SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.24 PM IST

അകത്താകുമെന്ന് ഉറപ്പായതോടെ റുവൈസിന്റെ പിതാവ് മുങ്ങി, ചോദ്യം ചെയ്യാനായി പൊലീസ് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ

READ ENGLISH VERSION

ruwise

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഡോ. റുവൈസിന്റെ പിതാവ് മുങ്ങി. ഇയാളെ ചോദ്യം ചെയ്യാനായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. വീടുപൂട്ടി എല്ലാവരും ഒളിവിൽ പോയെന്നാണ് റിപ്പോർട്ട്. കേസിൽ റുവൈസിന്റെ ബന്ധുക്കളെയും ഉടൻ ചോദ്യംചെയ്തേക്കും.

സ്ത്രീധനം ചോദിച്ചതിൽ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്നാണ് ഷഹനയുടെ വീട്ടുകാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അതിനാലാണ് പിതാവിനെയും ബന്ധുക്കളെയും ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായശേഷമായിരിക്കും അറസ്റ്റുവേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. റുവൈസിന്റെയും ഷഹ്നയുടെയും സുഹൃത്തുക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അതിനിടെ റുവൈസിന്റെ അംഗത്വം ഐഎംഎ സസ്പെൻഡുചെയ്തു. നേരത്തേ മെഡിക്കൽകോളേജിൽ നിന്നും സസ്‌പെൻഡുചെയ്തിരുന്നു.

അതിനിടെ, ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഡോ. റുവെെസിന് ഷഹന വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. ഈ മെസേജ് കിട്ടിയതോടെ റുവെെസ് ഷഹനയെ ബ്ലോക്ക് ചെയ്തു. ഷഹനയുടെ ഫോണിൽ നിന്ന് ഈ മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് മെസേജ് അയച്ചത്. അന്ന് അർദ്ധ രാത്രിയാണ് ഷഹനയെ അബോധാവസ്ഥയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് റുവെെസ് ഈ സന്ദേശം ഡിലിറ്റ് ചെയ്തു.

അതേസമയം, ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ ഡോക്ടര്‍ റുവൈസിന്റെ പേര് പരാമര്‍ശിച്ചിരുന്നതായി പൊലീസ് പറഞ്ഞു. റുവൈസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പൊലീസ് പറയുന്നത്. ഒ.പി ടിക്കറ്റില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പും ഷഹ്നയുടെ മാതാവിന്റെ മൊഴിയും പരിഗണിച്ചാണ് റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കറ് കണക്കിനു ഭൂമിയും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കയ്യില്‍ ഇല്ലായെന്നുള്ളത് സത്യമാണ്...' ആത്മഹത്യാക്കുറിപ്പിലെ ഈ പരാമര്‍ശമാണ് റുവൈസിനെ കുരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, RUWAIS, FATHER, HIDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY