SignIn
Kerala Kaumudi Online
Friday, 06 November 2026 2.41 AM IST

കണ്ണൂരിനെ ആശങ്കയിലാക്കിയ  'വധശ്രമം'വെറു കഥയോ? 

ss

തെളിവില്ലാത്ത ആക്രമണ ആരോപണത്തിന്റെ പേരിൽ ജില്ലയെ ദിവസങ്ങളോളം മുൾമുനയിൽ നിന്നു, അഞ്ചു ചെറുപ്പക്കാർ 16 ദിവസം ജയിലിൽ കിടന്നു. എട്ടുമാസത്തിനുശേഷം എസ്.ഐ.ടി റിപ്പോർട്ട് വരുമ്പോൾ ഉത്തരം പറയേണ്ടത് ആരാണ്?
'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധവുമായി വന്ന് മന്ത്രിയായിരുന്ന വീണാജോർജിനെ ആക്രമിച്ചുവെന്ന ഗൺമാന്റെ പരാതിയാണ് അന്ന് ജില്ലയെ ഉലച്ചത്. പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ട് പുറത്തുവരുമ്പോൾ അന്ന് നടന്ന അശാന്തിക്കും അക്രമത്തിനും കൊലവിളിക്കും ആർ ഉത്തരം പറയുമെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
ഫെബ്രുവരി 25ന് ഉച്ചയ്ക്കുശേഷമുള്ള വന്ദേഭാരത് എക്സ്പ്രസിൽ കയറാനാണ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ണൂർറെയിൽവേ സ്റ്റേഷനിലെത്തിയത്. മന്ത്രിക്കെതിരെ ജില്ലയിൽ വ്യാപകമായി നടന്ന കരിങ്കൊടി പ്രതിഷേധം സ്റ്റേഷനിലും തുടർന്നു. ചികിത്സാ പിഴവ് ആരോപിച്ചായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. ഒരു ജനാധിപത്യ സമൂഹത്തിൽ അത്തരം പ്രതിഷേധങ്ങൾ അസാധാരണമല്ല. എന്നാൽ അന്ന് ഉയർന്ന പരാതി സാധാരണമായിരുന്നില്ല. ആയുധങ്ങളുമായി എത്തിയ കെ.എസ്.യു പ്രവർത്തകർ 'കൊല്ലെടാ' എന്ന് ആക്രോശിച്ച് ചാടിവീണ് മന്ത്രിയുടെ കഴുത്തിന് ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു കൊട്ടാരക്കര സ്വദേശിയായ ഗൺമാൻ എം.എസ്. അഭിലാഷിന്റെ പരാതി. ആ വാചകമാണ് എഫ്.ഐ.ആറിന്റെ കാതലായത്.മൂന്നാം പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴാണ് കഴുത്തിന് വേദനയുണ്ടെന്ന് മന്ത്രി അവിടെയുണ്ടായിരുന്ന അന്നത്തെ സ്പീക്കർ എ.എൻ. ഷംസീറിനോട് പറഞ്ഞത്. മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന് പുറംലോകത്തെ അറിയിച്ചതും മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ആ ഫോൺ വീണയ്ക്ക് കൈമാറിയതും ആശുപത്രിയിലേക്ക് മാറ്റാണ നിർദേശിച്ചതും ഷംസീറായിരുന്നു. വീണയുടെ കഴുത്തുവരെ എത്തിയ കരിങ്കൊടിയുടെ ദൃശ്യങ്ങൾ സി.പി.എം നേതാക്കൾ പുറത്തുവിട്ടു. കെ.എസ്.യു പ്രവർത്തകരാരും മന്ത്രിയെ തൊടുന്നില്ലെന്ന് ആ ദൃശ്യങ്ങളിൽത്തന്നെ വ്യക്തമാണ്.

മുൾമുനയിൽ നിന്ന ദിവസങ്ങൾ

മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതോടെ കണ്ണൂർ ഭയത്തിന്റെ നിഴലിലായി. നിരവധി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടു. പലയിടത്തും സംഘർഷമുണ്ടായി. തെരുവുകളിൽ കൊലവിളിയുയർന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സി.പി.എം സംഭവത്തെ വധശ്രമമായി ഉയർത്തിക്കാട്ടി. മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും അന്നത്തെ സ്പീക്കർ ഷംസീറും ആരോപണം ഏറ്റുപിടിച്ചു വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ, സി.എച്ച്. മുബാസ് എന്നിവരെ സ്ഥലത്തുനിന്ന് തന്നെ പൊലീസ് പിടികൂടി. കണ്ണൂർ സബ് ജയിലിൽ അവർ 16 ദിവസം റിമാൻഡിൽ കഴിഞ്ഞു. പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയ ചെറുപ്പക്കാർ ഒരു രാത്രി കൊണ്ട് കൊലപാതകശ്രമത്തിലെ പ്രതികളായി. ആയുധം ഉപയോഗിച്ചതിന് തെളിവില്ലാത്തതിനാൽ പിന്നീട് വധശ്രമവകുപ്പ് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കേണ്ടിവന്നു. എഫ്.ഐ.ആറിലെ ഏറ്റവും ഗുരുതര ആരോപണം കുറ്റപത്രത്തിലെത്തിയപ്പോൾ തന്നെ ഇല്ലാതായി.

പൊളിഞ്ഞുവീണ തിരക്കഥ

പിന്നീട് സംഭവിച്ചത് ഒരു ആരോപണത്തിന്റെ ഓരോ കണ്ണിയും അഴിഞ്ഞുവീഴുന്നതാണ്. ആക്രമണം നടന്നുവെന്ന് പറയുന്ന റെയിൽവേ സ്റ്റേഷനിലെ 55 സി.സി.ടി.വി ക്യാമറകളിൽ ഒന്നിലും അത്തരമൊരു ദൃശ്യം പതിഞ്ഞിട്ടില്ല. അറസ്റ്റ് ചെയ്ത പൊലീസിന് ഒരു ആയുധവും കണ്ടെടുക്കാനായില്ല. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ, കണ്ണൂർ ടൗൺ സ്റ്റേഷനിലെ ഒരു എസ്.ഐ ഉൾപ്പടെ, ആയുധാക്രമണം നടന്നതായി കണ്ടില്ലെന്ന് അന്വേഷണസംഘത്തിന് മൊഴി നൽകി. ചികിത്സയുടെ കാര്യത്തിലും ചിത്രം വ്യക്തമല്ല. കഴുത്തിലും വലതു കൈയിലും കടുത്ത വേദനയുണ്ടെന്ന് മന്ത്രി പരാതിപ്പെട്ടെങ്കിലും പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ പുറമേ കാണാവുന്ന പരുക്കുകളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. ആവശ്യപ്പെട്ടതനുസരിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കണ്ണൂർജില്ലാ ആശുപത്രിയിലും പരിയാരത്തും ചികിത്സ തേടിയ മന്ത്രി പിറ്റേന്ന് പുലർച്ചെ ആശുപത്രി വിട്ട് റോഡ് മാർഗം പത്തനംതിട്ടയിലേക്ക് പോയതും അന്ന് ചർച്ചയായിരുന്നു.ഭരണമാറ്റത്തിനുശേഷം കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനന്റെ പരാതിയെത്തുടർന്ന്, ഓഗസ്റ്റ് 31ന് കേസിൽ തുടരന്വേഷണത്തിനായി യു. പ്രേമന്റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിച്ചു. കേസിലെ ഗൂഢാലോചന നടന്നോ എന്നതടക്കം അന്വേഷിക്കുമെന്ന് അന്വേഷണസംഘം അന്ന് വ്യക്തമാക്കിയിരുന്നു. വീണാ ജോർജിന്റെയും ഗൺമാന്റെയും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി.


ഗൺമാന്റെ മൊഴിമാറ്റം


അന്ന് ഒരു പ്രതിഷേധത്തെ വധശ്രമക്കേസാക്കി മാറ്റിയ പരാതിക്കാരന്‍ തന്നെ മൊഴി മാറ്റി. ആയുധം ഉപയോഗിച്ച് മന്ത്രിയെ മർദിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും 'കൊല്ലെടാ' എന്ന ആക്രോശം കേട്ടിട്ടില്ലെന്നും ഗൺമാൻ
എസ്.ഐ.ടിക്ക് മൊഴി നൽകി. എന്നാൽ മന്ത്രിയുടെ മൊഴി മറിച്ചാണ്. പ്രതിഷേധക്കാർ അടുത്തേക്ക് വരുന്നത് താൻ കണ്ടില്ലെന്നും ഗൺമാനാണ് എല്ലാം കണ്ടതെന്നും അവർ പറഞ്ഞു. പരാതിക്കാരനും മന്ത്രിയും ഒരുപോലെ കൈയൊഴിഞ്ഞതോടെ ആക്രമണകഥയ്ക്ക് നാഥനില്ലാതായി.

റിപ്പോർട്ടിൽ പറയുന്നത്

എസ്.ഐ.ടി മേധാവി യു. പ്രേമൻ ഡി.ജി.പി രവാഡ എ. ചന്ദ്രശേഖറിന് സമർപ്പിച്ച വിശദമായ റിപ്പോർട്ട് പറയുന്നത് ഫെബ്രുവരി 25ന് റെയിൽവേ സ്റ്റേഷനിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നാണ്. കെ.എസ്.യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. നടന്നത് തള്ളലും തിക്കുംതിരക്കും മാത്രം. സംഭവം അന്നത്തെ മന്ത്രിയും ഗൺമാനും ചേർന്ന് പെരുപ്പിച്ചുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നാണ് ഇതിന്റെ സാരം. എസ്.ഐ.ടി റിപ്പോർട്ട് പുറത്തുവന്ന ശേഷവും വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന നിലപാടിൽ സി.പി.എം ഉറച്ചുനിൽക്കുകയാണ്. പൂച്ചെണ്ട് നൽകാനല്ലല്ലോ കെ.എസ്.യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തിയതെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ചോദിച്ചത്. പ്രതിപക്ഷത്തിന്റെ തെറ്റുകളെ ന്യായീകരിക്കാനാണ് എസ്.ഐ.ടി രൂപീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്.


ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

കേസിന്റെ ഗതി ഇതോടെ വ്യക്തമാണ്. പക്ഷേ ചോദ്യങ്ങൾ ബാക്കിയാണ്. തെളിവില്ലാത്ത ആക്രമണക്കഥയുടെ പേരിൽ കണ്ണൂരിൽ നടന്ന അക്രമങ്ങൾക്കും തകർക്കപ്പെട്ട ഓഫീസുകൾക്കും ആര് മറുപടി പറയും? 16 ദിവസം ജയിലിൽ കിടന്ന അഞ്ചു യുവാക്കളോട് ആർ ഉത്തരം പറയും? സി.സി.ടി.വിയിൽ ഇല്ലാത്ത, പൊലീസുകാർ കാണാത്ത, പരാതിക്കാരൻ തന്നെ നിഷേധിക്കുന്ന ഒരു ആക്രമണം എങ്ങനെ എഫ്.ഐ.ആറിലെത്തി? എന്തിനായിരുന്നു ആ തിരക്കഥ, ആരൊക്കെയാണ് പിന്നിൽ? അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION