SignIn
Kerala Kaumudi Online
Sunday, 21 June 2026 5.51 AM IST

പൊട്ടിപ്പൊളിഞ്ഞ് പൂവാർ പഞ്ചായത്തിലെ ഇടറോഡുകൾ

l

പൂവാർ: നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതും പൊട്ടിപ്പൊളിഞ്ഞതുമായ പൂവാർ ഗ്രാമപഞ്ചായത്തിലെ ഇടറോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കാട്ടുകുളം മുതൽ കാലായി തോട്ടം വരെയും നാങ്കിനകം മുതൽ പനച്ചമൂട്ടുകുളം വരെയുമുള്ള റോഡ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് 10മാസം കഴിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഇലക്ഷന് മുമ്പ് തുടങ്ങിയ റോഡ് നിർമ്മാണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതോടെ നിറുത്തിവെച്ചു. നിലവിലെ ഭരണസമിതി മാറുകയും പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നിട്ടും പണി പുനരാരംഭിച്ചിട്ടില്ല.

മെറ്റൽ നിരത്തി, അപകടം പതിവ്

കാട്ടുകുളം മുതൽ കാലായി തോട്ടം വരെയും നാങ്കിനകം മുതൽ പനച്ചമൂട്ടുകുളം വരെയുമുള്ള റോഡ് നിർമ്മാണം 40ലക്ഷം രൂപയുടെ എം.എൽ.എ ഫണ്ടുപയോഗിച്ച് തുടങ്ങിയതാണ്. റോഡിൽ ഒന്നര ഇഞ്ച് മെറ്റൽ നിരത്തിയ ശേഷമാണ് കരാറുകാരൻ പണി നിർത്തിയത്. ദിവസവും നൂറുകണക്കിന് ആളുകൾ കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. ടൂവീലറുകളിലും മറ്റു വാഹനങ്ങളും ഉൾപ്പെടെ സഞ്ചരിക്കുന്നവരും നിരവധിയാണ്. രാവിലെയും വൈകിട്ടും വന്നുപോകുന്ന സ്കൂൾ ബസുകളുമുണ്ട്. മെറ്റൽ നിരത്തിയതോടെ പ്രദേശത്ത് അപകടങ്ങൾ പതിവായി. പ്രദേശവാസികൾക്ക് യഥേഷ്ടം ആരാധനാലയങ്ങളിൽ എത്തുന്നതിനും കഴിയാറില്ല.

നടപടി വൈകുന്നു

ഏരുമാനൂർ എം.വി ഹയർസെക്കൻഡറി സ്കൂളിലേക്ക് നടന്നുപോകുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പോകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

ഇടറോഡുകൾ തകർച്ചയിൽ

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിക്കുഴിച്ച് പൈപ്പുകൾ ഇട്ടതിന്റെ ഭാഗമായി സമീപത്തെ നിരവധി റോഡുകളും തകർന്ന അവസ്ഥയിലാണ്. തകർന്ന റോഡുകളുടെ നിർമ്മാണം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അധികൃതരും വാട്ടർ അതോറിട്ടിയും പഴിചാരുകയാണ്. ജലജീവൻ പദ്ധതിയുടെ നടത്തിപ്പുകാർ പറയുന്നത് റോഡ് പുനർനിർമാണത്തിന് ആവശ്യമായ തുക വാട്ടർ അതോറിട്ടിക്ക് നൽകിയിട്ടുണ്ടെന്നാണ്.എന്നാൽ പൂവാർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ മുഴുവൻ തകർന്ന അവസ്ഥയിലാണ്.പുനർനിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാക്കുന്നില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL