
ഷുക്കൂർ വധക്കേസിൽ കൊച്ചിയിലെ സി.ബി.ഐ കോടതി നവംബർ 12ന് വിധി പറയുമ്പോൾ അതിന്റെ പ്രതിധ്വനി ഏറ്റവുമധികം മുഴങ്ങുക കണ്ണൂരിലാണ്. അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ 33 പേരിൽ പാർട്ടിയുടെ ഏറ്റവും കരുത്തരായ രണ്ടു ജില്ലാ നേതാക്കളുണ്ട്. കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയായതോടെ, ഒരു ദശാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പ് അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കുന്നു.
മൂന്നര മണിക്കൂറിന്റെ പ്രതികാരം
2012 ഫെബ്രുവരി 20. രാവിലെ ഏകദേശം പതിനൊന്ന് മണിക്ക് അരിയിൽ പ്രദേശത്ത് അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷും സഞ്ചരിച്ച വാഹനം മുസ്ലിം ലീഗ്-യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചു. ലീഗിന് മേൽക്കൈയുള്ള ഗ്രാമത്തിൽ സി.പി.എം പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ പരിക്കേറ്റവരെ കാണാൻ എത്തിയതായിരുന്നു ഇരുവരും. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് നേതാക്കൾ പോയി. ഉച്ചയോടെ ഒരു വീട്ടിൽ അഭയം തേടിയ എം.എസ്.എഫ് പ്രവർത്തകന് അബ്ദുൽ ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ പിന്തുടർന്ന് പിടികൂടി. രണ്ടര മണിക്കൂറോളം തടഞ്ഞുവച്ച് ചോദ്യം ചെയ്തു. പിന്നീട് ചെറുകുന്ന് കീഴറയിലെ വയലിൽ കൊണ്ടുപോയി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സകരിയയ്ക്കും ഗുരുതരമായി പരിക്കേറ്റു. നേതാക്കൾ ആക്രമിക്കപ്പെട്ട് മൂന്നര മണിക്കൂറിനകം നടന്ന പ്രതികാരമെന്നാണ് കേസിന്റെ കാതൽ. 'പരസ്യവിചാരണ' എന്നും 'താലിബാൻ മോഡൽ' എന്നും പ്രോസിക്യൂഷൻ വിശേഷിപ്പിച്ച കൊലപാതകം.
കേസിനെ കണ്ണൂരിന്റെ തെരുവിലെത്തിച്ചത് ആറ് മാസത്തിന് ശേഷമുള്ള പി. ജയരാജന്റെ അറസ്റ്റാണ്. 2012 ഓഗസ്റ്റ് 1ന് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ പ്രവർത്തകർ സർക്കിൾ ഓഫീസുകളിലേക്ക് മാർച്ച് ചെയ്തു, കല്ലേറുണ്ടായി; അക്രമം തടയാൻ പൊലീസിന് ഏറെ പാടുപെടേണ്ടി വന്നു. പിറ്റേന്ന് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളം നിശ്ചലമായി, കണ്ണൂരിൽ വ്യാപക അക്രമമുണ്ടായി. ഹർത്താൽ ദിനത്തിലെ അക്രമവും പൊതുമുതൽ നഷ്ടവും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. നാലാഴ്ചയോളം കണ്ണൂർ ജയിലിൽ കഴിഞ്ഞ ജയരാജന് ഓഗസ്റ്റ് 28ന് ജാമ്യത്തിലിറങ്ങി. ഓഗസ്റ്റ് 24ന് പൊലീസ് കുറ്റപത്രം നൽകുമ്പോൾ ജയരാജന് 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമായി.
ആ അറസ്റ്റിന് അന്നൊരു രാഷ്ട്രീയ പശ്ചാത്തലം കൂടിയുണ്ടായിരുന്നു. ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധത്തിന്റെ (2012 മേയ് 4) പേരിൽ പാർട്ടി പ്രതിരോധത്തിലായിരുന്ന കാലമായിരുന്നു അത്. യു.ഡി.എഫ് ഭരണകാലത്തെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന വികാരം സി.പി.എം അണികളിലുണ്ടായതും ഈ സാഹചര്യത്തിലാണ്. തുടർന്ന് വന്ന സി.ബി.ഐ അന്വേഷണത്തെയും പ്രതിഭാഗം രാഷ്ട്രീയപ്രേരിതമെന്ന് ചോദ്യം ചെയ്തിരുന്നു.
കോടതികളിലെ പതിനാൽ വർഷം
ഈ കേസിന്റെ ചരിത്രം തന്നെ കണ്ണൂരിന്റെ രാഷ്ട്രീയചരിത്രത്തിന്റെ ഒരു ചുരുക്കരൂപമാണ്. പൊലീസ് കുറ്റപത്രത്തിൽ ജയരാജനും രാജേഷിനുമെതിരെ കൊലപാതക വിവരം അറിഞ്ഞിട്ടും തടയാതിരുന്നു എന്ന കുറ്റമായിരുന്നു. ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതോടെ 2016 ഫെബ്രുവരിയിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവായി. ഡിവിഷൻ ബെഞ്ച് ആദ്യം സ്റ്റേ ചെയ്തെങ്കിലും 2017 ഫെബ്രുവരിയിൽ അപ്പീൽ തള്ളി. 2019 ഫെബ്രുവരിയിൽ സി.ബി.ഐ അനുബന്ധ കുറ്റപത്രം നൽകി. ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും, രാജേഷിനെതിരെ ഗൂഢാലോചനയും. ഇരുവരും ആശുപത്രിയിൽ കഴിയുമ്പോഴാണ് കൊലയ്ക്കുള്ള ആസൂത്രണം നടന്നതെന്നാണ് സി.ബി.ഐ കണ്ടെത്തൽ. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് സി.ബി.ഐ വാദിച്ചതോടെ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റി. 2024 സെപ്റ്റംബർ 19ന് ഒഴിവാക്കണമെന്ന ജയരാജന്റെയും രാജേഷിന്റെയും ഹർജി തള്ളി; ഒക്ടോബർ 18ന് കുറ്റം ചുമത്തിയപ്പോൾ എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു. 2025 മേയ് അഞ്ചിന് തുടങ്ങിയ വിചാരണയിൽ 17 മാസത്തിനിടെ 41 സാക്ഷികളെ വിസ്തരിച്ചു. ഇതിനിടെ രണ്ടു പ്രതികൾമരിച്ചു. ഇപ്പോൾ വിചാരണ നേരിട്ടത് 31 പേര്.
വിധിക്കു മുന്നിലെ ചോദ്യങ്ങൾ
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്കെതിരായ കേസും ഗൂഢാലോചനാ ആരോപണവും തെളിയിക്കപ്പെടേണ്ട രീതികൾ വ്യത്യസ്തമാണ്. തളിപ്പറമ്പ് ആശുപത്രിയിൽ വച്ച് നേതാക്കൾ കൊലയ്ക്ക് നിർദേശം നൽകിയെന്ന ആരോപണത്തിന്റെ കാതൽ ചില സാക്ഷിമൊഴികളാണ്. പക്ഷേ ഗൂഢാലോചന തെളിയിക്കാൻ നിർണായകമെന്ന് കരുതിയ രണ്ട് സാക്ഷികൾ വിചാരണക്കോടതിയിൽ ഹാജരായില്ല; ഇവരിൽ ചിലർ വിദേശത്താണെന്നും സി.ബി.ഐക്ക് അവരെ കോടതിയിലെത്തിക്കാനായില്ലെന്നുമാണ് റിപ്പോർട്ടുകൾ. വിധിയിൽ ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന ചോദ്യമാണ് നിയമവൃത്തങ്ങളിൽ ഉയരുന്നത്. ജയരാജനും രാജേഷിനുമെതിരെ തെളിവില്ലെന്ന വാദം തള്ളിയാണ് 2024ൽ ഇവരെ വിചാരണ ചെയ്യാൻ കോടതി തീരുമാനിച്ചത്; വിചാരണ കഴിഞ്ഞ് തെളിവുകൾ തൂക്കിനോക്കുമ്പോൾ ചിത്രം ഏത് ദിശയിലേക്ക് തിരിയുമെന്ന് വിധിദിവസമേ അറിയു. പ്രതികളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉണ്ടെന്നത് കേസിന് സംസ്ഥാനതല രാഷ്ട്രീയ മാനം കൂടി നൽകുന്നു.
സംഘർഷ ചരിത്രം
ഈ കേസ് കണ്ണൂരിനെ ഇത്രമേൽ പിടിച്ചുലയ്ക്കുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ജില്ലയുടെ സവിശേഷ ചരിത്രം കാണണം. എൻ.പി. ഉല്ലേഖ് എൻ.പി.യുടെ 'കണ്ണൂർ' എന്ന പുസ്തകം ഉദ്ധരിക്കുന്ന കണക്കുകൾ പ്രകാരം 1972 മുതൽ 2017 വരെ കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ടത് 200 പേരാണ്: സി.പി.എമ്മിന്റെ 78, ആർ.എസ്.എസിന്റെ 68, കോൺഗ്രസിന്റെ 36, മുസ്ലിം ലീഗിന്റെ എട്ട്. 2000നും 2016നും ഇടയിൽ മാത്രം 69 രാഷ്ട്രീയ കൊലപാതകങ്ങൾ.
ഈ കണക്കിൽ സി.പി.എം-ലീഗ് ഏറ്റുമുട്ടൽ താരതമ്യേന ചെറിയ അദ്ധ്യായമാണ്.ഷുക്കൂർ കേസ് അതുകൊണ്ടാണ് വേറിട്ടുനിൽക്കുന്നതും. പരസ്പരം പോരടിക്കുന്ന മുഖ്യ എതിരാളികൾക്കിടയിൽ അരങ്ങേറിയ, ഇടത്-വലത് മുന്നണി രാഷ്ട്രീയത്തെ നേരിട്ട് തൊടുന്ന സംഭവം.പി. ജയരാജനെ സംബന്ധിച്ചിടത്തോളം സമാനമായ കേസുകൾ വേറെയുമുണ്ട്.1999ൽ അദ്ദേഹത്തിനെതിരെ നടന്ന വധശ്രമത്തിൽ പ്രതിയായിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിന് കൊല്ലപ്പെട്ടു. ആ കേസിലും സി.ബി.ഐ ജയരാജനെ പ്രതി ചേർത്തു; ഒരേ നേതാവ് ആക്രമിക്കപ്പെട്ടയാളും മറ്റൊരിടത്ത് ആരോപണവിധേയനുമായി മാറുന്ന ചരിത്രം കൂടിയാണ് കണ്ണൂരിന്റേത്.
രാഷ്ട്രീയം, അനന്തരഫലം
ഏത് വിധിയും കണ്ണൂരിൽ രാഷ്ട്രീയമായി പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. ശിക്ഷയുണ്ടായാൽ ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളുടെ രാഷ്ട്രീയഭാവി തന്നെ ചോദ്യചിഹ്നമാകും; 'കൊലപാതക രാഷ്ട്രീയ'ത്തിനെതിരായ ആരോപണങ്ങൾക്ക് മറുപക്ഷത്തിന് പുതിയ ആയുധവും ലഭിക്കും. കുറ്റവിമുക്തരായാൽ ഇത് 'രാഷ്ട്രീയ വേട്ട'യെന്ന വാദത്തിന് സി.പി.എം ഉയർത്തിക്കാട്ടുന്ന വലിയ തെളിവാകും; ഷുക്കൂറിന്റെ കുടുംബത്തെയും ലീഗിനെയും സംബന്ധിച്ച് അത് കടുത്ത നിരാശയുമാകും. സുപ്രീംകോടതി വരെ എത്തിയ നിയമപോരാട്ടത്തിലൂടെ ആ ഉമ്മ ഈ കേസിനെ ഇത്ര ദൂരം നയിച്ചത് തന്നെ കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസുകളിൽ അപൂർവമായ ഒരു നീതിയന്വേഷണമായി കാണുന്നവരുണ്ട്.
ജാഗ്രതയുടെ ദിനങ്ങൾ
2012 ഓഗസ്റ്റിലെ ഓർമ്മ രണ്ട് കൂട്ടർക്കും മുന്നിലുണ്ട്. ഒരു അറസ്റ്റ് ഒരു ദിവസം കൊണ്ട് ജില്ലയെ എങ്ങനെ വിറപ്പിച്ചെന്ന ഓർമ്മ. വിധി ഏതായാലും ആഹ്ലാദപ്രകടനങ്ങളോ പ്രതിഷേധങ്ങളോ കൈവിട്ടുപോകാതിരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളുടെയും പൊലീസിന്റെയും ജാഗ്രത വേണ്ടിവരുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പതിനാല് വർഷം മുമ്പ് അരിയിലെ വയലിൽ തുടങ്ങിയ കണക്കിന് കോടതി ഒരു അടിവര ഇടുമ്പോൾ, കണ്ണൂർ അത് എങ്ങനെ ഏറ്റുവാങ്ങുമെന്നതാണ് ഇനി അറിയാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |