
ന്യൂഡൽഹി: വിവാഹേതര ബന്ധം തെളിയിക്കാനുള്ള രേഖയായി ഹോട്ടൽ ബുക്കിംഗ് രേഖകളും ഫോൺ വിളിയുടെ വിവരങ്ങളും (സി.ഡി.ആർ) ശേഖരിക്കുന്നത് സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമല്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഡൽഹി ഹൈക്കോടതി വിധി ജസ്റ്റിസുമാരായ മൻമോഹൻ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ശരിവച്ചു.
സ്വകാര്യത മൗലികാവകാശമാണെങ്കിലും, പൊതുതാത്‌പര്യം കണക്കിലെടുക്കുമ്പോൾ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതാണ് സുപ്രീംകോടതി ശരിവച്ചത്.
ഭർത്താവ് മറ്റൊരു സ്ത്രീക്കും മകൾക്കുമൊപ്പം ജയ്‌പൂരിലെ ഒരു ഹോട്ടലിൽ താമസിച്ചത് തെളിയിക്കാൻ ബുക്കിംഗ് രേഖകളും ഭർത്താവിന്റെ ഫോൺ വിവരങ്ങളും ഹാജരാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. അത്തരം രേഖകൾ തന്റെയും മറ്റേ സ്ത്രീയുടെയും അവകാശത്തെ ലംഘിക്കുമെന്ന് വാദിച്ച് ഭർത്താവ് എതിർത്തെങ്കിലും ഡൽഹി ഹൈക്കോടതി വാദം തള്ളി . ഭർത്താവിന്റെ പരസ്‌ത്രീ ബന്ധം നേരിട്ട് തെളിയിക്കാൻ ബുദ്ധിമുട്ടാണെന്നും സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |