
വാഷിംഗ്ടൺ: യു.എസ് ചരിത്രത്തിൽ, വിയറ്റ്നാം യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ 11 മാസത്തെ ദൗത്യം പൂർത്തിയാക്കി ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ‘യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ്’. വിർജീനിയയിലെ സ്വന്തം താവളത്തിൽ ഇന്നലെ തിരിച്ചെത്തി. യു.എസും ഇറാനും തമ്മിലുള്ള യുദ്ധത്തിലും വെനസ്വേലൻ പ്രസിഡന്റായിരിക്കെ നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യത്തിലും ഈ യുദ്ധക്കപ്പൽ പങ്കാളിയായിരുന്നു. അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ ഈ യുദ്ധക്കപ്പലിലും ഒപ്പമുണ്ടായിരുന്ന രണ്ട് നശീകരണ കപ്പലുകളിലുമായി അയ്യായിരത്തോളം നാവികരാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് കപ്പലിലുണ്ടായ തീപിടുത്തത്തെയും നാവികർക്കു നേരിടേണ്ടി വന്നു. തുടർന്ന് ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ വച്ച് കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്തി. തിരികെയെത്തിയ നാവികരെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്വീകരിച്ചു.
ജെറാൾഡ് ആർ ഫോർഡ് കപ്പൽ കടലിൽ ചെലവഴിച്ച 326 ദിവസങ്ങൾ കഴിഞ്ഞ 50 വർഷത്തിനിടയിൽ ഒരു വിമാനവാഹിനിക്കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണ്. വിയറ്റ്നാം യുദ്ധകാലത്തെ റെക്കാർഡും ഇതോടെ ഈ കപ്പൽ തകർത്തു. ഇതിനേക്കാൾ ദൈർഘ്യമേറിയ ദൗത്യങ്ങൾ നടന്നിട്ടുള്ളത് 1973 ൽ 332 ദിവസങ്ങൾ കടലിൽ കഴിഞ്ഞ യു.എസ്.എസ് മിഡ്‌വേ, 1965ൽ 329 ദിവസങ്ങൾ കഴിഞ്ഞ യു.എസ്.എസ് കോറൽ സീ എന്നിവയുടേത് മാത്രമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |