
പകലായാലും രാത്രി ആയാലും തെരുവു നായയുടെ കടിയേൽക്കാതെ വീട്ടിൽ ചെന്നുകയറിയാൽ ഭാഗ്യം എന്ന സാഹചര്യമാണ് തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്. തലസ്ഥാന നഗരത്തേക്കാൾ വളരെയൊന്നും ഭിന്നമല്ല സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളുടെയും കാര്യങ്ങൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം നഗരത്തിൽ കുറഞ്ഞത് നൂറോളം പേർക്കെങ്കിലും തെരുവുനായ്‌ക്കളുടെയും വളർത്തുനായ്ക്കളുടെയും ആക്രമണം നേരിടേണ്ടി വന്നിരിക്കുകയാണ്. പൂന്തുറയിൽ വളർത്തുനായയുടെ ആക്രമണത്തിൽ 18 പേർക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാത്രി വിട്ടിൽ നിന്ന് തുടല് പൊട്ടിച്ച് റോഡിലേക്കോടിയ നായ കണ്ണിൽ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളെയും പ്രായമായ സ്ത്രീകളെയുമാണ് നായ കൂടുതലും ആക്രമിച്ചത്. കുട്ടികൾക്കും കടിയേറ്റു. മൂന്നുപേർക്ക് ഗുരുതരമായ നിലയിൽ കടിയേറ്റിട്ടുണ്ട്.
ഈ നായയെ പേവിഷബാധ പരിശോധനയ്ക്ക് വിധേയമാക്കും. വീട്ടിൽ വളർത്തുന്ന നായ്‌ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പുകൾ അതാത് സമയത്ത് നടത്തണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പലരും അതൊന്നും പാലിക്കാറില്ല. വളർത്തുനായ്ക്കളുടെ ശല്യത്തിനൊപ്പം നഗരത്തിൽ തെരുവുനായ്‌ക്കളുടെ ആക്രമണവും വളരെ കൂടിയിരിക്കുകയാണ്. കഴക്കൂട്ടം മേഖലയിൽ കാട്ടായിക്കോണം നരിക്കലിൽ മൂന്ന് മണിക്കൂറിനിടെ വയോധികയും അന്യസംസ്ഥാന തൊഴിലാളിയും ഉൾപ്പെടെ പത്തുപേർക്കും നെയ്യാറ്റിൻകരയിൽ മൂന്നുപേർക്കും കടിയേറ്റു. നരിക്കലിൽ രാവിലെ 7 മുതൽ 10 മണി വരെയായിരുന്നു ആക്രമണം. സെന്റ് തോമസ് സ്‌കൂളിന് സമീപത്തെ ഇടറോഡിൽ നിന്ന് ഒരു കിലോമീറ്ററോളം ചുറ്റളവിൽ ഓടി നടന്നാണ് നായ്ക്കൾ ആളുകളെ ആക്രമിച്ചത്. നാട്ടിലെ വളർത്തുമൃഗങ്ങളായ പശുക്കളെയും പോത്തിനെയും മറ്റും നായ്‌ക്കൾ ആക്രമിച്ചിട്ടുണ്ട്. നായ്‌ക്കളുടെ ആക്രമണം സംബന്ധിച്ച് നഗരസഭയെ അറിയിച്ചിട്ടും ഉച്ചവരെ ആരും എത്തിയില്ലെന്നും നാട്ടുകാർ പറയുന്നു. കടുത്ത ആക്രമണം നടത്തിയ രണ്ട് നായ്‌ക്കളെ നാട്ടുകാർ അടിച്ചുകൊല്ലുകയും ചെയ്തു.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളം തീരത്തും തെരുവു നായ്ക്കൾ വിഹരിക്കുകയാണ്. ഇവിടെ വിനോദസഞ്ചാരികൾക്കും ലൈഫ് ഗാർഡുമാർക്കും കടിയേറ്റിട്ടുണ്ട്. വന്ധ്യംകരണത്തിന് ശേഷം അതാത് സ്ഥലങ്ങളിൽ തുറന്നുവിടുകയോ ഷെൽട്ടറിൽ പാർപ്പിക്കുകയോ ചെയ്യേണ്ടുന്നതിന് പകരം നായ്‌ക്കളെ കോവളം തീരത്ത് കൊണ്ടുവിടുന്നതായും പരാതിയുയർന്നിട്ടുണ്ട്. തെരുവു നായ ആക്രമിച്ച് വലതു കൈയിലെ മോതിര വിരൽ കടിച്ചെടുത്ത കിളിമാനൂർ സ്വദേശിയും ആറാം ക്ളാസുകാരനുമായ ആർ.എ. ശരണിനെ എസ്.എ.ടി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അറ്റുപോയ വിരൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരുവുനായ്‌ക്കളെ വന്ധ്യംകരിച്ച് ഘട്ടം ഘട്ടമായി ഷെൽട്ടർ ഹൗസിലേക്ക് മാറ്റുന്ന നടപടി മന്ദീഭവിച്ചതാണ് നഗരത്തിൽ ഇത്രയധികം തെരുവുനായ്ക്കളുടെ ശല്യം കൂടാൻ ഇടയാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിരത്തിലൂടെ പേടികൂടാതെ നടക്കാനാവാത്ത അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതുകൊണ്ട് മാത്രം പരിഹരിക്കാനാവുന്നതല്ലിത്. ശല്യക്കാരായ നായ്ക്കളെ പിടികൂടി കൊല്ലാൻ ഇപ്പോൾ നിയമം അനുവദിച്ചിട്ടുണ്ട്. ഇത് കാര്യക്ഷമമായി നടപ്പാക്കാൻ നഗരസഭയും സർക്കാരും തയ്യാറാകണം. മാംസം അടക്കമുള്ള ഭക്ഷണ മാലിന്യങ്ങൾ വഴിയിൽ തള്ളുന്നതാണ് സമീപകാലത്ത് തെരുവു നായ്‌ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണം. മാലിന്യപ്രശ്നം പരിഹരിച്ചാൽ തന്നെ നായ്ക്കളുടെ പ്രശ്നത്തിന്റെ രൂക്ഷത ഏറെക്കുറെ ഇല്ലാതാകും. പൊതുസ്ഥലത്ത് ജനങ്ങൾക്ക് കടിയേറ്റാൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് അടുത്തിടെ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. കടുത്ത സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന നായ് ശല്യം അമർച്ച ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |