത് നിന്നുള്ള തിരുവനന്തപുരം മെയിലാണുള്ളത്. ഇതിൽ കുറഞ്ഞ ജനറൽ കമ്പാർട്ട്മെന്റുകളേയുള്ളൂ.
തിരക്കുള്ള സമയത്ത് സർവീസ് നടത്തുംവിധംസർവീസ് ക്രമീകരിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കുകയും ചെയ്താൽ തിരക്കിന് ഒരു പരിധി വരെ പരിഹാരം കാണാനാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |