
എൽ.ഡി.എഫ് ചെയ്താൽ ഓഹോ, യു.ഡി.എഫ് ചെയ്താൽ ആഹാ...ചില കാര്യങ്ങളിലെങ്കിലും ഈ വേർതിരിവ് ഇപ്പോൾ വ്യക്തമായി വരികയാണ്. പത്തുവർഷം സർവ്വാർഭാട സന്തുഷ്ടരായി ഇവിടെ ഭരിച്ചുകൊണ്ടിരുന്ന പാവം പിണറായിയെയും യഥാകാലത്തുള്ള ക്രൂവിനെയും നാഴികയ്ക്ക് നാല്പതു വട്ടം പഴിച്ചുകൊണ്ടിരുന്നു അക്കാലത്തെ പ്രതിപക്ഷം. കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ പ്രതിപക്ഷത്തിൽ ജനങ്ങൾക്കുണ്ടായ മതിപ്പുകൊണ്ടോ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം ഇടതുപക്ഷത്തെ മൂലയിലിരുത്തി. പക്ഷെ പിടിച്ചതിനേക്കൾ വലുത് മാളത്തിൽ എന്ന് തോന്നിക്കും വിധമാണ് ചില കാര്യങ്ങളിലെങ്കിലും യു.ഡി.എഫ് സർക്കാരിന്റെ പോക്ക്. പണ്ട് തൊണ്ട പൊട്ടി പറഞ്ഞതും പഴിച്ചതുമെല്ലാം അപ്പാടെ വിഴുങ്ങുന്നു. എൽ.ഡി.എഫ് ചെയ്ത കാര്യങ്ങൾ കുറച്ചുകൂടി മിനുസപ്പെടുത്തി അവതരിപ്പിക്കുന്നു. പി.എം ശ്രീ, വാടക ഹെലിക്കോപ്ടർ, മന്ത്രിമാരുടെ വിദേശ യാത്ര തുടങ്ങി തൊള്ളതൊടാതെ വിഴുങ്ങുന്ന മേഖലകളുടെ വ്യാപ്തി അനുദിനം കൂടിവരികയാണ്. പിന്നെന്തിന് അന്ന് അങ്ങനെയൊക്കെ പറഞ്ഞു എന്നു ചോദിച്ചാൽ ചില നേരങ്ങളിൽ 'പൂക്കി' യാവും മുഖ്യമന്ത്രി. മറ്റു ചിലപ്പോൾ ബധിരൻ വെടിക്കെട്ടു കാണുംപോലെ മേലോട്ടു നോക്കും. ഇതാണ് രാഷ്ട്രീയത്തിലെ മെയ് വഴക്കം എന്നു പറയുക.
കാരണഭൂതന്റെ ഒന്നാം മന്ത്രിസഭാ കാലത്താണ് കേരളത്തിന് 'സ്വന്തം നില'യ്ക്ക് ഒരു വാടക ഹെലിക്കോപ്ടർ വേണമെന്ന ദിവ്യജ്ഞാനമുണ്ടായത്. അതിന്റെ പേരുദോഷം മാവോയിസ്റ്റുകൾക്കായിരുന്നു. വനാന്തരങ്ങളിൽ അലഞ്ഞുതിരിഞ്ഞ് അക്രമങ്ങൾ നടത്താൻ അവസരം പാർക്കുന്ന മാവോയിസ്റ്റുകളുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ ഹെലിക്കോപ്ടറും എ.കെ.47 ഗണ്ണും അത്യാവശ്യം എന്ന് അന്നത്തെ പൊലീസ് മേധാവി കവടി നിരത്തി കണ്ടെത്തി. പിന്നെ അമാന്തിച്ചില്ല, പവൻസിന്റെ ഹെലിക്കോപ്ടർ എത്തി. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനും തുരത്താനും കേന്ദ്രത്തിൽ നിന്നും 20 കോടിയുടെ ഫണ്ടും ലഭിച്ചിരുന്നതിനാൽ ഹെലിക്കോപ്ടർ വാടക സംസ്ഥാന ഖജനാവിന് ഭാരമായില്ല. ഏതായാലും ഇവിടുത്തെ മുന്നൊരുക്കങ്ങൾ കണ്ടു ഭയന്നിട്ടോ, വംശനാശം സംഭവിച്ചിട്ടോ എന്തോ മഷിയിട്ടു നോക്കിയിട്ടും കാണാനായില്ല ഒരു മാവോയിസ്റ്റിനെ. ആടു കിടന്നിടത്ത് ഒരു പൂടയെങ്കിലുമുണ്ടാവും ഇവിടെ അതുമുണ്ടായില്ല.
കേരള പൊലീസിലെ രഹസ്യാന്വേഷണ രാക്ഷസന്മാർ ഇക്കാര്യമൊന്നും അറിഞ്ഞുമില്ല. പക്ഷെ പണം മുടക്കുന്ന കേന്ദ്രത്തിന് ഇത് അറിയാതിരിക്കാനാവില്ലല്ലോ. കേന്ദ്രവിഹിതം 20 ൽ നിന്ന് അഞ്ചു കോടിയായി കുറച്ചു.
കാരണഭൂതൻ രണ്ടാം മന്ത്രിസഭാ കാലത്തും ഹെലിക്കോപ്ടറിന്റെ കാര്യത്തിൽ വിട്ടു വീഴ്ച കാട്ടിയില്ല. മാവോയിസ്റ്റ് നിരീക്ഷണത്തിന് പുറമെ അവയവദാന വേളകളിലെ ഉപയോഗത്തിനും ഹെലിക്കോപ്ടർ ഗുണം ചെയ്യുമെന്ന് കണ്ടെത്തി. ചിപ്സൺ കമ്പനിയുമായിട്ടായി പുതിയ കരാർ. മാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം എന്നായിരുന്നു കരാർ. ഇത്രയും മണിക്കൂർ പറന്നില്ലെങ്കിലും കരാർ പ്രകാരം വാടകയിൽ ഒരു തുട്ടും കുറയില്ല. പക്ഷെ 25 കഴിഞ്ഞ് അധികം പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വച്ച് നൽകണമെന്നൊരു മിനുക്കുപണി കൂടി കരാറിലുണ്ടായിരുന്നു. എങ്കിൽ പിന്നെ കമ്പനിയെ ഒരു പാഠം പഠിപ്പിക്കണമെന്ന വാശിയിൽ കാരണഭൂതൻ തലങ്ങും വിലങ്ങും പറന്നു.
ആദ്യ കാരണഭൂത സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ഗാന്ധിശിഷ്യൻ രമേശ് ചെന്നിത്തലയും രണ്ടാംകാരണഭൂത സർക്കാർകാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനും ഹെലിക്കോപ്ടർ യാത്രയെ ചൊല്ലി പതംപറഞ്ഞുകൊണ്ടേയിരുന്നു. ദിവസം മൂന്ന് വട്ടം വീതം മുകളിലേക്ക് നോക്കി ധൂർത്ത്, ധൂർത്ത് എന്ന് ആക്ഷേപിച്ചുകൊണ്ടുമിരുന്നു. ഇതെല്ലാം കേട്ടു ജനങ്ങളും തലയിൽ കൈവച്ചു, എന്തൊരു അഴിമതിയെന്ന്.
ഏതായാലും തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫാണ് ശരി എന്ന് അവർ പറഞ്ഞെങ്കിലും ജനത്തിന് അതത്ര ശരിയായി തോന്നിയില്ല. ജനം ഒരു ശുദ്ധികലശം അങ്ങു നടത്തി. പണ്ഡിതശ്രേഷ്ഠ വി.ഡി.എസിന്റെ നേതൃത്വത്തിലുള്ള 916 മാറ്റുള്ള സർക്കാർ അധികാരത്തിൽ വന്നു. എന്തെല്ലാമോ മാറ്റങ്ങൾ വരുമെന്ന് ജനം നിരൂപിച്ചു. അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അകന്ന ബന്ധുവിനെ അടിയന്തരമായി കാണാൻ അമ്മായി അച്ഛൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിക്ക് മുകളിലൂടെ മുഖ്യൻ ഹെലിക്കോപ്ടറിൽ പറന്നപ്പോഴാണ്, പഴയ ഭൂതം കുടത്തിൽ കയറാതെ ഇപ്പോഴുമുണ്ടെന്ന സത്യം ജനം അറിയുന്നത്. ഹെലിക്കോപ്ടറിനോട് വി.ഡി.എസിന് പഴയകലിപ്പില്ലെന്നതും ജനത്തിന് ബോദ്ധ്യപ്പെട്ടു.
പക്ഷെ മുതിർന്ന നേതാവ് എ.കെ.ആന്റണിക്കൊപ്പം എത്തില്ലെങ്കിലും വി.ഡി.എസും ആദർശം വേണ്ടുവോളം മടിയിൽ കരുതുന്ന ആളാണ്. അതിന്റെ കനമേ അദ്ദേഹത്തിന്റെ മടിക്ക് ഇപ്പോഴുള്ളു. ഹെലിക്കോപ്ടറിന്റെ കരാർ കാലാവധി അടുത്ത ദിവസം കഴിഞ്ഞു. ഈ പാഴ്ചെലവ് വേണോ എന്ന കാര്യത്തിൽ കൂലംകഷമായ പുനർവിചിന്തനം നടക്കുകയാണ്. ഇതിനിടിയിലാണ് മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിലുള്ള മലപ്പുറം യാത്ര. എവിടുന്നു വന്നു ഈ വിമാനമെന്നും ആരാണ് ഇതിന്റെ ചെലവ് വഹിച്ചതെന്നുമൊക്കെയുള്ള കാര്യങ്ങളിൽ പലരും പല അഭിപ്രായങ്ങൾ പറയുന്നു. കർണാടകത്തിൽ സ്വന്തമായി ഇഷ്ടം പോലെ വിമാനങ്ങളുള്ള മന്ത്രിമാരുണ്ടെന്നും കേരള മുഖ്യമന്ത്രിക്ക് അതിലൊരെണ്ണം കിട്ടാൻ ഒട്ടും പ്രയാസമില്ലെന്നുമാണ് ചാനൽ ചർച്ചകളിലെ ബാഹുബലിയായ കോൺഗ്രസ് നേതാവ് തട്ടിവിട്ടത്. ആത്മാർത്ഥ മിത്രം ഏർപ്പാടാക്കിയതെന്നാണ് മറ്റൊരു വിശദീകരണം കേട്ടത്. ഏതായാലും ലങ്കയിൽ നിന്ന് രാവണന്റെ പഴയ പഷ്പകവിമാനമാണ് എത്തിയതെന്ന വിശദീകരണം ഭാഗ്യത്തിന് ആരും പറഞ്ഞില്ല.
ഖജനാവ് സേഫ്
മുഖ്യമന്ത്രി നിറവേറ്റേണ്ട ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് മലപ്പുറം യാത്ര. സർക്കാർ ചെലവിൽ പോയാലും ആരും ഒരു കുറ്റവും പറയാനുമില്ല. പിന്നെന്തിനാണ് സ്പോൺസർഷിപ്പിലുള്ള വിമാനം.
മുഖ്യമന്ത്രി സ്പോൺസേർഡ് വിമാനത്തിൽ മലപ്പുറം വരെയേ പോയുള്ളു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമേരിക്കയിലേക്ക് പോയതും സ്പോൺസേർഡ് യാത്രയായിരുന്നു. കോൺഗ്രസുകാരനായ അടുത്ത സുഹൃത്തിന്റെ കുടുംബത്തിലെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ ഉടൻ സോഷ്യൽ മീഡിയ വഴി അദ്ദേഹം ലോകത്തോട് ആ സത്യം വിളിച്ചു പറഞ്ഞു,ഞാൻ സർക്കാർ ചെലവിലല്ല ഇവിടെ എത്തിയതെന്ന്. സ്പോൺസർ ഷിപ്പ് റെഡിയായാൽ വിദേശത്തേക്കു പോകാനുള്ള അനുമതിയുമായി കാത്തിരിക്കുകയാണ് മറ്റു ചില മന്ത്രിമാരും. വിമാനത്തിൽ കയറാനുള്ള അവിവേകം കാട്ടാത്ത മറ്റൊരു മന്ത്രി സ്പോൺസേർഡ് കാറിലാണ് യാത്ര. സ്പോൺസർ ഷിപ്പ് കൂടും തോറും സർക്കാർ ഖജനാവിന് ബാദ്ധ്യത കുറയുമെന്ന് നമുക്ക് ആശ്വസിക്കാം.
നോട്ട് ദ പോയന്റ്
സർക്കാർ ആവശ്യത്തിന് മലപ്പുറത്ത് പോവാൻ മുഖ്യമന്ത്രിക്ക് എന്തിനാണ് സ്പോൺസർഷിപ്പിലുള്ള ചാർട്ടേഡ് വിമാനമെന്നാണ് ആർട്ടിസ്റ്റ് എം.വി ഗോവിന്ദന്റെ ചോദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |