
ഇന്ന് അന്താരാഷ്ട്ര മാരിടൈം ദിനം
ഇന്ന് അന്താരാഷ്ട്ര മാരിടൈം ദിനം. 'From Policy to Practice: Powering Maritime Excellence' എന്ന പ്രമേയത്തോടെയാണ് ഇത്തവണ ലോകം ഈ ദിനം ആചരിക്കുന്നത്. നയങ്ങളും പദ്ധതികളും സമ്മേളനങ്ങളും മാത്രം പോര; അവ ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നതാകണം. അടിസ്ഥാനസൗകര്യങ്ങൾ അവസരങ്ങളായും അറിവ് തൊഴിലും സംരംഭങ്ങളുമായി മാറണം. നൂറ്റാണ്ടുകളായി രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും ബന്ധിപ്പിച്ച മഹാപാതയാണ് സമുദ്രം. ഇന്നും ലോക വ്യാപാരത്തിന്റെയും ആഗോള വിതരണ ശൃംഖലയുടെയും പ്രധാന അടിത്തറ സമുദ്ര ഗതാഗതമാണ്.
എന്നാൽ ഇന്നത്തെ സമുദ്ര സമ്പദ് വ്യവസ്ഥ കപ്പലിലും തുറമുഖത്തും മാത്രം അവസാനിക്കുന്നതല്ല. ലോജിസ്റ്റിക്സ്, മത്സ്യബന്ധനം, തീരദേശ ടൂറിസം, തീരദേശ ചരക്ക് വ്യാപാരം, കപ്പൽ നിർമ്മാണം, സമുദ്ര സാങ്കേതികവിദ്യ, മറൈൻ ഇൻഷ്വറൻസ്, മാരിടൈം നിയമം, ആർബിട്രേഷൻ, സമുദ്ര ഗവേഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങി വലിയൊരു ബ്ലൂ ഇക്കോണമിയാണ് ലോകത്തിനു മുന്നിൽ തുറക്കുന്നത്.
കേരളത്തിന്
അനന്ത സാദ്ധ്യത
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി, മറ്റ് തുറമുഖങ്ങൾ, ഉൾനാടൻ ജലപാതകൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, റോഡ്-റെയിൽ ശൃംഖല, വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി ഇവയെല്ലാം ഒരൊറ്റ സാമ്പത്തിക ദർശനത്തിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിന് പുതിയ വളർച്ചാപഥം സൃഷ്ടിക്കാനാകും. അതാണ് മിഷൻ സമുദ്ര.ഇത് ഒരു തുറമുഖ വികസനപദ്ധതി മാത്രമല്ല, കടലിന്റെ സാദ്ധ്യതകളിലൂടെ കേരളത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കാനുള്ള ദീർഘകാല ദർശനം കൂടിയാണ്.
കേരളത്തിലെ ഓരോ തുറമുഖത്തിനും ഒരേ ദൗത്യമാകണമെന്നില്ല. എന്നാൽ സാമ്പത്തികമായി പ്രയോജനപ്പെടുത്താവുന്ന തുറമുഖങ്ങളും അനുബന്ധ സൗകര്യങ്ങളും പുതിയ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരണം.
തീരദേശ ചരക്ക് ഗതാഗതം, ഉൾനാടൻ ജലഗതാഗതം, യാത്രാസൗകര്യം, ടൂറിസം, ചരക്കുനീക്കം, ലോജിസ്റ്റിക് ഹബ്ബുകൾ, ഡ്രൈ പോർട്ടുകൾ, വെയർഹൗസുകൾ, കോൾഡ് ചെയിൻ സംവിധാനങ്ങൾ എന്നിവയെ ഏകോപിപ്പിക്കണം.
കടലോ പ്രധാന ജലപാതയോ ഇല്ലാത്ത ജില്ലകൾക്കും മാരിടൈം വികസനത്തിന്റെ നേട്ടം ലഭിക്കണം. റോഡ്, റെയിൽ, ജലപാത, വിമാനത്താവളം, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാൽ ഒരു ഉൾനാടൻ ഗ്രാമത്തിലെ സംരംഭകനും ലോകവിപണിയിലേക്ക് എത്താം.
മത്സ്യത്തൊഴിലാളികൾ
കാഴ്ചക്കാരല്ല
നമ്മുടെ മത്സ്യത്തൊഴിലാളികളും തീരദേശ സമൂഹവും ഉൾപ്പെടുന്നതാണ് ബ്ലൂ ഇക്കോണമി. ആധുനിക മത്സ്യബന്ധന സൗകര്യങ്ങൾ, കോൾഡ് ചെയിൻ, മത്സ്യസംസ്‌കരണം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, പരിശീലനം, വിദ്യാഭ്യാസം, സംരംഭകത്വം, മറൈൻ ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കണം. തലമുറകളായി കടലിനൊപ്പം ജീവിച്ചവരുടെ അനുഭവജ്ഞാനവും പുതിയ സാങ്കേതികവിദ്യയും തമ്മിൽ കൈകോർക്കണം. കടലിൽ നിന്ന് സമ്പത്ത് സൃഷ്ടിക്കുമ്പോൾ, കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളിലേക്കാണ് അതിന്റെ ആദ്യ നേട്ടം എത്തേണ്ടത്.
ബീച്ചുകൾ, മത്സ്യഗ്രാമങ്ങൾ, കായലുകൾ, ദ്വീപുകൾ, ലൈറ്റ്ഹൗസുകൾ, പഴയ തുറമുഖങ്ങൾ, കപ്പൽനിർമ്മാണ പാരമ്പര്യം, ഭക്ഷണം, കല, സംസ്‌കാരം ഇവയെ ബന്ധിപ്പിച്ച് കോസ്റ്റൽ ആൻഡ് മാരിടൈം ടൂറിസം വികസിപ്പിക്കാൻ നമുക്ക് കഴിയും. ക്രൂസ് ടൂറിസം, ലൈറ്റ്ഹൗസ് ടൂറിസം, ഹെറിറ്റേജ് ടൂറിസം, വാട്ടർ ടൂറിസം, പോർട്ട് ടൂറിസം തുടങ്ങിയ മേഖലകൾ പുതിയ തൊഴിലും ചെറുസംരംഭങ്ങളും സൃഷ്ടിക്കും.
അവസരങ്ങളുടെ വാതിൽ
നമ്മുടെ യുവതലമുറയ്ക്ക് ജോലിയും സംരംഭങ്ങളും തുടങ്ങാനുള്ള അവസരമൊരുക്കണം. പോർട്ട് മാനേജ്‌മെന്റ്, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, എക്സിം ട്രേഡ്, മരിടൈം ലോ, അർബിട്രേഷൻ, മറൈൻ ഇൻഷ്വറൻസ്, ഓഷ്യൻ സയൻസ്, എ.ഐ, ഡിജിറ്റൽ സപ്ലൈ ചെയിൻ, മരിടൈം ജേർണലിസം, ടൂറിസം, ഫിഷറീസ് ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ വലിയ തൊഴിൽ സാദ്ധ്യതകളുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം ഹെറിറ്റേജ് മ്യൂസിയം, ഓഷ്യനേറിയം, സമുദ്രവിജ്ഞാനഅനുഭവ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കൺവെൻഷൻ സൗകര്യങ്ങൾ, മാരിടൈം വിദ്യാഭ്യാസഗവേഷണ കേന്ദ്രങ്ങൾ, ആർബിട്രേഷൻനിയമ സേവന സംവിധാനങ്ങൾ തുടങ്ങിയ ആശയങ്ങൾ ഗൗരവമായി മന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, തുറമുഖങ്ങൾ, വ്യാപാരം, ഫിനാൻസ്, നിയമം, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളുടെ അറിവും അനുഭവവും നിക്ഷേപശേഷിയും കേരളത്തിന്റെ പുതിയ മാരിടൈം യാത്രയുമായി ബന്ധിപ്പിക്കണം.
വിവാദമല്ല വേണ്ടത്
വികസന ചർച്ച പരസ്പരം കുറ്റപ്പെടുത്തുന്നതിൽ അവസാനിക്കരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ നമ്മുടെ കുട്ടികളുടെ ഭാവി ഇരുട്ടിലാക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കരുത്. യുവതയ്ക്ക് തൊഴിൽ വേണം. സമൂഹത്തിന് പുതിയ ബിസിനസ് വേണം. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ വേണം. സർക്കാരിന് പുതിയ വരുമാന സ്രോതസുകൾ വേണം. കേരളത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൾ കുറയ്ക്കാൻ ഉത്പാദനവും നിക്ഷേപവും കയറ്റുമതിയും വർദ്ധിക്കണം. അതിന് രാഷ്ട്രീയത്തിനപ്പുറം സമൂഹത്തിന്റെ കൂട്ടായ പിന്തുണ ആവശ്യമാണ്. സർക്കാർ, പ്രതിപക്ഷം, വ്യവസായം, അക്കാഡമിക സമൂഹം, തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, പ്രവാസികൾ, യുവാക്കൾ എല്ലാവർക്കും ഇതിൽ പങ്കുണ്ട്. നമുക്ക് വേണ്ടത് വിവാദത്തിന്റെ ശബ്ദമല്ല, വികസനത്തിന്റെ ദിശയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |