SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.29 PM IST

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 മില്യൺ ഡോളർ പാരിതോഷികം; പുതിയ നീക്കവുമായി ഇറാൻ

trump

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും തലയ്ക്ക് വിലയിട്ട് ഇറാൻ. ഇരുവരെയും വധിക്കുന്നവർക്ക് 58 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷ, വിദേശനയ കമ്മിറ്റി ചെയർമാൻ എബ്രാഹിം അസീസി വ്യക്തമാക്കി.

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്ന വ്യക്തിക്ക്, അല്ലെങ്കിൽ സ്ഥാപനത്തിന് 50 ദശലക്ഷം യൂറോ (ഏകദേശം 58.23 ദശലക്ഷം ഡോളർ) പാരിതോഷികം നൽകുന്നത് സംബന്ധിച്ച "ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈനിക, സുരക്ഷാ സേനകളുടെ പ്രത്യാക്രമണം" എന്ന ബിൽ തയ്യാറാക്കാനുള്ള നീക്കത്തിലാണ് കമ്മിറ്റി എന്ന് അസീസി പറഞ്ഞു. മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായാണ് പുതിയ നീക്കം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്‌‌മിറൽ ബ്രാഡ് കൂപ്പറിനെ വധിക്കുന്നവർക്കും പാരിതോഷികം ലഭിക്കും.

ട്രംപിനെയും നെതന്യാഹുവിനെയും ഇല്ലാതാക്കുന്നവർക്ക് 50 മില്യൺ ഡോളർ സമ്മാനം പ്രഖ്യാപിച്ച് ഇറാൻ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ വാർഫെയർ ഗ്രൂപ്പായ ഹന്ദലയും നേരത്തെ രംഗത്തെത്തിയിരുന്നു. യുഎസ് നീതിന്യായ വകുപ്പ് ഈ സംഘടനയിലെ അംഗങ്ങളെ പിടികൂടുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തതിന് മറുപടിയായായിരുന്നു പ്രഖ്യാപനം.

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന് മുന്നിൽ ഇറാൻ പുതിയ സമാധാന നിർദ്ദേശം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് പാരിതോഷികത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. മദ്ധ്യസ്ഥ രാജ്യമായ പാകിസ്ഥാൻ വഴിയാണ് ഇറാന്റെ സമാധാന നീക്കം. ഉപരോധങ്ങൾ പൂർണമായും നീക്കണം, മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണം, ഹോർമുസ് കടലിടുക്കിന് മേൽ തങ്ങളുടെ നിയന്ത്രണം തുടരും തുടങ്ങിയ ആവശ്യങ്ങളിൽ ഇറാൻ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, IRAN, TRUMP, NETANYAHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360