
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. 12ഓളം പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആർ.ഐ.എൻ.എൽ) പ്ലാന്റിലെ എസ്.എം.എസ് 1, എസ്.എം.എസ് 2 യൂണിറ്റുകളിൽ ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.
പ്ലാന്റിലെ പ്രവർത്തനങ്ങൾക്കിടയിൽ ഉരുകിയ ഇരുമ്പ് വഹിച്ചുകൊണ്ട് കൊണ്ടുപോകുന്ന ലാഡർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും, വൻതോതിൽ ഉരുകിയ ലോഹം തൊഴിലാളികളുടെ മേൽ വീഴുകയുമായിരുന്നു. ഏകദേശം 1,600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കായിരുന്നു പാത്രത്തിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് ഉരുക്ക് പുറത്തേക്ക് ഒഴുകി. ഇതോടെ പ്ലാന്റിൽ തീപ്പിടുത്തമുണ്ടായി. ഉടൻ എമർജൻസി റസ്‌ക്യൂ ടീമും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണവിധയമാക്കി രാക്ഷാപ്രവർത്തനം ആരംഭിച്ചു.
അതേസമയം, കടുത്ത ചൂടും പുകയും കാരണം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങി പോയതും മരണസംഖ്യ ഉയരാനും കാരണമായെന്ന് അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |