SignIn
Kerala Kaumudi Online
Thursday, 24 September 2026 2.56 AM IST

അവർക്കും ഇനി വിശ്രമിക്കാം

READ ENGLISH VERSION
ss

കാലം മാറുമ്പോൾ തൊഴിൽ സമൂഹങ്ങൾക്കും മാറ്റം വരും. ഫ്രീലാൻസ് ജോലി ചെയ്യുന്ന സമൂഹം പഴയ കാലത്ത് വളരെ ഒറ്റപ്പെട്ടതായിരുന്നു. ഇന്നാകട്ടെ അതൊരു ഗണ്യമായ ശക്തിയായി മാറിയിരിക്കുന്നു. നീതി ആയോഗിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 77 ലക്ഷത്തിലധികം ഗിഗ് തൊഴിലാളികളുണ്ട്. വരും വർഷങ്ങളിൽ ഇത് ഇരട്ടിയായി വർദ്ധിച്ചാലും അതിശയിക്കേണ്ടതില്ല. കേരളത്തിൽ ഏകദേശം അഞ്ച് ലക്ഷത്തോളം ഗിഗ് തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭക്ഷണ വിതരണം, ഓൺലൈൻ ടാക്സികൾ, കുറിയർ സർവീസുകൾ തുടങ്ങിയ ജോലികളാണ് ഇവർ പ്രധാനമായും ചെയ്യുന്നത്. വിദ്യാർത്ഥികൾ മുതൽ റിട്ടയർ ചെയ്തവർവരെ ഗിഗ് തൊഴിലാളികളായി രംഗത്തുണ്ട്. പൊതുവേ അസംഘടിത വിഭാഗമായ ഇവർ പല വെല്ലുവിളികളും നേരിടുന്നു. കൊടുംവേനൽ സഹിച്ചുകൊണ്ടുള്ള ജോലി, കൃത്യമായ പ്രതിഫലമില്ലായ്മ, സുരക്ഷാക്കുറവ്, വിശ്രമമില്ലായ്മ, സുരക്ഷാ പദ്ധതികളുടെ അഭാവം തുടങ്ങി നിരവധി വെല്ലുവിളികളാണ് ഇവർ നേരിടുന്നത്.

പ്രത്യേക നിയമ നിർമ്മാണം നടത്തി ഇവരുടെ ക്ഷേമത്തിനായി പല പദ്ധതികളും ഭാവിയിൽ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയിൽ തിരുവനന്തപുരത്ത് 'ഗിഗോൺ' എന്ന പേരിലുള്ള വിശ്രമകേന്ദ്രം തൊഴിൽ മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. തലസ്ഥാന നഗരത്തിൽ പ്രസ് ക്ളബിന് സമീപം ഉൗറ്റുകുഴി റോഡിലാണ് ആദ്യ വിശ്രമകേന്ദ്രം തുറന്നിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തിന് പുറമേ എറണാകുളത്തും കോഴിക്കോട്ടും വിശ്രമകേന്ദ്രങ്ങൾ ആരംഭിച്ചു. പദ്ധതിക്കായി ഒരുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് യു.ഡി.എഫ് സർക്കാരിന്റെ ബഡ്‌ജറ്റിലും പറഞ്ഞിരുന്നു.

വിശ്രമകേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം രാത്രിയും പകലുമെന്നില്ലാതെ ജോലിചെയ്യുന്ന ഗിഗ് തൊഴിലാളികൾക്ക് സുരക്ഷിതമായി വിശ്രമിക്കാൻ സൗജന്യമായ ഇടമൊരുക്കുക എന്നതാണ്.

കുടിവെള്ളം, ബാത്ത് റൂം, മൊബൈൽ ചാർജിംഗിനുള്ള സൗകര്യം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം എന്നിവ ഒരുക്കിയിട്ടുള്ള വിശ്രമകേന്ദ്രം ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. നഗരസഭകളുമായി പ്രവർത്തിച്ചാവും വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുക. രണ്ട് ഷിഫ്ടുകളിലായി പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രങ്ങളുടെ നടത്തിപ്പിന് തൊഴിൽവകുപ്പ് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. നഗരങ്ങളിൽ ഒരുക്കിയ കേന്ദ്രങ്ങളുടെ പ്രവർത്തനാനുഭവം വിലയിരുത്തിയശേഷം പദ്ധതി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തൊഴിൽ വകുപ്പും തദ്ദേശവകുപ്പും കൂടി സഹകരിച്ച് മറ്റ് സ്ഥലങ്ങളിലും എത്രയും വേഗം പദ്ധതി തുടങ്ങാൻ വൈകരുത്. കേരളത്തിൽ ഇപ്പോൾ ഗിഗ് തൊഴിലാളികളെ കാണാൻ കഴിയാത്ത ഒരു സ്ഥലവുമില്ല. പലപ്പോഴും ഈ രംഗത്തുള്ളവർ വഴിയരികിലും മറ്റും ഇരുന്ന് ആഹാരം കഴിക്കുന്നത് നഗരക്കാഴ്ചകളിൽ ഒന്നാണ്.

വിശ്രമകേന്ദ്രം വരുന്നതോടെ അവർക്ക് അവരുടേതായ ഒരു ഇടം ഇതിനൊക്കെ ലഭിക്കുമെന്നത് വളരെ നല്ല കാര്യമാണ്. ഇവർക്കായി പ്രത്യേക രജിസ്ട്രേഷനും ക്ഷേമ പദ്ധതികളുമൊക്കെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ നടപടികളൊന്നും ഇനിയും വേണ്ടവിധം മുന്നോട്ട് പോയിട്ടില്ല. ഉപഭോക്താക്കളിൽ നിന്ന് അപൂർവമായിട്ടാണെങ്കിലും മോശം പെരുമാറ്റവും ഇവർ നേരിടേണ്ടിവരുന്നുണ്ട്. ഇതുപോലുള്ള കാര്യങ്ങളിൽ അവർക്ക് പരാതിപ്പെടാൻ പൊലീസ് സേനയും പ്രത്യേക സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടതാണ്. അതുപോലെ തന്നെ ക്രിമിനൽ സ്വഭാവമുളളവർ ഗിഗ് തൊഴിലിന്റെ ഭാഗമാകാതിരിക്കാൻ കമ്പനികളുമായി ചേർന്ന് പൊലീസ് പ്രത്യേക മുൻകരുതലുകൾ ഒരുക്കേണ്ടതും ആവശ്യമാണ്. വെയിലെന്നും മഴയെന്നുമില്ലാതെ നഗരത്തിൽ തലങ്ങും വിലങ്ങും പായുന്ന അവർക്ക് വിശ്രമിക്കാൻ ഒരിടമൊരുക്കിയത് അഭിനന്ദനീയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY