
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാരം ഇന്ന് നടക്കാനിരിക്കെ, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്. ഇറാനുമായുള്ള ഇടക്കാല വെടിനിറുത്തൽ കരാർ അവസാനിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇനി ചർച്ചയ്ക്കില്ല. നിലവിലെ ഭരണകൂടത്തെ വാഴിക്കുകയുമില്ല.
ചൊവ്വാഴ്ച രാത്രി ഇറാനിലെ 80 സൈനിക താവളങ്ങളിൽ യു.എസ് ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് തുർക്കിയിലെ അങ്കാറയിൽ നാറ്റോ ഉച്ചകോടിക്കിടെ പ്രഖ്യാപനമുണ്ടായത്.
യു.എസിന്റെ ബഹ്റൈനിലെയും കുവൈറ്റിലെയും 85 കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. ബഹ്റൈനിലെ സൽമാൻ പോർട്ടിലും അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും കുവൈറ്റിലെ അലി അൽ സാലിം എയർബേസിലുമാണ് ആക്രമണമുണ്ടായത്. ആളപായമില്ല.
ആക്രമണത്തെ ശക്തമായി അപലപിച്ച യു.എ.ഇ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. ജൂൺ 18ന് ഒപ്പിട്ട ഇടക്കാല ധാരണ പ്രകാരം ആഗസ്റ്റ് പകുതിയോടെ ദീർഘകാല സമാധാന കരാരാണ് ലക്ഷ്യമിട്ടിരുന്നത്. അതാണിപ്പോൾ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്.
ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും സംസ്‌കാരം ഇറാനിലെ മഷാദിലെ വിശുദ്ധ ഇമാം റെസാ പള്ളിയിൽ ഇന്ന് നടക്കും. ചടങ്ങിൽ കാൽലക്ഷത്തോളം പേർ പങ്കെടുക്കും. ഇന്നലെ ഇറാഖിലെ നജാഫിലും കർബലയിലുമെത്തിയ ഖമനേയിയുടെ വിലാപ യാത്രയ്ക്ക് ആയിരങ്ങൾ സാക്ഷിയായി.
ഇളവ് പിൻവലിച്ചു
ക്രൂഡ് വില ഉയർന്നു
സമാധാന ധാരണയുടെ ഭാഗമായി ഇറാന് നൽകിയ എണ്ണ ഉപരോധ ഇളവും യു.എസ് പിൻവലിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും വർദ്ധിച്ചു. ഇറാന് രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കുന്നതിന് വീണ്ടും നിയന്ത്രണമുണ്ടാവും. അന്താരാഷ്ട്ര വിപണിയിലെ ചെറിയ വിലവ്യതിയാനങ്ങൾ പോലും ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |