SignIn
Kerala Kaumudi Online
Thursday, 28 May 2026 4.39 AM IST

ടോപ്പ് ഗിയറിലേക്ക് ലോകകപ്പ് ആവേശം

news
തിരൂരങ്ങാടി - ചെറുമുക്ക് റോഡിലെ ദൃശ്യം

തിരൂരങ്ങാടി: ഫുട്‌ബോൾ ലോകകപ്പിനായി ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പിലാണ് ജില്ലയിലെ ഫുട്ബോൾ പ്രേമികൾ. ജൂൺ 11 മുതൽ ജൂലായ് 19 വരെ കാനഡ, മെക്സിക്കോ,​ അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് അരങ്ങേറുന്നത്. ഉദ്ഘാടന മത്സരം ജൂൺ 11ന് മെക്സിക്കോയിൽ വെച്ചാണ്.

ഫുട്ബോൾ മാമാങ്കം തൊട്ടുമുന്നിലെത്തിയതോടെ വിവിധ ടീം ഫാൻസുകളുടെ ആവേശവും കൊടികയറിയിട്ടുണ്ട്. ഫാൻസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ടീമുകളുടെ പ്രചാരണം എങ്ങനെ നടത്തണമെന്നതിൽ ചർച്ചകൾ പൊടിപൊടിക്കുകയാണ്. ഫ്ലക്സിനും ബോർഡിനും ബാനറിനും വേണ്ടിയുള്ള പിരിവുകളുമുണ്ട്. ചിലയിടങ്ങളിൽ ഇതിനകംതന്നെ ഫ്ളക്സുകൾ ഉയർന്നിട്ടുണ്ട്. റോഡുകൾക്ക് കുറുകെ ഇഷ്ടരാജ്യങ്ങളുടെ പതാകകളാലും തോരണങ്ങളാലും അലങ്കരിക്കുന്നുണ്ട്. മഴക്കാലമായതിനാൽ വലിയ പന്തലുകൾ കെട്ടി ബിഗ് സ്ക്രീനുകൾ ഒരുക്കാനുള്ള ചർച്ചകൾ ക്ലബ്ബ് തലങ്ങളിൽ നടക്കുന്നുണ്ട്. നിലവിലെ ജേതാക്കളായ അർജന്റീന, ടീമിനെ പ്രഖ്യാപിക്കുന്നതോടെ കൂടുതൽ ഫ്ലക്സുകൾ ഉയരും. ഏറ്റവും വലിയഫ്ലക്സും ഇഷ്ടതാരത്തിന്റെ കൂറ്റൻ കട്ടൗട്ടും വയ്ക്കുന്നതിലും ഫാൻസുകൾക്കിടയിൽ മത്സരമുണ്ട്.

അർജന്റീനയ്ക്കും ബ്രസീലിനുമാണ് ജില്ലയിൽ കൂടുതൽ ആരാധകരുള്ളത്.

ഇക്കുറി സി ഗ്രൂപ്പിലെ ബ്രസീൽ ടീമിന്റെ ആദ്യ മത്സരം ജൂൺ 14ന് ബ്രസീലും മൊറോക്കയും തമ്മിലാണ്. ജെ ഗ്രുപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം ജൂൺ 17ന് അർജന്റീനയും അൾജീരിയയും തമ്മിലാണ്. ജർമനി, സ്‌പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, സെനഗൽ എന്നിവയാണ് ജില്ലയിൽ ഏറെ ആരാധകരുള്ള മറ്റ് ടീമുകൾ.

2021ൽ കോപ അമേരിക്കയും 2022ൽ ലോകകപ്പും 2024ൽ കോപ അമേരിക്കയും തൂക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് അർജന്റീന ടീം ആരാധകർ. പ്രതിഭകളേറെയുള്ള ടീമാണ് തങ്ങളുടേതെന്നും ഇത്തവണ കപ്പ് കൊണ്ടുപോകുമെന്ന് ബ്രസീൽ ആരാധകർ തറപ്പിച്ചുപറയുന്നു. സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിലെത്തിയതോടെ ആരാധകർ ആവേശക്കൊടുമുടിയിലാണ്.

വിപണിയും സജീവം

ടീമുകളുടെ ജേഴ്സി, പതാകകൾ, കൊടികൾ, തലയിൽ കെട്ടുന്ന റിബണുകൾ, ബലൂൺ, കുടകൾ തുടങ്ങിയവക്കാണ് ആവശ്യകാർ ഏറെ. അർജന്റീന, ബ്രസീൽ ജേഴ്സികൾ തേടിയാണ് കൂടുതൽ പേർ എത്തുന്നത്. നെയ്മർ ബ്രസീൽ ടീമിൽ തിരിച്ചെത്തിയതോടെ നെയ്മറുടെ പേരിലുള്ള ജേഴ്സി നന്നായി വിറ്റഴിയുന്നുണ്ട്. ക്രിസ്റ്റിയാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ തുടങ്ങിയവരുടെ പേരിലുള്ള ജേഴ്സികൾക്കും ആവശ്യകാരുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL