
വിമാന സർവീസ് തടസം തിരിച്ചടി
കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷവും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിലെ തടസങ്ങളും കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് കനത്ത തിരിച്ചടിയായി. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി ഗൾഫിലേക്കുള്ള കയറ്റുമതി 18 ശതമാനം കുറഞ്ഞു. കണ്ണൂരിൽ 44.1 ശതമാനവും കോഴിക്കോട് 18.1 ശതമാനവും തിരുവനന്തപുരത്ത് 15 ശതമാനവുമാണ് ഇടിവ്. കൊച്ചി വിമാനത്താവളം വഴിയുള്ള കയറ്റുമതി 15,200 ടണ്ണിൽ നിന്ന് 18,376 ടണ്ണായി ഉയർന്നതു മാത്രമാണ് ആശ്വാസം.
ഗൾഫ് മേഖലയിലേക്ക് സംസ്ഥാനത്തുനിന്ന് ശരാശരി 500 ടൺ വരെ പഴം, പച്ചക്കറികൾ കയറ്റുമതി ചെയ്തിരുന്നതാണ് ഇപ്പോൾ 300–350 ടണ്ണായി കുറഞ്ഞത്. വിമാന സർവീസുകൾ റദ്ദാക്കിയതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിക്ക് തിരിച്ചടിയായി. ചരക്കുകൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
പഴം, പച്ചക്കറി കയറ്റുമതിയുടെ പ്രധാന കേന്ദ്രമായിരുന്ന കോഴിക്കോട് വിമാനത്താവളത്തിലും പ്രതിസന്ധി രൂക്ഷമാണ്. കോഴിക്കോട്ടുനിന്ന് കയറ്റുമതി ചെയ്യേണ്ട ചരക്കുകൾ കൊച്ചിയിലെത്തിച്ചാണ് ഇപ്പോൾ വിദേശത്തേക്ക് അയക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത വെല്ലുവിളി
കോഴിക്കോട് കാർഗോ സൂക്ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധി കൂട്ടി. പഴം, പച്ചക്കറി, നാളികേര ഉത്പ്പന്നങ്ങളാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. പെട്ടെന്ന് കേടാകുന്ന ഉത്പ്പന്നങ്ങളായതിനാൽ കയറ്റുമതി വൈകുന്നത് കർഷകർ, വ്യാപാരികൾ എന്നിവർക്കെല്ലാം വലിയ നഷ്ടമുണ്ടാകുന്നു. കൊച്ചിയിൽനിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുൾപ്പെടെ നേരിട്ട് കയറ്റുമതി ചെയ്യാനുള്ള സൗകര്യമുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും ഇതിനുള്ള അനുമതി അടുത്തിടെയാണ് ലഭിച്ചത്.
''കയറ്റുമതി സുഗമമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറായാൽ പ്രതിസന്ധി ഒരു പരിധി വരെ ഒഴിവാക്കാനാവും''-
മുൻഷിദ് അലി , സെക്രട്ടറി,
കേരള എക്സ്പോർട്ടേഴ്സ് ഫോറം
കയറ്റുമതിയിലെ ഇടിവ്
വിമാനത്താവളം : മുൻവർഷം: ഈ വർഷം: മാറ്റം
കണ്ണൂർ : 1,156 ടൺ: 646 ടൺ: -44.1%
കോഴിക്കോട് - 4,870 ടൺ: 3,990 ടൺ: -18.1%
തിരുവനന്തപുരം: 5,190 ടൺ: 4,412 ടൺ: -15%
കൊച്ചി: 15,200 ടൺ: 18,376 ടൺ: +20.9%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |