SignIn
Kerala Kaumudi Online
Monday, 15 June 2026 7.36 AM IST

മോദിയെ വരവേറ്റ് സ്വീഡൻ

pic

 അകമ്പടി യുദ്ധവിമാനങ്ങൾ
 നേരിട്ടെത്തി സ്വീകരിച്ച് സ്വീഡിഷ് പ്രധാനമന്ത്രി

ഗോഥൻബർഗ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി സ്വീഡൻ. നെതർലൻഡ്സ് സന്ദർശനത്തിനുശേഷം ഇന്നലെ വൈകിട്ടാണ് മോദി സ്വീഡനിലെത്തിയത്. പ്രധാനമന്ത്രിയുടെ വിമാനം സ്വീഡിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടൻ സ്വീഡിഷ് വ്യോമസേനയുടെ ഗ്രൈപ്പൻ യുദ്ധവിമാനങ്ങൾ അകമ്പടിയ്ക്കെത്തി.

ഗോഥൻബർഗ് നഗരത്തിലെ ലാൻഡ്‌വെറ്റർ വിമാനത്താവളത്തിലെത്തിയ മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ നേരിട്ടെത്തി സ്വീകരിച്ചു. ഔദ്യോഗിക ഗാർഡ് ഒഫ് ഓണർ നൽകി. ഗോഥൻബർഗിലെ തെരുവുകളിലും ഹോട്ടലിലുമായി ഇന്ത്യൻ വംശജർ അടക്കം നിരവധി പേർ മോദിയെ കാണാനെത്തി. പരമ്പരാഗത ബംഗാളി നൃത്തമടക്കം കലാരൂപങ്ങൾ ഹോട്ടലിൽ അവതരിപ്പിച്ചു.

എ.ഐ, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ മോദിയും ക്രിസ്റ്റേഴ്സണും ഉഭയകക്ഷി ചർച്ച നടത്തി. ഇരുനേതാക്കളും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ, സ്വീഡിഷ് സി.ഇ.ഒമാർക്കുമൊപ്പം ബിസിനസ് യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഇന്ന് നോർവേയിലേക്ക് തിരിക്കും.

 പ്രധാനമന്ത്രിക്ക് സ്വീഡന്റെ ആദരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത ബഹുമതിയായ 'റോയൽ ഓർഡർ ഒഫ് ദ പോളാർ സ്റ്റാർ' നൽകി ആദരിച്ച് സ്വീഡൻ. ഇന്ത്യ-സ്വീഡൻ ബന്ധത്തിന് മോദി നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും കണക്കിലെടുത്താണ് അംഗീകാരം. സ്വീഡിഷ് കിരീടാവകാശി വിക്ടോറിയ രാജകുമാരി ബഹുമതി മോദിക്ക് കൈമാറി. മോദിക്ക് ലഭിക്കുന്ന 31 -ാമത്തെ ആഗോള ബഹുമതിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360