SignIn
Kerala Kaumudi Online
Sunday, 21 June 2026 3.58 AM IST

'ഒരു പട്ടിയാ ചത്തതെങ്കിൽ ഇവിടെ ആളുണ്ടായേനെ'; അജീഷിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് ബലമായി പുറത്തെത്തിച്ച് നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്

READ ENGLISH VERSION
ajeesh

വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അജീഷ് കുമാറിന്റെ മൃതദേഹം നാട്ടുകാർ ആശുപത്രിയിൽ നിന്ന് ബലമായി പുറത്തേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആശുപത്രി ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അജീഷ് കൊല്ലപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കാൻ സർക്കാരിനും വനംവകുപ്പിനും കഴിയാത്തതിന്റെ പേരിലാണ് നാട്ടുകാർ രോഷാകുലരായത്. 'ഒരു പട്ടിയാ ചത്തതെങ്കിൽ ഇവിടെ ആളുണ്ടായേനെ' എന്ന് മൃതദേഹവുമായി നടന്നുനീങ്ങുന്നതിനിടെ നാട്ടുകാർ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, വനംവകുപ്പിനെയും വനംമന്ത്രി എ കെ ശശീന്ദ്രനെയും രൂക്ഷമായി വിമർശിച്ച് അജീഷിന്റെ പിതാവ് ജോസഫ് രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്തമില്ലാത്ത മന്ത്രി രാജിവയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്ന് മന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ജീവൻനഷ്ടമായ ശേഷം വാഗ്ദാനങ്ങൾ നൽകിയിട്ട് എന്ത് കാര്യം. അജീഷിന്റെ അമ്മ അസുഖമായി കിടക്കുകയാണ്. എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഞങ്ങൾക്ക് ജീവിക്കണ്ടേ? ആനയിറങ്ങിയിട്ടും വനംവകുപ്പ് വിവരമറിയിച്ചില്ല. സർക്കാർ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കരുത്. വോട്ടിന്റെ സമയമാകുമ്പോൾ മാത്രം ഓടി വന്നിട്ട് കാര്യമില്ല.' - ജോസഫ് പറഞ്ഞു.

വന്യമൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്‌ത് ജീവിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒരു ഓന്തിനെ കൊന്നാൽ പോലും വനംവകുപ്പ് കേസെടുക്കും. ഒരു മനുഷ്യൻ മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാൻ പോലും ആരും വരുന്നില്ല. അവർക്ക് ശമ്പളം മതി. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ഇവരുടെ പരിപാടിയെന്നും അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJEESH, FOREST DEPARTMENT, FOREST MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA