
ന്യൂഡൽഹി:പി.എസ്.സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനഅദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബി.ജെ.പി സംഘം രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. മുൻഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനക്ക് വിടണമെന്നും രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എം.പിമാരായ സദാനന്ദൻമാസ്റ്റർ, പി.ടി. ഉഷ എന്നിവർക്കൊപ്പമാണ് രാഷ്‌ട്രപതിയെ കണ്ടത്.
പി.എസ്.സിയിൽ ഗുരുതരസ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നതെന്ന് നിവേദനത്തിൽ ആരോപിച്ചു. ഭരണഘടനയുടെ 317-ാം അനുച്ഛേദം പ്രകാരമുള്ള അധികാരം ഉപയോഗിച്ച് സുപ്രീംകോടതിയുടെ പരിഗണനക്ക് വിടണം. വിഷയത്തിന്റെ ഭരണഘടനാപരമായ ഗൗരവം രാഷ്‌ട്രപതിയെ ബോദ്ധ്യപ്പെടുത്തിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ബി.ജെ.പി തുടക്കം മുതൽ പി.എസ്.സി വിഷയത്തിൽ പിന്നാലെയുണ്ട്. രാജ്യത്തെ യുവാക്കളെയും തൊഴിലില്ലായ്‌മയെയും സംബന്ധിച്ച് ആവലാതിപ്പെടുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു. തമിഴ്നാട്ടിൽ 'ഛാത്രോം കീ ഗൂഞ്ച്' നടത്തിയ രാഹുൽഗാന്ധി രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള കേരളത്തിൽ അതൊഴിവാക്കിയത് എന്തുകൊണ്ടാണ്. കിഫ്ബിയിൽ അഴിമതിയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി.സതീശൻ അന്വേഷണം നടത്താത്തത് ഡൽഹിയിലെ എസ്.ഐ.ആർ പ്രതിഷേധത്തെ പിന്തുണയ്‌ക്കുന്നതിനാലാണ്. ഇതിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്. രാഹുൽഗാന്ധി തട്ടിപ്പ് രാഷ്‌ട്രീയക്കാരനാണെന്ന ആരോപണം ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |