SignIn
Kerala Kaumudi Online
Friday, 06 November 2026 2.41 AM IST

പണ്ടേ കണക്കെ വരുവാൻ...

ss

'എന്തുകൊണ്ട് നിങ്ങൾ ഒരു ഹിന്ദു?' (Why are you a Hindu) എന്നത് ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ്, കുഷ്വന്ത്‌ സിംഗ് പത്രാധിപർ ആയിരിക്കേ 'മുംബയിൽ നിന്നുള്ള 'ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ്‌ ഇന്ത്യ'യുടെ, ഏറെ വായിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ 'കവർ സ്റ്റോറി' ആയിരുന്നു. ആ ചോദ്യം അടിസ്ഥാനമാക്കി പ്രമുഖരായ പല ഭാരതീയരുമായുള്ള അഭിമുഖം കോർത്തിണക്കിക്കൊണ്ടായിരുന്നു ആ മുഖ ലേഖനം. താൻ ഒരു ഹിന്ദുവേ അല്ല എന്നാണ് അവരിൽ ചിലർ പ്രതികരിച്ചത്. 'ആരു പറഞ്ഞു ഞാൻ ഹിന്ദു ആണെന്ന്' എന്നായിരുന്നു കേരള മുഖ്യമന്ത്രിയായിരുന്ന സി.അച്യുത മേനോന്റെ മറുചോദ്യം. വാരികയുടെ ആ ലക്കം വായിച്ചവരിൽ ജീവിച്ചിരിക്കുന്നവർ ഇന്ന് ചുരുക്കം. അതിലേറെ ചുരുക്കം അത് ഓർക്കുന്നവർ.

പ്രചുര പ്രചാരം ഉണ്ടായിരുന്ന ആ വാരിക അടച്ചുപൂട്ടിയിട്ട് പതിറ്റാണ്ടുകളായി. പക്ഷേ,​ അന്ന് ഉന്നയിച്ച ആ ചോദ്യം അന്നത്തെപോലെ ഇന്നും പ്രസക്തം. ഓരോ ഹിന്ദുവും അഥവാ ഹിന്ദു നാമധാരിയും സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ട ചോദ്യം. പ്രത്യേകിച്ച് ഹിന്ദുത്വം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഇന്നത്തെ ഇന്ത്യയിൽ.

അടുത്തിടെ ഇറങ്ങിയ ശശി തരൂരിന്റെ 'എന്തുകൊണ്ട് ഞാൻ ഒരു ഹിന്ദു?' (Why I am a Hindu) എന്ന പുസ്തകം പ്രസിദ്ധമാണ്. താൻ ഹിന്ദു ആണ് എന്നതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. ആരാധന സമ്പ്രദായവും അനുഷ്ഠാനങ്ങളും ഹിന്ദു മതാനുയായികളിൽ നിന്നും വ്യത്യസ്തമെങ്കിൽ പോലും ഹിന്ദു ആണെന്ന് അഭിമാനിക്കുന്ന ഹിന്ദു നാമധാരികൾ അല്ലാത്തവർ തന്നെ ഏറെയുണ്ട്. മതാധിഷ്ഠിതം അല്ല ഹിന്ദുത്വം എന്നതിനാലാണത്.

ഹിന്ദുത്വത്തെ നിർവചിച്ച് ആദ്യമായി ഗ്രന്ഥമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത വി.ഡി.സവർക്കർ തന്നെ അവിശ്വാസിയും അനുഷ്ഠാനങ്ങൾ ആചരിക്കാത്തയാളും ആയിരുന്നല്ലോ. ജന്മം കൊണ്ടും കർമ്മം കൊണ്ടും വിശ്വാസം കൊണ്ടും ഈയുള്ളവൻ ഹിന്ദു ആണ്. ഹിന്ദു എന്നതിൽ അങ്ങേയറ്റം അഭിമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ, ഹിന്ദു സമൂഹത്തിന് ഏൽക്കുന്ന നേരിയ പോറൽ പോലും അത്യന്തം വേദനിപ്പിക്കുന്നു. ഒരു ഹിന്ദു എന്നതിനാൽ ഇപ്പോൾ അനുഭവിക്കുന്ന വേദനയെ കുറിച്ച്, അതുയർത്തുന്ന ആശങ്കകളെ കുറിച്ച് ഇവിടെ എഴുതാതെ വയ്യ.നിസാരനെങ്കിലും, ഒട്ടും നിസാരമായി തോന്നുന്നില്ല ആ വേദനയും ആശങ്കയും. അത് ഒരുപക്ഷെ ഒരു സമൂഹത്തിന്റെയാകെ വേദനയാവാം.

ഹിന്ദുവിനു നേർക്ക് എതിർപ്പും വെല്ലുവിളിയും ഉയർത്തുന്നത് ഹിന്ദു തന്നെ എന്ന് പൊതുവേ പറയാറുണ്ട്. ചരിത്രത്തിൽ ഈ വിരോധാഭാസത്തിന് ഉദാഹരണങ്ങൾ നിരവധിയാണ്. ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കും, ആദ്യം പ്രഹസനമായും, പിന്നെ ദുരന്തമായും

എന്നാണല്ലോ. കേരളത്തിൽ ഹിന്ദുവിന്റെ ഈ ചരിത്രം ആവർത്തിക്കുന്നോ എന്നതാണ് ഇപ്പോൾ ഉയരുന്ന ആശങ്ക. വരുന്ന ജനുവരിയിൽ നിളാ തീരത്ത് സംഘടിപ്പിക്കുന്ന മാഘ മഹോത്സവത്തിന്റെ നടത്തിപ്പിനെ ചൊല്ലി നടന്നുവരുന്ന വാഗ്വാദങ്ങളും, സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചേരിതിരിഞ്ഞുള്ള ഗ്വാ ഗ്വാ വിളികളും അന്തരീഷം കലുഷിതമാക്കിയിട്ടുണ്ട്.

ഏത് പക്ഷമാണ് ശരി എന്നതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. സമവായത്തിന് അത് സഹായകമാവില്ല എന്നതുതന്നെ കാരണം. ശരിയും തെറ്റും പകൽ പോലെ വ്യക്തമാണ് എങ്കിലും. ഇരുപക്ഷത്തെയും നയിക്കുന്നത് മഹാ സന്യാസിവര്യന്മാർ ആണെന്നതാണ് ശരാശരി ഹിന്ദുക്കളെ ഏറ്റവും ദു:ഖിപ്പിക്കുന്നതും ആശങ്കയുയർത്തുന്നതും. അവരുടെ വക്താക്കൾ എന്ന് അവകാശപ്പെടുന്നവർ സമൂഹ മാദ്ധ്യമങ്ങളിൽ പരസ്പരം ചെളിവാരി എറിയുന്നു. സാമ്പത്തികവും ലൈംഗികവുമായ ആരോപണങ്ങൾ വരെ ഉന്നയിച്ച് ആചാര്യന്മാരുടെ സ്വഭാവഹത്യയ്ക്ക് ശ്രമിക്കാൻ പോലും മടി കാണിക്കുന്നില്ല.

ഇതൊക്കെ സംസ്കാരത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരിൽ ആണെന്നതാണ് അപഹാസ്യം. പരസ്പരം കുറ്റപ്പെടുത്താനും വിമർശിക്കാനും മുഖ്യധാരാ മാദ്ധ്യമങ്ങളെയും ആശ്രയിക്കുന്നുണ്ട്. അതിനായി വാർത്താ സമ്മേളങ്ങൾ വിളിച്ചു കൂട്ടുന്നു. മാമാങ്ക ചരിത്രം അതേപടി ആവർത്തിച്ച് ചാവേറുകളായി മാറാനാണോ ഇരുകൂട്ടരുടെയും പുറപ്പാട് എന്നുപോലും ഭയന്നു പോകും ഇവരുടെ വായ്ത്താരി കേട്ടാൽ. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, 'ഈശ്വരൻ മഹാത്മാക്കളെ സൃഷ്ടിച്ചശേഷം അവരെ എങ്ങനെ ശിക്ഷിക്കണമെന്ന ചിന്ത വന്നപ്പോൾ അനുയായികളെ നൽകി ശിക്ഷിച്ചു' എന്ന പഴയ ഒരു മഹദ് വചനം ഓർത്തു പോവുന്നു.

ഇന്ത്യയുടെ 'രാഷ്ട്രീയ പരീക്ഷണച്ചെപ്പ്' എന്ന് പണ്ട് വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളത്തിൽ നടക്കാൻ പോകുന്നൊരു ആദ്ധ്യാത്മിക പരീക്ഷണമായിരിക്കും നിളാ നദിക്കരയിൽ കുംഭമേള സംഘടിപ്പിക്കാനുള്ള ശ്രമം എന്ന് ഒരു വർഷം മുമ്പ് ഇതേ പംക്തിയിൽ എഴുതിയിരുന്നു. അന്ന് ആരും പ്രതീക്ഷിച്ചില്ല, കേരളത്തിൽ കുംഭമേള എന്ന പേരിലുള്ള മാഘമേള വിജയിക്കുമെന്ന്. കേരളത്തിന് അന്ന് അപരിചിതനായിരുന്ന മഹാമണ്ഡലേശ്വർ ആനന്ദവനം സ്വാമികളുടെ വെറുമൊരു സാഹസം എന്നു മാത്രമേ കരുതിയുള്ളൂ. എന്നാൽ 'മഹാ മണ്ഡലേശ്വറരുടെ മഹാ മണ്ടത്തരം' എന്നുവരെ പരിഹസിച്ചവരുണ്ട്.

എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു മഹാസംഭവമായി അതു മാറി. ഹിന്ദു സമൂഹം അത് നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ജനലക്ഷങ്ങൾ അവിടേക്ക് ഒഴുകിയെത്തി. ഇന്ത്യ ഒട്ടാകെ ശ്രദ്ധിച്ചു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് അത് അഭിമാനമായി. പക്ഷേ, ഇനി നടക്കാൻ പോകുന്നത്, വിഘടിച്ച് വേവ്വേറെയായി രണ്ടിടങ്ങളിൽ രണ്ടു കൂട്ടരുടെ സംഘാടനത്തിൽ. ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാൻ. 'പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലികൾ ഉണ്ടായി വരേണമേ' എന്ന് പ്രാർത്ഥിക്കയല്ലാതെ, അതിനുവേണ്ടി പരിശ്രമിക്കയല്ലാതെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION