SignIn
Kerala Kaumudi Online
Sunday, 02 August 2026 4.11 AM IST

മഴക്കെടുതിയിൽ രണ്ട് കുട്ടികൾ മരിച്ചു; പെയ്തത് അതിശക്തമായ മഴ; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

മലപ്പുറം: ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടവും ജീവഹാനിയും. മഴക്കെടുതികളിൽപ്പെട്ട് കൊണ്ടോട്ടിയിലും വണ്ടൂരിലുമായി തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ ദാരുണമായി മരണപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു. കുന്നിടിച്ചിലുമുണ്ടായി. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും വീടുകൾ കടലെടുത്തു. റോഡിലേക്ക് മരങ്ങളും മണ്ണും വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. കൃഷിയിടങ്ങൾ വ്യാപകമായി വെള്ളത്തിനടിയിലായിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

70 പേർ ദുരിതാശ്വാസ ക്യാമ്പിൽ

സുരക്ഷ മുൻനിറുത്തി അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 13 കുടുംബങ്ങളിലെ 70 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 24 പുരുഷന്മാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിർന്ന പൗരന്മാരുമാണ് നിലവിൽ ക്യാമ്പുകളിലുള്ളത്.

നാല് ക്യാമ്പുകൾ തുടങ്ങി

  • മഞ്ചേരി വില്ലേജ്: വലിയട്ടിപറമ്പ് അങ്കണവാടി
  • എടവണ്ണ വില്ലേജ്: ചെറുമണ്ണ് അങ്കണവാടി
  • പാണക്കാട്: മഅ്ദിനുൽ ഉലൂം മദ്രസ
  • നെടിയിരുപ്പ്: ജി.ഡബ്ല്യു.യു.പി.എസ് സ്‌കൂൾ

പെയ്തത് അതിതീവ്ര മഴ

ജില്ലയിലെ മലയോര മേഖലകളിലും ഏറനാട് താലൂക്കിലുമാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുള്ളത്. ചോളാർ മല ഉന്നതി (260 മി.മീ), വെറ്റിലപ്പാറ (244.8 മി.മീ), വേഴക്കോട് (238 മി.മീ), പാണക്കാട് (212.5 മി.മീ) എന്നീ നാല് പ്രദേശങ്ങളിൽ 200 മില്ലീമീറ്ററിന് മുകളിൽ അതിതീവ്ര മഴയാണ് പെയ്തിറങ്ങിയത്. ഇതുകൂടാതെ മലപ്പുറം എഫ്.സി.എസ് (193.4 മി.മീ), തൃക്കലങ്ങോട് (161.5 മി.മീ), പെരിന്തൽമണ്ണ (160 മി.മീ), കരിപ്പൂർ (158.8 മി.മീ), അങ്ങാടിപ്പുറം (152.8 മി.മീ), ആനക്കയം (151.3 മി.മീ), ചാത്തല്ലൂർ (145 മി.മീ), നിലമ്പൂർ (133.5 മി.മീ), എടവണ്ണ (125.8 മി.മീ), പെരകമണ്ണ (124.41 മി.മീ), കാരക്കുന്ന് (120.36 മി.മീ), പാണ്ടിക്കാട് (115.6 മി.മീ ), ചെമ്പ്രശ്ശേരി (107.1 മി.മീ), പന്തല്ലൂർ (102 മി.മീ), വെട്ടിക്കാട്ടിരി (100 മി.മീ) എന്നിവിടങ്ങളിലും 100 മില്ലീമീറ്ററിന് മുകളിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. കിഴക്കൻ മലയോരങ്ങളിലും താലൂക്ക് പരിധികളിലും പെയ്ത ഈ അതിതീവ്ര മഴയാണ് നദികളിലെ ജലനിരപ്പ് കുത്തനെ ഉയരാനും പ്രളയസമാനമായ സാഹചര്യമുണ്ടാകാനും കാരണമായത്.


നിറഞ്ഞൊഴുകി പുഴകൾ

മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ചാലിയാർ, കടലുണ്ടി പുഴ ബേസിനുകളിലെ നാല് പ്രധാന റെഗുലേറ്ററുകളിലും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നിട്ടുണ്ട്. മഴ തുടരുന്നതിനാൽ റെഗുലേറ്ററുകളിലും ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത.

റെഗുലേറ്റർ..........പുഴ.........നിലവിലെ ജലനിരപ്പ്....മുന്നറിയിപ്പ് .....അപകട നില

(മീറ്ററിൽ)​
പൂക്കോട്ടുമണ്ണ: ചാലിയാർ........3.40............................... 5.40............................6.40
ഒടായിക്കൽ: ചാലിയാർ.............2.80...............................10................................11
കാവൻകല്ല്: ചാലിയാർ.............4.30................................7.................................8
ബാക്കിക്കയം:.കടലുണ്ടി.............5..................................6.20.............................7.20

(ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക്)​

റോഡിലേക്ക് മണ്ണിടിഞ്ഞു. മലപ്പുറത്ത്

ആറ് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം : കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് മലപ്പുറം- തിരൂർ റൂട്ടിൽ ആറ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് വെസ്റ്റ് കോഡൂരിനടുത്ത് വടക്കേമണ്ണയിൽ റോഡരികിലെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. 25 അടിയോളം ഉയരത്തിലുള്ള മണ്ണും മരങ്ങളും റോഡിലേക്ക് വീണ് റോഡ് പൂർണമായും അടഞ്ഞ നിലയിലായിരുന്നു. വിവരമറിഞ്ഞ മലപ്പുറം അഗ്നിരക്ഷാസേനയും പൊലീസും റവന്യൂ അധികാരികളും സ്ഥലത്തെത്തി. തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. റോഡിലേക്ക് വീഴാറായ നാലോളം മരങ്ങൾ വെട്ടിമാറ്റി അപകട സാദ്ധ്യത ഒഴിവാക്കി. മണ്ണെടുക്കുന്നതിനിടെ തുടർമണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക ഉയർത്തിയെങ്കിലും മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് പൂർണമായും നീക്കം ചെയ്ത് രാവിലെ പത്തരയോടെ റോഡ് ഗതാഗത യോഗ്യമാക്കി.
മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം അഗ്നിരക്ഷാ സേനയും മലപ്പുറം പൊലീസ് ഇൻസ്‌പെക്ടർ കെ.ഹരീഷ് , കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി, മെമ്പർമാരായ നീലൻ കോഡൂർ, ഫാസിൽ കരീം, വില്ലേജ് ഓഫീസർ ടി.പി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഈ സമയം മലപ്പുറം തിരൂർ റൂട്ടിലെ വാഹനങ്ങളെ ചെമ്മങ്കടവ് വഴി തിരിച്ചുവിടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL