
പദ്ധതി പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമൊക്കെ മുറപോലെ നടക്കും. പ്രഖ്യാപിച്ച പദ്ധതികൾ ഏതുവരെയായി, എന്തൊക്കെ നടന്നു എന്നൊന്നും വികസന നേട്ടങ്ങൾ എണ്ണിപ്പറയുന്നവർ ചിന്തിക്കാറില്ല. പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും വോട്ട് ബാങ്കിൽ നിക്ഷേപമെത്തിക്കുക എന്നതിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് സത്യം. ഡിസൈനോ ഡ്രോയിംഗോ ഇല്ലാതെ തിരുവനന്തപുരം ശ്രീകാര്യം ഫ്ളൈഓവറിന്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു നടക്കുകയുണ്ടായി. ഇതു കുറ്റകരമായ അനാസ്ഥയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറയുകയുണ്ടായി. 2025ൽ അന്നത്തെ മുഖ്യമന്ത്രിയാണ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. പ്ളാനും ഡിസൈനും നൽകാൻ ചുമതലപ്പെടുത്തിയ ഏജൻസി മൂന്നു വർഷമായിട്ടും അവ നൽകിയിട്ടില്ല. പുതിയ ഏജൻസിക്കായി ഉടൻ ടെൻഡർ വിളിക്കുമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. സൈറ്റ് കരാറുകാരന് ലഭ്യമാക്കാത്തതിനാൽ കോടികളുടെ അധിക ചെലവുണ്ടാകും.
ശ്രീകാര്യത്തെ നിലവിലെ ജല അതോറിട്ടി പൈപ്പ് ലൈനുകൾ പുതിയവയുമായി ബന്ധിപ്പിക്കാനും 700 എം.എം പൈപ്പിൽ പ്രഷർ ടെസ്റ്റ് നടത്താനുള്ള നടപടിയും ഉടനുണ്ടാകും. ഗുരുമന്ദിരവും അയ്യങ്കാളി പ്രതിമയും മാറ്റി സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും വി. മുരളീധരന്റെ സബ്‌മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്തേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള വാഹനങ്ങളടക്കം വരുന്നതിനാൽ ശ്രീകാര്യത്ത് സദാ സമയവും ഗതാഗതക്കുരുക്കാണ്. ട്രിവാൻഡ്രം മെട്രോയുടെ ഭാഗമായി ശ്രീകാര്യം മേല്പാലത്തിന് 98 കോടിക്ക് ഭൂമിയേറ്റെടുത്തിട്ടും ഡ്രോയിംഗോ ഡിസൈനോ ഇല്ല. തലസ്ഥാന ജില്ലയെ ബാധിക്കുന്ന ഈ പ്രശ്നങ്ങൾ സബ്മിഷനിലൂടെയാണ് വി. മുരളീധരൻ അവതരിപ്പിച്ചത്. ഡിസൈനില്ലാതെ നിർമ്മാണ ഉദ്ഘാടനം നടത്തിയത് വലിയ അനാസ്ഥയാണ്. കൊച്ചി മെട്രോയ്ക്കും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തലസ്ഥാന നഗരിയുടെ മുഖച്ഛായ തന്നെ മാറ്റാൻ സഹായകമാണ് ശ്രീകാര്യത്തെ ഫ്ളൈഓവർ നിർമ്മാണം. ശ്രീകാര്യത്തെ അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് പരിഹരിച്ച് സമഗ്ര വികസനത്തോടൊപ്പം നിർദ്ദിഷ്ട മെട്രോയ്ക്കു വഴിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടിയുണ്ടിതിന്. 2024 നവംബർ 5ന് ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി പദ്ധതിക്കുള്ള കരാർ ഏറ്റെടുത്തു. ഒരു വശത്തെ ഓടയുടെയും സർവീസ് റോഡിന്റെയും പണികൾ ഭാഗികമായി പൂർത്തിയായെങ്കിലും മുഖ്യപണിയായ ഫ്ളൈഓവറിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടില്ല. പാലത്തിന്റെ ഡിസൈൻ കൊച്ചി മെട്രോ അധികൃതർ കരാർ കമ്പനിക്ക് കൈമാറിയിട്ടില്ല. കൺസൾട്ടൻസി കരാർ കൈകാര്യം ചെയ്തതിലെ പിഴവാണ് പദ്ധതി ഇങ്ങനെ ഇഴഞ്ഞു നീങ്ങാൻ കാരണം.
ഡിസൈൻ വർക്കിനായി പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഡ്രോയിംഗുകൾ ലഭിക്കാൻ കുറഞ്ഞത് ആറു മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിന്റെയെല്ലാം ദുരിതമനുഭവിക്കുന്നത് ജനങ്ങളാണ്. ഫ്ളൈഓവർ നിർമ്മാണ പദ്ധതി മുമ്പ് കൈകാര്യം ചെയ്തിരുന്ന കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് തങ്ങൾക്ക് കുടിശിക പണം ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സോവിൽ കമ്പനി കരാർ ഏറ്റെടുത്ത ചെറിയാൻ വർക്കി കമ്പനിക്ക് വിശദമായ ഡ്രോയിംഗുകൾ നൽകാൻ വിസമ്മതിക്കുകയായിരുന്നു. തിരുവനന്തപുരത്തിന്റെ ഒരു ജനകീയ പ്രശ്നം സർക്കാരിന്റെ സത്വര ശ്രദ്ധയ്ക്കായി വി. മുരളീധരൻ അവതരിപ്പിച്ചത് അതേ വികാരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾക്കൊണ്ടു. ഫ്ളൈഓവർ നിർമ്മാണത്തിലെ അനാസ്ഥയും ശനിദശയും ഇതോടെ മാറിക്കിട്ടുമെന്ന് പ്രത്യാശിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |