SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

വെന്തുരുകി യൂറോപ്പ്  ഫ്രാൻസിൽ 7 മരണം

f

പാരീസ്: യൂറോപ്യനെ വരിഞ്ഞുമുറുക്കി കടുത്ത ഉഷ്ണതരംഗം. മേയിൽ അനുഭവപ്പെട്ട റെക്കാർഡ് ചൂടിൽ വിവിധ രാജ്യങ്ങളിലായി ജനജീവിതം സ്തംഭിച്ചു. ഫ്രാൻസിൽ കനത്ത ചൂടിനെ തുടർന്ന് ഏഴ് പേർ മരിച്ചു. യു.കെയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുതവണയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള താപനില റെക്കാർഡുകൾ തകർന്നത്. ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള ഉഷ്ണവായു യൂറോപ്പിന് മുകളിൽ ഒത്തുചേർന്ന് അന്തരീക്ഷത്തിൽ വൻതോതിൽ ചൂട് തങ്ങിനിൽക്കുന്ന 'ഹീറ്റ് ഡോം" എന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസമാണ് നിലവിലെ കടുത്ത ഉഷ്ണതരംഗത്തിന് കാരണം.

ഒരു പാത്രത്തിന് മുകളിൽ അടപ്പുവച്ചതുപോലെ ശക്തമായ വായുമർദ്ദം ചൂടുവായുവിനെ താഴേക്ക് അമർത്തി നിറുത്തുന്ന അവസ്ഥയാണിത്. ആഗോള കാലാവസ്ഥാ വ്യതിയാനത്താൽ ഈ ഹീറ്റ് ഡോം ആഴ്ചകളോളം നീണ്ടുനിൽക്കും. ഇതിനാൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടും.

ഫ്രാൻസിൽ കനത്ത ചൂടിൽ ആശ്വാസം തേടി തടാകങ്ങളിലും നദികളിലും കടൽത്തീരങ്ങളിലും ഇറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചെന്ന് ഫ്രഞ്ച് ജൂനിയർ എനർജി മിനിസ്റ്റർ മൗഡ് ബ്രെജിയോൻ വ്യക്തമാക്കി. കൂടാതെ,പാരീസിൽ നടന്ന ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത 53കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ലിയോൺ നഗരത്തിൽ ഒരു സ്ത്രീ സൂര്യാഘാതമേറ്റ് മരിക്കുകയും ചെയ്തിട്ടുണ്ട്.

ചൂട് അസഹനീയമായതിനെ തുടർന്ന് രാജ്യത്തെ പല കായിക മത്സരങ്ങളും റദ്ദാക്കി. മേയിൽ ഇത്തരമൊരു കടുത്ത ചൂട് രാജ്യം മുൻപെങ്ങും അഭിമുഖീകരിച്ചിട്ടില്ലെന്നും അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ഉച്ചസമയങ്ങളിൽ പുറത്തിറങ്ങരുതെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ബ്രിട്ടണിലും

കനത്ത ചൂട്

ബ്രിട്ടണിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മേയ് മാസത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലണ്ടനിലെ ക്യൂ ഗാർഡൻസിൽ തിങ്കളാഴ്ച 34.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് 1922ലും 1944ലും രേഖപ്പെടുത്തിയ റെക്കാർഡുകളെക്കാൾ രണ്ട് ഡിഗ്രി കൂടുതലാണ്. തുടർന്ന് ചൊവ്വാഴ്ചയും താപനില വീണ്ടും ഉയർന്ന് പുതിയ റെക്കാർഡ് കുറിച്ചു. ചൂട് താങ്ങാനാവാതെ ലണ്ടനിലെ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കടുത്ത പ്രതിസന്ധിയിലാണ്. സാധാരണയായി ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ മാത്രം അനുഭവപ്പെടാറുള്ള കടുത്ത വേനൽ ഇത്തവണ മേയിൽ എത്തിയത് ശാസ്ത്രലോകത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്. സ്പെയിൻ, ഇറ്റലി, അയർലൻഡ് തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വരും ദിവസങ്ങളിൽ താപനില 38 ഡിഗ്രിക്ക് മുകളിൽ ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360