
ന്യൂഡൽഹി: യു.എസ് - ഇറാൻ സമാധാന കരാർ നടപ്പാക്കുമ്പോൾ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16 മാസത്തിനു ശേഷം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിലെ നൂറുകണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷ രാജ്യത്തിന് പരമപ്രധാനമാണ്. സമാധാന കരാർ നടപ്പാക്കുമ്പോൾ അവരുടെ സുരക്ഷയ്‌ക്ക് ഉയർന്ന പരിഗണന കിട്ടുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് മോദി പറഞ്ഞു. ഫ്രാൻസിലെ ജി 7 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടത്തിയത്. ഹോർമുസ് കടലിടുക്കിന് സമീപത്തുവച്ച് കപ്പലുകൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ നാവികരുടെ മരണത്തിൽ ട്രംപ് അനുശോചനം അറിയിച്ചു.
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാൻ ട്രംപ് നടത്തുന്ന പരിശ്രമങ്ങളെ മോദി പ്രകീർത്തിച്ചു.
ഇന്ത്യ ആക്രമിക്കപ്പെട്ടാൽ
ഉടൻ സഹായത്തിനെത്തും
ആരെങ്കിലും ഇന്ത്യയെ ആക്രമിച്ചാൽ, യു.എസ് ഉടൻ അവിടെയെത്തുമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞവർഷം ട്രംപുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ത്യ-യു.എസ് ബന്ധത്തിൽ പുതിയ ഊർജ്ജവും വേഗവും കൈവന്നുവെന്ന് മോദി വ്യക്തമാക്കി. വ്യാപാര കരാറിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങൾ കൈവരിക്കുന്ന പുരോഗതിയിൽ സന്തോഷമുണ്ട്. സമ്പദ്‌വളർച്ച,വിതരണ ശൃംഖലകൾ ശക്തമാക്കൽ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,നിക്ഷേപ പങ്കാളിത്തം,പ്രതിരോധം,ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും ചർച്ച ചെയ്‌തു.
മോദി കൂളാണ്,മാലാഖയെ പോലെ
ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് ഇരുനേതാക്കളും കണ്ടപ്പോൾ, മോദിയുടെ ട്രേഡ്മാർക്കായ 'ആലിംഗനം' ഉണ്ടായില്ല. പകരം ഹസ്‌തദാനത്തിൽ ഒതുക്കിയിരുന്നു. ഇന്നലെ ബന്ധം ഊഷ്‌മളമായി. മോദി കൂളാണെന്നും അതേസമയം കരുത്തനും ടോട്ടൽ കില്ലറാണെന്നും ട്രംപ് പ്രകീർത്തിച്ചു. മോദി കാഴ്ചയിൽ മാലാഖയെ പോലെയാണ്. തനിക്ക് ഈ കഴിവുകളില്ല. മോദിയെ പോലെ ശാന്തപ്രകൃതക്കാരനല്ലെന്നും ട്രംപ് പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളണം
എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയാണ് ലോകത്തിന് ആവശ്യമെന്ന്, ജി 7 ഔട്ട്റീച്ച് സെഷനിൽ മോദി പറഞ്ഞു. ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് ഇടനാഴി ഉദാഹരണമാണ്. ഈ മേഖലകളിലുടനീളം വ്യാപാരം,വിതരണശൃംഖലകൾ,നിക്ഷേപം,നവീകരണം എന്നിവ ശക്തിപ്പെടുത്തുന്ന തന്ത്രപരമായ സംരംഭമാണിത്. ഇതേ മാതൃകയിലുള്ള പദ്ധതികൾ ആഫ്രിക്ക,ലാറ്റിൻ അമേരിക്ക,പസഫിക് ദ്വീപുകൾ എന്നിവ കേന്ദ്രീകരിച്ചും ആകാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |