
''കൂടുതൽ സുതാര്യതയ്ക്ക് വേണ്ടി ഞാൻ ഏറ്റെടുത്തിട്ടുള്ള പരിഷ്‌കാരങ്ങളോട് എതിർപ്പ് ഉള്ളവരുണ്ടാകും. മാറ്റങ്ങളെയാണ് അവർ എതിർക്കുന്നത്. ശബരിമല മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ബോർഡ് ഓരോ ആഴ്ചയും ചെയ്യുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. തുലാമാസ പൂജയ്ക്ക് മുമ്പ് അരവണ പ്രശ്നം പരിഹരിക്കും.
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ, അരവണ പ്രതിസന്ധി എന്നിവയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ബോർഡ് പ്രസിഡന്റ് സ്ഥാനം കെ.ജയകുമാർ രാജിവയ്ക്കുമെന്ന പ്രചാരണവും അതിനിടെ ഉണ്ടായി. ഈ പശ്ചാത്തലത്തിൽ ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ 'കേരളകൗമുദി'യോട് സംസാരിക്കുന്നു:
?ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് താങ്കൾക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ടോ
എനിക്കെതിരെയല്ല. കൂടുതൽ സുതാര്യതയ്ക്ക് വേണ്ടി ഞാൻ ഏറ്റെടുത്തിട്ടുള്ള പരിഷ്‌കാരങ്ങളോട് എതിർപ്പ് ഉള്ളവരുണ്ടാകും. മാറ്റങ്ങളെയാണ് അവർ എതിർക്കുന്നത്.
?മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നല്ലോ. സർക്കാരിന്റെ പിന്തുണ ഏതു തരത്തിലാണ്
സർക്കാരിന്റെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഞാൻ മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പുതന്നെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ഇന്നലെ കണ്ടത് നന്നായി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ബോർഡ് ഓരോ ആഴ്ചയും ചെയ്യുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. സീസൺ ആരംഭിച്ചു കഴിയുമ്പോൾ ഓരോ രണ്ടുദിവസം കൂടുന്തോറും റിപ്പോർട്ട് നൽകാൻ തയ്യാറാണ്. സർക്കാരിൽ നിന്നുള്ള സഹായങ്ങൾക്ക് ഇത് പ്രയോജനപ്പെടും.
?സർക്കാരുമായി ആശയവിനിമയത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ
ആശയക്കുഴപ്പങ്ങൾ വന്നിട്ടുണ്ടാകാം. അതു പരിഹരിക്കും. സർക്കാരുമായി നിരന്തരം ബന്ധം വേണം. കൂടുതൽ കാര്യങ്ങൾ ദേവസ്വം ബോർഡാണ് ചെയ്യുന്നതെങ്കിലും സർക്കാരിനെ അറിയിക്കാനുള്ള ബാദ്ധ്യത ബോർഡിനുണ്ട്. തീർത്ഥാടനം നന്നാവണമെന്നാണല്ലോ എല്ലാവരുടേയും താത്പര്യം. ഇതിൽ അഭിപ്രായ വൈരുദ്ധ്യമില്ല.
?അരവണയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലുണ്ടോ
അരവണയിൽ രണ്ടുദിവസം ചെറിയ ക്ഷാമം ഉണ്ടായി എന്നത് വസ്തുതയാണ്. അതുവരാൻ പാടില്ലായിരുന്നു. ഭക്തരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. കരുതിവച്ച സ്‌റ്റോക്ക് തീർന്നു. 5 കോടിയാണ് ഓരോ മാസ പൂജയ്ക്കും ലഭിച്ചിരുന്നത്. ഇത്തവണ 7 കോടി ലഭിച്ചു. വലിയൊരു വീഴ്ചയല്ല. വലിയ പൂജയ്ക്കുള്ള തയ്യാറെടുപ്പുള്ളതുകൊണ്ടാണ് പ്ലാന്റ് അടയ്‌ക്കേണ്ടി വന്നത്. ചെറിയ വീഴ്ചകൾ സ്വഭാവികമാണ്. തുലാമാസ പൂജയ്ക്ക് മുമ്പ് അരവണ പ്രശ്നം പരിഹരിക്കും.
?ശബരിമല മുന്നൊരുക്കങ്ങളിൽ വീഴ്ചയുണ്ടെന്നാണ് ആരോപണം.
ഒരിക്കലും ഇല്ല. ഇന്ന് ബോർഡ് യോഗം നടക്കുന്നുണ്ട്. ശബരിമലയിൽ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദമായി ജനങ്ങളെ അറിയിക്കും. ശബരിമലയിൽ ബോർഡ് ഇതുവരെ എന്തുചെയ്തുവെന്ന് ജനങ്ങൾ അറിയണം. അവരുടെ ആശങ്ക പരിഹരിക്കും. ചെയ്യാനുള്ള കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.
?ബോർഡ് പ്രസിഡന്റ് രാജിവയ്ക്കും എന്ന് പ്രചാരണമുണ്ട്. വാസ്തവം എന്താണ്
ഞാൻ രാജിവച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. സർക്കാരിനും അയ്യപ്പനും അതൃപ്തി ഇല്ലാത്ത കാലത്തോളം നമുക്ക് തുടരാം. ഇട്ടിട്ടുപോകൽ അല്ല ഇപ്പോൾ കരണീയം. ഇപ്പോൾ ഈ ബോർഡിൽ ഒരു മാറ്റം വരികയാണെങ്കിൽ ആകെ തകിടം മറിയും. 55 ദിവസം കൊണ്ട് നമ്മൾ പലതും പൂർത്തിയാക്കാൻ പ്ലാൻ ചെയ്യുകയാണ്. അതുമാത്രമല്ല അയ്യപ്പനെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. ഇനിയുള്ള ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങൾ മുൻകൂട്ടി തീരുമാനിച്ചാണ് പോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |