SignIn
Kerala Kaumudi Online
Sunday, 05 July 2026 7.35 AM IST

ഭീകര പട്ടികയിൽ 23 പേ‌ർ കൂടി

READ ENGLISH VERSION
s

17 പാക് സ്വദേശികൾ 6 ഇന്ത്യക്കാർ

പത്താൻകോട്ട്,​ പാംപോർ ആക്രമണങ്ങളിൽ അടക്കം രാജ്യം തേടുന്നവർ

ബംഗളൂരുവിലെ ടെക്കിയും,​ ഹാഫിസ് സയിദിന്റെ മരുമകനും പട്ടികയിൽ

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനായി 17 പാകിസ്ഥാൻകാരടക്കം 23 പേരെ യു.എ.പി.എ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചു. പത്താൻകോട്ട്,​പാംപോർ ആക്രമണങ്ങളിൽ രാജ്യം തേടുന്നവരാണ് ഇവർ. അയോദ്ധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയ ഡോക്‌ടർ എന്നറിയപ്പെടുന്ന മുഹമ്മദ് മുസാദിഖ്,​ ലഷ്കറെ ത്വയ്ബ തലവൻ ഹാഫിസ് മുഹമ്മദ് സയിദിന്റെ മരുമകൻ ഹാഫിസ് ഖാലിദ് വലീദ് എന്നിവരും പട്ടികയിലുണ്ട്.

ജെയ്ഷെ മുഹമ്മദ്,​ ലഷ്കറെ ത്വയ്ബ,​ അൽഖ്വയ്ദ, ഐസിസ് തുടങ്ങിയ ഭീകരസംഘടനകളിൽ പ്രവർത്തിക്കുന്നവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്. ഇന്ത്യക്കാരായ ആറു പേരിൽ 5 പേർ ജമ്മു കാശ്‌മീർ സ്വദേശികളാണ്. രാമേശ്വരം കഫെ സ്‌ഫോടനക്കേസിൽ തിരയുന്ന,​ ബംഗളൂരുവിൽ ടെക്കിയായിരുന്ന മുഹമ്മദ് ഷാഹിദ് ഫൈസലാണ് ആറാമൻ. 23 പേരും പാകിസ്ഥാൻ,​പാക് അധീന കാശ്‌മീർ എന്നിവിടങ്ങളാണ് താവളമാക്കിയിരിക്കുന്നത്. നേരത്തെ 57 പേരെ ഭീകരരായി പ്രഖ്യാപിച്ചിരുന്നു. ആകെ 80 പേരായി മാറി.

കൊടുംഭീകരർ

1.അഷ്ഫാഖ് അഹമ്മദ്

പാക് പൗരൻ. ജെയ്ഷെ മുഹമ്മദിൽ പ്രവ‌ർത്തിക്കുന്നു. 2016 ൽ പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിൽ പങ്ക്.

2.ഹാഫിസ് ഖാലിദ് വലീദ്

പാക് പൗരൻ. ഹാഫിസ് മുഹമ്മദ് സയിദിന്റെ മരുമകൻ. 2003 മുതൽ ലഷ്കറെ ത്വയ്ബയുടെ കേന്ദ്ര ഉപദേശക സമിതി അംഗം. 2016ൽ 8 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ച പാംപോർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ.

3.ഡോക്‌ടർ എന്നറിയപ്പെടുന്ന മുഹമ്മദ് മുസാദിഖ്

പാക് പൗരൻ. ജെയ്ഷെ മുഹമ്മദിൽ ലോഞ്ചിംഗ് കമാൻഡർ. അയോദ്ധ്യ രാമക്ഷേത്രം, ആർ‌.എസ്‌.എസ് ആസ്ഥാനം,പാനിപ്പത്തിലെ ഐ‌.ഒ‌.സി‌.എൽ റിഫൈനറി തുടങ്ങിയവയ്‌ക്ക് നേ‌ർക്ക് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു.

4.മൗലാന ഇംദാദ് ഉല്ലാ മക്കി

പാക് പൗരൻ. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ അടുത്ത അനുയായി. പത്താൻകോട്ട് ആക്രമണത്തിൽ പങ്ക്.

5.മസൂദ് ഇല്യാസ് കശ്മീരി

മൗലാന മസൂദ് അസറിന്റെ വിശ്വസ്‌തൻ. കാശ്‌മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന്റെ ഏകോപനമാണ് ചുമതല.

രാജ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ ഭീകര സംഘടനകളെയും ഇല്ലാതാക്കാൻ മോദി സർക്കാർ

പ്രതിജ്ഞാബദ്ധമാണ് - അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TERRORIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360