SignIn
Kerala Kaumudi Online
Thursday, 11 June 2026 4.38 AM IST

വിഖ്യാത തമിഴ് സംവിധായകൻ ഭാരതിരാജ ചരിത്രമായി

b

ചെന്നൈ: സിനിമയ്ക്ക് ഗ്രാമങ്ങളുടെ ജീവിതഗന്ധം പകർന്ന വിഖ്യാത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു.

ചെന്നൈ നീലാങ്കരയിലെ വസതിയിൽ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം

സംസ്കാരം ഇന്ന് വൈകിട്ട് 3ന് ജന്മനാടായ തേനിയിലെ വട്ടലകുണ്ട് ഫാം ഹൗസ് വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സിനിമയുടെ ഷൂട്ടിംഗ് സ്റ്റുഡിയോകളിൽനിന്ന് ഗ്രാമ പ്രദേശങ്ങളിലേക്ക് മാറ്റിയത് നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായിരുന്ന ഭാരതിരാജയാണ്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയിൽ പൊതുദർശനത്തിനുവച്ച ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സംഗീതജ്ഞൻ ഇളയരാജ, സൂപ്പർതാരങ്ങളായ രജനികാന്ത്, കമലഹാസൻ, സൂര്യ, സംവിധായകൻ സീമാൻ, അഭിനേതാക്കളായ സത്യരാജ്, ശരത്‌കുമാർ, രാധിക തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഇന്നലെ എല്ലാതമിഴ് സിനിമാ, സീരിയൽ ചിത്രീകരണങ്ങളും നിറുത്തിവച്ചു.

തേനി അല്ലിനഗരത്തിൽ പെരിയമായ തേവരുടെയും മീനാക്ഷിയമ്മാളുടെയും മകനായി പിറന്ന ചിന്നസ്വാമിയാണ് സംവിധായകൻ ഭാരതിരാജയായി മാറിയത്. 1977 ൽ പുറത്തിറങ്ങിയ '16 വയതിനിലേ" എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രവേശനം. സിഗപ്പു റോജകൾ, നിഴൽഗൾ, അലൈകൾ ഓയ് വതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്.

ഭാര്യ: ചന്ദ്രലീലാവതി. മക്കൾ: ജനനി രാജ്കുമാർ, അന്തരിച്ച നടനും സംവിധായകനുമായ മനോജ് ഭാരതിരാജ. മനോജിന്റെ ഭാര്യ നന്ദന മലയാളിയാണ്.

മകന്റെ മരണം

കഴിഞ്ഞവർഷം മാർച്ചിലാണ് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അതിനുശേഷം വല്ലാത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു ഭാരതിരാജ. 2004 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ആറുതവണ ദേശീയ അവാർഡ് ലഭിച്ചു. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായിരുന്നു. 2020 ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ 'മീണ്ടും ഒരു മര്യാദൈ" പുറത്തിറങ്ങിയത്. അടുത്തിടെ മോഹൻലാൽ നായകനായ 'തുടരും" എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്റർ പഴനിസാമിയുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, BHARATIRAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360