
തിരുവനന്തപുരം: തലസ്ഥാനത്തെ 95 ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി.പഴകിയ ആഹാരം,വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യൽ എന്നിവ കണ്ടെത്തിയ 48 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി പിഴയീടാക്കി.
ഇന്നലെ രാവിലെ മേയർ വി.വി.രാജേഷിന്റെ ചേമ്പറിൽ ചേർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് ശേഷമായിരുന്നു പരിശോധന.ഹോട്ടലുകളിലും,ബേക്കറികളിലും പരിശോധന നടന്നു.
പൂന്തുറ,പരുത്തിക്കുഴി,മുട്ടത്തറ,സ്റ്റാച്യു,പാളയം,മെഡിക്കൽ കോളേജ്,മണക്കാട് തുടങ്ങിയ ഇടങ്ങളിലെ നിരവധി ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായി കണ്ടെത്തി.48 കടകളിൽ നിന്നും 57500 രൂപയാണ് പിഴയീടാക്കിയത്.
ആവർത്തിച്ചാൽ ഹോട്ടൽ പൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാരം കണ്ടെത്തി.മിക്ക ഹോട്ടലുകളും തിളപ്പിച്ചാറ്റിയ വെള്ളത്തിന് പകരം, ചൂട് വെള്ളത്തിനോടൊപ്പം പച്ച വെള്ളം ചേർത്താണ് നൽകുന്നതെന്ന് കണ്ടെത്തി.ഇവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.പത്ത് സ്കോഡുകളാണ് പരിശോധനയിൽ പങ്കെടുത്തത്.പരിശോധനയിൽ നഗരസഭ സെക്രട്ടറി കെ.യു.ബിനി,ഹെൽത്ത് ഓഫീസർ പ്രേംനവാസ്.കെ.ബി,ക്ളീൻ സിറ്റി മാനേജർമാരായ ടി.മോഹന ചന്ദ്രൻ,സുജിത്ത് സുധാകർ എന്നിവർ നേതൃത്വം നൽകി.
വനിതാ ഹോസ്റ്റലുകളിൽ പരിശോധന നടത്തും
നഗരത്തിലെ വനിതാ ഹോസ്റ്റലുകളിൽ പരിശോധന നടത്തുന്നതിനായി വനിതാ സ്‌ക്വാഡ് രൂപീകരിച്ചതായി മേയർ അറിയിച്ചു.ഹോസ്റ്റലുകളിലെ മെസുകളിൽ പഴകിയ ആഹാരം നൽകുന്നതായി പെൺകുട്ടികളിൽ നിന്ന് പരാതി കിട്ടിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |