
മക്ക: ഇസ്ലാമിക കലണ്ടറിലെ പുതുവത്സരപ്പിറവിയായ മുഹറം ഒന്നിന് പുത്തൻ കിസ്‌വ അണിഞ്ഞ് വിശുദ്ധ കഅ്ബ. ആഡംബര പട്ടും സ്വർണവും ഉപയോഗിച്ച് 150 സൗദി കരകൗശല വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഒരുവർഷമെടുത്ത് നിർമ്മിച്ച കിസ്‌വയാണ് ചൊവ്വാഴ്ച പുലർച്ചയോടെ കഅ്ബയ്ക്ക് മൂടുപടമായി അണിയിച്ചത്. പഴയ കിസ്‌വ മാറ്റിയ ശേഷമാണ് പുതിയത് സ്ഥാപിച്ചത്. മുഹറം ഒന്ന് പ്രമാണിച്ച് വർഷാവർഷം നടക്കുന്ന പരമ്പരാഗത ചടങ്ങാണിത്. മേൽത്തരം കറുത്ത പട്ടിൽ സ്വർണ, വെള്ളി നൂലുകളാൽ തുന്നിയെടുത്ത 30 ഖുർആൻ വാക്യങ്ങൾ ഉൾക്കൊള്ളുന്ന കിസ്‌വയ്ക്ക് 1,400 കിലോഗ്രാമോളം ഭാരമുണ്ട്.
കിസ്‌വ നിർമ്മിക്കുന്നതിന് ചുമതലയുള്ള കിംഗ് അബ്ദുൽ അസീസ് കോംപ്ലക്സ് ഫോർ കിസ്‌വയിലെ കരകൗശല വിദഗ്ധരും സാങ്കേതിക പ്രവർത്തകരും ചേർന്ന് പത്ത് ഘട്ടങ്ങളായാണ് കഅ്‌ബയ്ക്ക് മുകളിൽ പുതിയ കിസ്‌വ സ്ഥാപിച്ചത്. ഓരോ കഷ്ണവും കഅ്ബയുടെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേർക്കുകയായിരുന്നു. കിസ്‌വ നിർമ്മിക്കാൻ 60 കോടിയോളം രൂപ ചെലവ് വരുന്നുണ്ട്. മസ്ജിദുൽ ഹറം, മസ്ജിദുന്നബവി കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് മേൽനോട്ടം വഹിച്ചു. കിസ്‌വ മാറ്റൽ ചടങ്ങ് ദർശിക്കാൻ നിരവധി വിശ്വാസികളും തടിച്ചുകൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |