
വിഴിഞ്ഞം: കോവളം പാറവിളയിലെ 64കാരന്റെ മരണത്തിലെ ദുരൂഹതയെ തുടർന്ന് മകനെ കസ്‌റ്റഡിയിലെടുത്തു. കോവളം വെള്ളാർ പറമ്പിൽ പുത്തൻ വീട്ടിൽ എ.സുരേന്ദ്രന്റെ (64) മരണത്തിൽ മൂത്ത മകനെയാണ് കോവളം പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന സുരേന്ദ്രന്റെ കഴുത്തിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ടെന്നും ഇത് ഹൃദയ സ്തംഭനത്തിനിടയാക്കിയെന്നുമാണ് പൊലീസ് പറയുന്നത്. മൂത്ത മകനും സുരേന്ദ്രനും തമ്മിൽ കുടുംബ ഷെയർ വില്പനയെ സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ മാത്രമുണ്ടായിരുന്ന സമയത്തായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടുമക്കൾ വീട്ടിലെത്തുമ്പോൾ മുറിയിൽ സുരേന്ദ്രൻ കമിഴ്ന്നു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
കഴുത്തിലെ നഖപ്പാട് കണ്ട് മരണത്തിൽ സംശയം തോന്നിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് മകനെ കസ്‌റ്റഡിയിലെടുത്തത്. അച്ഛനും മൂത്തമകനും തമ്മിലുള്ള തർക്കം മറ്റു മക്കൾക്കും അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവം നടന്ന വീട്ടിൽ ഫോറൻസിക് പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |