SignIn
Kerala Kaumudi Online
Saturday, 25 April 2026 9.45 AM IST

എസ്.ഡി.പി.ഐയുടെ വോട്ട് ആവശ്യപ്പെട്ടിട്ടില്ല: പി.എം.എ. സലാം

Increase Font Size Decrease Font Size Print Page

മലപ്പുറം: മുസ്ലിം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞവരെ മടിയിലിരുത്തി താരാട്ടുപാടി വളർത്തുകയാണ് സി.പി.എമ്മെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചാൽ ലീഗ് തിരിച്ചടിക്കുന്നില്ല. അവർ സമുദായത്തെ കിടത്തിയുറക്കുന്നെന്നൊക്കെ പറഞ്ഞവരാണ് എസ്.ഡി.പി.ഐക്കാർ. ലീഗിനെ ഇല്ലായ്മ ചെയ്യാൻ രൂപീകരിച്ച സംഘടനകളാണത്. അവർ ക്ഷീണിക്കുമ്പോൾ എല്ലാ സംരക്ഷണവും നൽകുന്നത് സി.പി.എമ്മാണ്. അവരെ മടിയിൽവച്ചാണ് മുസ്ലിം ലീഗ്- ജമാഅത്ത് ബന്ധമെന്നൊക്കെ സി.പി.എം പറഞ്ഞുനടക്കുന്നതെന്നും പി.എം.എ.സലാം പറഞ്ഞു. സമകാലിക വിവാദങ്ങളിൽ ലീഗിന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ് സലാം.

വനിതാലീഗിൽ നിന്ന് ആരെയും പരിഗണിച്ചില്ലെന്നാണ് പരാതി

മുസ്ലിം ലീഗുകാരായ വനിതകളെയാണ് പരിഗണിച്ചത്. അവർ വനിതകളല്ലെന്ന് ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അത് പരിശോധിക്കാവുന്നതാണ്. ആരോപണം ഉന്നയിച്ചവർ എന്തുകൊണ്ടാണ് അത് പറഞ്ഞതെന്ന് എല്ലാവർക്കും അറിയാം. ഇതുകൊണ്ടൊന്നും യു.ഡി.എഫിന്റെ അത്ഭുതപൂർണമായ ജനപിന്തുണ മാറ്റാൻ കഴിയില്ല. സാധാരണക്കാരെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളാണ് യു.ഡി.എഫ് കൈകാര്യം ചെയ്യുന്നത്. എവിടെ നിന്നെങ്കിലും കച്ചിത്തുരുമ്പ് വീണുകിട്ടിയാൽ അതിൽ പിടിച്ചുതൂങ്ങാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരുടെ കാര്യം മഹാകഷ്ടമാവും.

പ്രതിപക്ഷ നേതാവ് മാത്രമേ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പറഞ്ഞിട്ടുള്ളൂ. യു.ഡി.എഫിലെ മറ്റ് കക്ഷികൾ അവരുടെ അഭിപ്രായം വ്യക്തമാക്കണമെന്നാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പറയുന്നത്

ഇക്കാര്യം പറയുന്നവർ വേങ്ങര മണ്ഡലമൊന്ന് എടുത്തുനോക്കുക. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഇത്തവണ എൽ.ഡി.എഫ് സ്വാതന്ത്രനാണ്. 36 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ടെന്നാണ് എസ്.ഡി.പി.ഐയുടെ അവകാശവാദം. ഇവിടെങ്ങളിലെല്ലാം എസ്.ഡി.പി.ഐയുടെ ചിഹ്നം കത്രികയാണ്. വേങ്ങരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചിഹ്നവും കത്രികയാണ്. ഇതിനെക്കുറിച്ച് ആർക്കും മിണ്ടാട്ടമില്ല. ഒരുസീറ്റ് കൊടുത്താണ് ഒരുസംഘടനയെ സി.പി.എം കൂടെ നിർത്തിയിട്ടുള്ളത്. രണ്ട് കാലിലും മന്തുള്ളവരാണ് യു.ഡി.എഫിന്റെ ഒരുകാലിൽ വീക്കമെന്ന് പറയുന്നത്.

എസ്.ഡി.പി.ഐയുടെ പിന്തുണയുണ്ടെന്ന് മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർത്ഥി പറയുന്നത്.
ഒരുസ്ഥാനാർത്ഥിയെ സംബന്ധിച്ചെടുത്തോളം മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും വോട്ട് ചോദിക്കൽ ഉത്തരവാദിത്വമാണ്. സംഘടനയുടെയല്ല വ്യക്തികളുടെ വോട്ടാണ് ചോദിക്കുന്നത്. ഞാൻ കോഴിക്കോട് മത്സരിച്ചപ്പോൾ എതിർസ്ഥാനാർത്ഥിയുടെ വീട്ടിൽ പോയി വരെ വോട്ടഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് സഖ്യമോ ധാരണയോ ഐക്യപ്പെടലോ ഒന്നുമല്ല. എസ്.ഡി.പി.ഐ പോലുള്ള ഒരുസംഘടനയുടെയും വോട്ട് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടില്ല.

ഡീൽ വിവാദങ്ങൾക്കിടെ ജനകീയ വിഷയങ്ങൾ മുങ്ങിപോവുന്നുണ്ടോ

അത്തരം കാര്യങ്ങൾ ച‌ർച്ചയായാൽ ജനങ്ങൾ എതിരാവുമെന്നത് തിരിച്ചറിഞ്ഞാണ് വ്യാജ ആരോപണങ്ങളുമായി സി.പി.എം രംഗത്തുവരുന്നത്. പേരാമ്പ്രയിൽ അത് കണ്ടതാണ്. സർക്കാരിന്റെ പരാജയം ചർച്ച ചെയ്യാതിരിക്കാനുള്ള വേലയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും അത് മനസ്സിലാക്കിയാണ് ജനം പ്രതികരിച്ചത്. അന്ന് വീണയിടത്തുനിന്ന് ഇതുവരെ ഇടതുപക്ഷത്തിന് എണീക്കാൻ കഴിഞ്ഞിട്ടില്ല.

യു.ഡി.എഫ് വന്നാൽ കൂടുതൽ മന്ത്രിമാരെ ചോദിക്കുമോ
അത്തരമൊരു ആവശ്യമുന്നയിക്കാൻ തീരുമാനിച്ചിട്ടില്ല. തർക്കങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടുപോവാൻ ലീഗ് ആഗ്രഹിക്കുന്നില്ല.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.