
ന്യൂഡൽഹി: ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്കപ്പുറവും ഇപ്പുറവും മൊട്ടിട്ട പ്രണയം. പ്രണയിനിയെ ഒന്നുകാണാൻ പാക് അധിനിവേശ കാശ്‌മീരിൽ നിന്ന് നിയന്ത്രണ രേഖ കടന്ന 22കാരൻ സൈന്യത്തിന്റ പിടിയിലായി. ഒരു മാസം ജയിലിൽ. കാമുകിയെ കാണാനുള്ള സാഹസികതയാണെന്ന് വ്യക്തമായതോടെ സൈന്യം അയഞ്ഞു. കാമുകിയെ കാണാൻ മൂന്നുമിനിട്ട് അനുവദിച്ച ശേഷം മടക്കി അയച്ചു. കഴിഞ്ഞ ദിവസം ഉറിയിലെ അമാൻ സേതു അതിർത്തിയിൽ വച്ച് യുവാവിനെ പാക് സേനയ്ക്ക് കൈമാറി.
പാക് അധീന കാശ്മീരിലെ മുസാഫറാബാദ് സ്വദേശിയായ സീഷാൻ മീറും ജമ്മുകാശ്‌മീരിലെ ബാരാമുള്ള സ്വദേശിയായ ഇറാം മജീദ് ബാനോവും സമൂഹ മാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. സൗഹൃദം കടുത്ത പ്രണയമായി. ഇതിനിടെ തന്റെ പിതാമഹൻമാർ ബാരമുള്ളക്കാരാണെന്ന വിവരം അറിഞ്ഞതോടെ സീഷാൻ അതിർത്തി കടക്കാനുറപ്പിച്ചു. ഇന്ത്യൻ സൈന്യത്തിന് പിടികൊടുത്ത ശേഷം ബാരമുള്ളയുമായുള്ള ബന്ധം പറഞ്ഞ് പ്രണയം സാക്ഷാത്കരിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ മേയ് 31ന് ഉറിയിലെ സിലിക്കോട്ട് മേഖലയിലൂടെ അതിർത്തി കടന്നു. ഭീകരനെന്ന് കരുതിയ സേന ഇയാളെ പിടികൂടി പൊലീസിന് കൈമാറി.
ചോദ്യം ചെയ്‌തപ്പോളാണ് പ്രണയ കഥയുടെ ചുരുളഴിഞ്ഞത്. ഇറാമിനെയും ചോദ്യം ചെയ്‌തു. സത്യം ബോദ്ധ്യപ്പെട്ടതോടെ സൈന്യം മയപ്പെട്ടു. അനധികൃതമായി അതിർത്തി കടന്നതിനുള്ള കേസിൽ ഒരു മാസം തടവ്. പിന്നീട് ഉറി കോടതി കുറ്റവിമുക്തനാക്കി.
കസ്റ്റഡിയിലിരിക്കെ സീഷാനെ സന്ദർശിച്ച ഇറാമിന്റെ കുടുംബം വസ്ത്രവും ഷൂസും സമ്മാനിച്ചിരുന്നു. മകൾക്ക് സീഷാനെ വിവാഹം കഴിച്ചുകൊടുക്കാൻ തയ്യാറാണെന്ന് മാതാവ് അഫ്രോസ ബീഗം അറിയിച്ചിട്ടുണ്ട്. സീഷാനെ ഒരു അതിഥിയെപ്പോലെയാണ് ചിനാർ കോർപ്‌സിലെ സൈനികർ പരിഗണിച്ചതെന്നും നന്ദിയുണ്ടെന്നും അവർ പറയുന്നു.
അന്ന് സീമ
2023ൽ തന്റെ നാല് കുട്ടികളുമായി ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ച സീമ ഹൈദറിനെ സൈന്യം പിടികൂടിയിരുന്നു. കാമുകനായ സച്ചിൻ മീണയ്‌ക്കൊപ്പം താമസിക്കാനാണെത്തിയത്. സീമ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ഇപ്പോൾ സച്ചിനും കുട്ടികൾക്കുമൊപ്പം ഗ്രേറ്റർ നോയിഡയിൽ താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |