SignIn
Kerala Kaumudi Online
Saturday, 30 May 2026 4.09 AM IST

 സുപ്രീംകോടതി ജഡ്‌ജി അഞ്ച് പേരെ ശുപാർശ ചെയ്ത് കൊളീജിയം

judge

 മുതിർന്ന അഭിഭാഷക വി.മോഹനയും

ന്യൂഡൽഹി: നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും അഭിഭാഷകയെയും സുപ്രീംകോടതി ജഡ്‌ജിമാരാക്കാൻ ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജമ്മു കാശ്‌മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ പല്ലി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വി. മോഹന എന്നിവരുടെ പേരുകൾ കേന്ദ്രസർക്കാരിന് കൈമാറി. 22നും 27നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. സൂര്യകാന്ത് ചീഫ് ജസ്റ്റിസായ ശേഷമുള്ള ആദ്യ നിയമന ശുപാർശയാണിത്. സുപ്രീംകോടതിയിലെ അംഗബലം 38 ആയി കേന്ദ്രം വർദ്ധിപ്പിച്ചിരുന്നു. നാലുപേരുടെയും നിയമനം കേന്ദ്രം അംഗീകരിച്ചാൽ ഇത് 37 ആകും. ജസ്റ്റിസ് യശ്വന്ത് വ‌ർമ്മയുടെ വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ വിഷയം പരിശോധിച്ച സമിതികളിലെ അംഗങ്ങളാണ് ജസ്റ്റിസ് ശീൽ നാഗുവും ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറും. അതേസമയം സീനിയോറിറ്റി മറികടന്നാണ് ജസ്റ്റിസ് അരുൺ പല്ലി പട്ടികയിലിടം നേടിയതെന്ന് ആരോപണമുയർന്നു.

അഞ്ച് വർഷത്തിനുശേഷം

വനിത

സുപ്രീംകോടതി മലയാളി ജഡ്‌ജി കെ.വി. വിശ്വനാഥന്റെ സഹപാഠിയാണ് അഡ്വ.വി.മോഹന. കോയമ്പത്തൂർ സ്വദേശി. 1983ൽ കോയമ്പത്തൂരിലെ ലാ കോളേജിൽ ഒരേ ബാച്ചിലായിരുന്നു ഇരുവരും. മോഹനയുടെ നിയമനം അംഗീകരിച്ചാൽ വനിതാ ജഡ്‌ജിമാരുടെ എണ്ണം രണ്ടാകും. നിലവിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമാണുള്ളത്. അഞ്ച് വർഷത്തിനുശേഷമാണ് ഒരു വനിതയെ ശുപാർശ ചെയ്യുന്നത്. ജസ്റ്റിസ് ആർ. ബാനുമതിക്കുശേഷം വീണ്ടും തമിഴ്നാട് സ്വദേശി പരമോന്നത കോടതിയിലെ ജ‌ഡ്‌ജിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. സുപ്രീംകോടതി അഭിഭാഷകമാരുടെ നിരയിൽ നിന്ന് രണ്ടാമത്തെ ആളും. നേരത്തെ ഇന്ദു മൽഹോത്രയെ നിയമിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360