
ഫോക്സ്ബറോ: 28 വർഷത്തിന് ശേഷം ലോകകപ്പിനെത്തിയ നോർവേ ഗംഭീര ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ഐയിലെ പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് നോർവെ ഇറാഖിനെ കീഴടക്കി. സൂപ്പർ താരം ഹാലാൻഡ്് ഇരട്ടഗോളുമായി കളം നിറഞ്ഞ മത്സരത്തിൽ ഓസ്റ്റിഗാർഡ് ഒരു ഗോൾ നേടി. അയ്മെനി ഹുസൈന്റെ വകയായി സെൽഫ് ഗോളും നോർവേയുടെ അക്കൗണ്ടിൽ എത്തി. ഹുസൈൻ തന്നെയാണ് ഇറാഖിന്റെ ആശ്വാസ ഗോൾ നേടിയത്. 1986ന് ശേഷമാണ് ഇറാഖ് ലോകകപ്പിനെത്തുന്നത്.
83-ാം മിനിട്ടിൽ ഹാലാൻഡ് ഹാട്രിക്കിനടുത്തെത്തിയെങ്കിലും ഇറാഖിന്റെ ഗോളി ജലാൽ ഹസൻ വിലങ്ങ് തടിയായി. മത്സരത്തിന്റെ തുടക്കത്തിൽ ഇറാഖിന് നല്ല നീക്കങ്ങൾ നടത്താനായെങ്കിലും തുടർന്ന് നോർവേ കളിയുടെ കടിഞ്ഞാൺ കൈക്കലാക്കി. പാസിംഗിലും ഷോട്ടിലും പൊസഷനിലുമെല്ലാം നോർവേയുടെ സമഗ്രാധിപത്യമായിരുന്നു.
കിടിലൻ എംബാപ്പെ
ന്യൂയോർക്ക്: നിലവിലെ ലോകചാമ്പ്യൻമാരായി 2002ലെ ലോകകപ്പിനെത്തിയ തങ്ങളെ ഒറ്റഗോളിൽ വീഴ്ത്തിയ സെനഗലിനോട് 24 വർഷത്തിന് ശേഷം പകരം വീട്ടിയിരിക്കുകയാണ് ഫ്രാൻസ്. ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ 3-1നാണ് ഫ്രാൻസ് സെനഗലിനോട് പകരം വീട്ടിയത്. ഇരട്ടഗോളുമായി മിന്നിയ സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് അവരുടെ വിജയശില്പി. ബ്രാഡ്‌ലി ബാർകോള ഫ്രാൻസിനായി ഒരു ഗോൾ നേടി. ഇബ്രാഹിം എംബായെ രണ്ടാം പകുതിയുടെ അധിക സമയത്ത് സെനഗലിനായി ഒരു ഗോൾ മടക്കി. പിന്നാലെ എംബാപ്പെ നേടിയ തകർപ്പൻ ലോംഗ് റേഞ്ചർ ഗോൾ ടൂർണമെന്റിലെ തന്നെ ഏറ്രവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു.
നേരത്തേ നിക്കോളാസ് ജാക്ക്സൺ ഫ്രാൻസിന്റെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായിരുന്നു.
14-ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി. മെസിയെ ലോകകപ്പ് ഗോൾ നേട്ടത്തിൽ മറികടന്നെങ്കിലും പിന്നീട് മെസി വീണ്ടും മുന്നിൽക്കയറി. എംബാപ്പെയുടെ 14 ഗോളുകളിൽ 12ഉം രണ്ടാം പകുതിയിലാണ് നേടിയത്.
15- മേജർ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ എംബാപ്പെയുടെ ഗോൾ നേട്ടം 15ആയി.
58- ഫ്രാൻസിനായി ഏറ്രവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ. ആകെ ഗോൾ 58 ആയി.
5-ഇത് 5-ാം തവണയാണ് എംബാപ്പെ ലോകകപ്പിൽ ഒരു മത്സരത്തിൽ ഒന്നിലധികം ഗോളുകൾ നേടുന്നത്.
18 വയസ്- ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ ആഫ്രിക്കൻ താരമായി എംബായെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |