SignIn
Kerala Kaumudi Online
Thursday, 10 September 2026 8.00 PM IST

അവശ്യവസ്‌തുക്കൾക്ക് വീണ്ടും വിലക്കുതിപ്പ്

inflation

 റീട്ടെയിൽ നാണയപ്പെരുപ്പത്തിന് പിന്നാലെ മൊത്തവിലയും ഉയരുന്നു

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും അവശ്യവസ്‌തുക്കൾക്ക് വില കുതിച്ചുയരുന്നു. ഒക്‌ടോബറിൽ മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അഞ്ചുമാസത്തെ ഉയരമായ 12.54 ശതമാനത്തിലെത്തി. സെപ്‌തംബറിൽ 10.66 ശതമാനവും 2020 ഒക്‌ടോബറിൽ 1.31 ശതമാനമായിരുന്നു ഇത്.

തുടർച്ചയായ ഏഴാംമാസമാണ് മൊത്തവില നാണയപ്പെരുപ്പം കനത്ത ആശങ്ക സൃഷ്‌ടിച്ച് 10 ശതമാനത്തിനുമേൽ തുടരുന്നത്. പെട്രോൾ, ഡീസൽ വിലവർദ്ധന, ഭക്ഷ്യവസ്‌തുക്കളുടെ ഉയർന്നവില എന്നിവയാണ് പ്രധാന തിരിച്ചടി. പ്രകൃതിവാതകം, കെമിക്കൽ, കെമിക്കൽ ഉത്‌പന്നങ്ങൾ ലോഹം എന്നിവയുടെ വില വർദ്ധനയും വലയ്ക്കുന്നു.

സെപ്‌തംബറിലെ നെഗറ്റീവ് 4.69 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 1.69 ശതമാനത്തിലേക്ക് ഭക്ഷ്യവില നിലവാരം ഉയർന്നു. 24.81 ശതമാനത്തിൽ നിന്ന് ഇന്ധനവിലപ്പെരുപ്പം 37.18 ശതമാനത്തിലെത്തി. ക്രൂഡോയിൽ, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ വിലക്കയറ്റം 43.92 ശതമാനത്തിൽ നിന്ന് 66.46 ശതമാനത്തിലേക്കാണ്. മൊത്തവില വർദ്ധിച്ചതിനാൽ വരും മാസങ്ങളിൽ റീട്ടെയിൽ വിലയും വർദ്ധിക്കാനാണിട.

ചില്ലറ വിലയിൽ ചെറുതല്ല കുതിപ്പ്

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഒക്‌ടോബറിൽ 4.35 ശതമാനത്തിൽ നിന്ന് 4.48 ശതമാനമായി ഉയർന്നിരുന്നു. റീട്ടെയിൽ നാണയപ്പെരുപ്പം രണ്ട് - ആറ് ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.

പരിധിവിട്ടുയർന്നാൽ, റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ ഉയർത്താൻ മുതിർന്നേക്കും. 0.68 ശതമാനത്തിൽ നിന്ന് ഭക്ഷ്യവസ്‌തു വിലനിലവാരം 0.85 ശതമാനത്തിലെത്തിയത് റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

വ്യവസായത്തിലും കിതപ്പ്

ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക (ഐ.ഐ.പി) 3.1 ശതമാനം വളർച്ചയാണ് കഴിഞ്ഞ സെപ്‌തംബറിൽ കുറിച്ചത്; ഏഴുമാസത്തെ താഴ്ചയാണിത്. ആഗസ്‌റ്റിൽ 12 ശതമാനവും 2020 സെപ്‌തംബറിൽ ഒരു ശതമാനവുമായിരുന്നു വളർച്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, INFLATION, WPI INFLATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360