SignIn
Kerala Kaumudi Online
Saturday, 30 May 2026 4.10 AM IST

തൊഴിലാളി ചരിത്രമുറങ്ങുന്ന അഞ്ചുവിളക്കും ലേബർ കോർണറും

s

  • അഞ്ചുവിളക്കിൽ ചരിത്രസ്മരണ ജാഥയും വിളംബര റാലിയും ഇന്ന്

തൃശൂർ: തൃശൂരിന്റെ ചരിത്രത്തിൽ തൊഴിലാളി മുന്നേറ്റത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെയും അടിത്തറ പാകിയ അഞ്ചുവിളക്കും ലേബർ കോർണറും എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ യോഗത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഹൈറോഡ്, നായരങ്ങാടി, കിഴക്കേ അങ്ങാടി റോഡുകൾ സന്ധിക്കുന്ന അഞ്ചുവിളക്ക് ജംഗ്ഷൻ നഗരത്തിലെ തൊഴിലാളികളുടെ പ്രധാന ഒത്തുചേരൽ കേന്ദ്രമാണ്.

രോഗികൾക്കായി ഡോ. ഫ്രാൻസിസ് സ്ഥാപിച്ച അഞ്ച് മണ്ണെണ്ണവിളക്കുകളിൽ നിന്നാണ് ഈ പേര് ലഭിച്ചത്. 1935ൽ കെ.കെ.വാര്യരുടെ നേതൃത്വത്തിൽ രൂപീകരിച്ച ലേബേഴ്‌സ് ബ്രദർഹുഡിന്റെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം.

ആദ്യ മേയ് ദിന റാലിക്ക് സാക്ഷ്യംവഹിച്ചു

കേരളത്തിലെ ആദ്യ മേയ് ദിന റാലിക്ക് 1936ൽ സാക്ഷ്യംവഹിച്ചത് അഞ്ചുവിളക്ക് പരിസരമാണ്. അഞ്ചുവിളക്കിൽ തുടങ്ങി ലേബർ കോർണറിലാണ് അന്ന് റാലി സമാപിച്ചത്. തേക്കിൻകാട് മൈതാനത്തെ വടക്കുന്നാഥ ക്ഷേത്രമതിലിന്റെ തെക്കുകിഴക്കേ മൂലയാണ് ലേബർ കോർണർ എന്നറിയപ്പെടുന്നത്.

1937ൽ തൃശൂരിൽ നടന്ന അഖില കേരള തൊഴിലാളി സമ്മേളനത്തോടെയാണ് ലേബർ കോർണർ ചരിത്രപ്രസിദ്ധമായത്. പി.കൃഷ്ണപ്പിള്ളയുൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സ്ഥിരം പ്രസംഗവേദിയായിരുന്നു ഇവിടം.

ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തൃശൂരിൽ എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ ചേരുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചുവിളക്കിൽ ചരിത്രസ്മരണ ജാഥയും വിളംബര റാലിയും നടക്കും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പരിപാടി ഉദ്ഘാടനം ചെയ്യും.

അഞ്ചുവിളക്ക്,​ ലേബർ കോർണർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, ANJUVILAKK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL