SignIn
Kerala Kaumudi Online
Monday, 28 September 2026 12.38 AM IST

ഓപ്പറേഷൻ തൂഫാൻ 2.0 ലഹരിക്കെതിരെ സമഗ്ര ജനകീയ പ്രതിരോധം രമേശ് ചെന്നിത്തല

a

ഒരു കാര്യം നന്നായി തുടങ്ങിയാൽ പകുതി വിജയിച്ചു എന്നാണ് പറയാറുള്ളത്. ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയും ലോകവും ശ്രദ്ധിക്കുന്ന സമാനതകളില്ലാത്ത ലഹരിവിരുദ്ധ പോരാട്ടമായി അത് മാറിക്കഴിഞ്ഞിരിക്കുകയാണ്. തൂഫാന്റെ ആദ്യഘട്ടത്തിൽ ലഹരി വിതരണ ശൃംഖലകൾ തകർക്കുന്നതിലും, ദേശീയ,​ അന്തർദ്ദേശിയ തലത്തിൽ പടർന്നുകിടക്കുന്ന ലഹരി മാഫിയയുടെ ബന്ധങ്ങൾ കണ്ടെത്തുന്നതിലും, അവരുടെ സാമ്പത്തിക സ്രോതസുകൾ മരവിപ്പിക്കുന്നതിലുമാണ് ഊന്നൽ നൽകിയത്.

ആദ്യഘട്ടത്തിന്റെ സമ്പൂർണ വിജയത്തിന് പിന്നിൽ ആഭ്യന്തര വകുപ്പിന്റെ ദൃഢനിശ്ചയത്തോടുകൂടിയുള്ള പോരാട്ടവും മറ്റു വകുപ്പുകളുടെ സഹകരണവും സർവോപരി കേരളീയ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു. കേവലം 100 ദിവസങ്ങൾക്കുള്ളിൽതന്നെ അത്ഭുതകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിനായിരത്തോളം അറസ്റ്റുകൾ നടന്നു. ലഹരിയുടെ ഉപയോഗം 30 ശതമാനത്തോളം കുറയ്ക്കാനും കഴിഞ്ഞു.


കർശനമായ നിയമനടപടികളും പൊലീസിന്റെ നിരന്തരനിരീക്ഷണവും റെയ്ഡുകളും അറസ്റ്റുകളും ശക്തമായി തന്നെ മുന്നോട്ടുപോകുമ്പോഴും ലഹരിയുടെ ഉപയോഗവും വ്യാപനവും വിൽപ്പനയും പൂർണമായും ഇല്ലാതാക്കുന്ന വിധത്തിലുള്ള ശ്വാശ്വതമായ പരിഹാരം ഉണ്ടായേ തീരൂ.

ലഹരിയുടെ ആവശ്യം കുറയ്ക്കുക, പ്രാരംഭഘട്ടത്തിൽതന്നെ ഇടപെടുക, അതോടൊപ്പം ലഹരിക്ക് അടമികളായവരുടെ ചികിത്സ, പുനരധിവാസം, അവരെ സാമൂഹികമായി ചേർത്തുപിടിക്കൽ എന്നിവയെല്ലാം താഴെത്തട്ടിൽ നിന്നാരംഭിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന്റെ പ്രസക്തി. പൊലീസ് നടപടി, നിയമസംവിധാനങ്ങളുടെ ഇടപെടൽ എന്നതിനോടൊപ്പം തന്നെ ലഹരിക്കെതിരായ പോരാട്ടം ഒരു സാമൂഹിക മുന്നേറ്റമായി തീരേണ്ടതുണ്ട്. ജനങ്ങളെ അണിനിരത്തിയുള്ള ഒരു സമ്പൂർണ പ്രതിരോധത്തിന് മാത്രമേ ഈ മഹാവിപത്തിൽനിന്നും നമ്മുടെ നാടിനെ പൂർണമായി രക്ഷിക്കാനാകൂ.

രണ്ടാം ഘട്ടം

ലക്ഷ്യം വയ്കുന്നത്
രണ്ടാംഘട്ടത്തിലെ സമഗ്ര ജനകീയ മുന്നേറ്റത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സമ്പൂർണമായ ഏകോപനവും പങ്കാളിത്തവും അനിവാര്യമാണ്. തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, കുടുംബശ്രീ,ആരോഗ്യ,​ വിദ്യാഭ്യാസ,​സാമൂഹ്യനീതി, യുവജനകാര്യവകുപ്പുകൾ, മറ്റു സർക്കാർസംവിധാനങ്ങൾ തുടങ്ങിയവയുടെ ഏകോപിതമായ ഇടപെടലാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യം വയ്കുന്നത്. ലഹരിക്കെതിരായ പോരാട്ടം വാർഡുകളിലേക്കും, വീടുകളിലേക്കും, തൊഴിൽ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുമ്പോൾ അത് സമഗ്രമായ ജനകീയ മുന്നേറ്റമായി രൂപാന്തരപ്പെടുന്നു.

രണ്ടാംഘട്ടത്തിൽ നൂതനവും ശക്തവും സമഗ്രവുമായ നടപടികളിലൂടെയാണ് ഓപ്പറേഷൻതൂഫാൻ മുന്നോട്ടു പോകുന്നത്. ലഹരിയുടെ ആവശ്യകത കുറയ്ക്കൽ, വാർഡ് തല ജാഗ്രതാസംവിധാനങ്ങൾ, സമഗ്രമായ പുനരധിവാസ പദ്ധതി, ലഹരി വിൽപ്പന- വിതരണം- ഉപയോഗം- ഹോട്ട്സ്‌പോട്ടുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി പൊലീസിനെ അറിയിക്കാനുള്ള സംവിധാനങ്ങൾ പൊതുജനങ്ങൾക്കായി രൂപീകരിക്കുക, യുവജനങ്ങളെയും വിദ്യാർത്ഥികളെയും സർഗപരമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിട്ടു ലഹരിയിൽനിന്നും അകറ്റി നിറുത്തുക, സുരക്ഷിതമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് രണ്ടാം ഘട്ടത്തിലെ പ്രധാനമായ ലക്ഷ്യങ്ങൾ.


വാർഡുതല ജനകീയ

ജാഗ്രതാ സമിതികൾ
രണ്ടാംഘട്ടത്തിലെ നിർണായകമായ ചുവടുവയ്പാണ് വാർഡുതല ജനകീയ ജാഗ്രതാ സമിതികൾ. സംസ്ഥാനത്തെ 20,999 പഞ്ചായത്ത്, മുനിസിപ്പാലറ്റി,​ കോർപ്പറേഷൻവാർഡുകളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവിടങ്ങളിൽ സ്‌പെഷ്യൽ തൂഫാൻ ഗ്രാമസഭകൾ വിളിച്ചുചേർത്തു ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തും. അതോടൊപ്പം ഓരോ തദ്ദേശ സ്ഥാപനതലത്തിലും തൂഫാൻ ജനജാഗ്രതാ സമിതികളുണ്ടാകും.

തദ്ദേശ സ്ഥാപന സമിതിയുടെ അദ്ധ്യക്ഷന്മാരായിരിക്കും ഇവയുടെ നേതൃത്വം വഹിക്കുക. എസ്.എച്ച്.ഒ, തദ്ദേശ സ്ഥാപന സെക്രട്ടറി, ജനപ്രതിനിധികൾഎന്നിവർ ഇവയിലുണ്ടാകും.1034 ജാഗ്രതാ സമിതികളുടെ കീഴിലായിരിക്കും വാർഡുതല സമിതികൾപ്രവർത്തിക്കുക. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ, എന്റോൾചെയ്ത തൂഫാൻ വാരിയേഴ്സ്, കുടുംബശ്രീ​, ആശാവർക്കർമാർ, ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് വാർഡുതല സമിതികൾ സജ്ജമാകുന്നത്.


ഇതിനൊപ്പം ജില്ലാ തൂഫാൻ കെയർകമ്മിറ്റികൾ, തൂഫാൻ ആഫ്റ്റർ കെയർഹോമുകൾ, തൂഫാൻലഹരി വിരുദ്ധ ക്ലബുകൾ തുടങ്ങിയവയിലൂടെ ലഹരിക്കെതിരായ പോരാട്ടം കൂടുതൽഊർജ്ജ്വസ്വലമാക്കാനും രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സഹായം ആവശ്യമായവർക്ക് സേവനങ്ങൾ നൽകാൻജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ മന:ശാസ്ത്രജ്ഞർ, ഡി അഡിക്ഷൻ സ്‌പെഷ്യലിസ്റ്റുകൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് ജില്ലാ തൂഫാൻ കെയർകമ്മിറ്റികൾ രൂപീകരിക്കുന്നത്.

ലഹരിവിമുക്തരായവർ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാതിരിക്കാനും അവർക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കി മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ആഫ്റ്റർകെയർ ഹോമുകൾ. വിദ്യാലയങ്ങളിൽഇപ്പോഴുള്ള ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനുള്ള നടപടികളുമുണ്ടാകും.


'ഞാൻ എന്റെ

നാടിന്റെ കാവലാൾ'
'ഞാൻ എന്റെ നാടിന്റെ കാവലാൾ' എന്നതാണ് തൂഫാൻ 2.0ന്റെ മുദ്രാവാക്യം. താൻ ഈ നാടിന്റെ കാവലാൾ ആണെന്ന ബോധം ഓരോ പൗരന്റെയും മനസിലുറയ്ക്കുമ്പോൾ അത് സൃഷ്ടിക്കുന്ന സുരക്ഷിതത്വ ബോധത്തിന് മറ്റെന്തിനെക്കാളും കരുത്തുണ്ടാകും. ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും അണിചേരുമ്പോൾ അതൊരു മഹാപ്രവാഹമായി മാറും. ഏത് പൈശാചിക ശക്തികളെയും കടപുഴക്കിയെറിയാൻ ആ പ്രവാഹത്തിന് കഴിയും. ജനങ്ങളെ മുനിറുത്തിക്കൊണ്ടുള്ള പ്രതിരോധങ്ങൾക്ക് മാത്രമേ ഏത് സാമൂഹിക വെല്ലുവിളികളെയും നേരിടാൻകഴിയൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION